jio 800x100
jio 800x100
728-pixel-x-90
<< >>

ഫെയ്സ്ബുക്കിനോടാ കളി….

[സൈബര്‍ വാരഫലം]
ഈ  ഭരണത്തില്‍ നായന്മാര്‍ക്ക് രക്ഷയില്ലെന്ന് അങ്ങ് പെരുന്നയില്‍ ഇരുന്ന് സുകുമാരന്‍ നായര്‍ പറഞ്ഞത് വെറുതെയല്ല. കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലെ ശക്തവും വ്യക്തവുമാണ്. ആദ്യം സരിതാ നായര്‍, ഒപ്പം ബിജു നായര്‍, പിന്നെ കവിതാ പിള്ള, ഒടുവിലിതാ കോഴിക്കോട്ടുനിന്നുള്ള ഒന്നാന്തരം മേനോന്‍കുട്ടി ശ്വേതക്കുട്ടിയും. ഒപ്പം കൊല്ലംകാരന്‍ രണ്ടാന്തരം പടക്കുറുപ്പ് പീതാംബരക്കുറുപ്പും.
പറന്നഭിനയിക്കുംനടികര്‍തിലകമാണ്ശ്വേത. അത് പലവട്ടം തെളിയിച്ചതുമാണ്.ആ പാവം വേറൊരു പാവം ശ്രീ ചേര്‍ത്ത വത്സനെ വേള്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ ചൊറിയണം വിതറിയ അവസ്ഥയായിരുന്നു ഫെയ്സ്ബുക്കില്‍. ശ്രീ ശ്രീ രവിശങ്കര്‍ എന്നൊക്കെ പറയുമ്പോലെ ഇമ്പമുള്ള പേരുണ്ടായിട്ടും തെക്കന്‍ തിരുവിതാംകൂറിലെ ചായക്കടയില്‍ കിട്ടുന്ന പലഹാരമായിട്ടാണ് പലരും ടിയാനെ അവതരിപ്പിച്ചത്. പണ്ടൊരു മഹര്‍ഷി എഴുതിയ പുണ്യപുരാണ ഗ്രന്ഥത്തില്‍ ഈ പലഹാരത്തെക്കുറിച്ചു പറയുന്നുണ്ടെന്നും മീശപോലും മുളയ്ക്കാത്ത ചില കുരുത്തംകെട്ടവന്മാര്‍ കമന്റടിച്ചു.
പണ്ടൊരു നടി സദ്ദാമിന്‍റെ ശല്യമില്ലാത്ത കുവൈറ്റിലേക്ക് കെട്ടിപ്പോയപ്പോള്‍ എന്തൊക്കെ ആയിരുന്നു ഫെയ്സ്ബുക്ക് വിശേഷണങ്ങള്‍. ഒരു പൊതുമേഖലാസ്ഥാപനം സ്വകാര്യവല്‍ക്കരിച്ചു എന്നായിരുന്നു ചില തലതെറിച്ചവന്മാരുറെ കണ്ടുപിടിത്തം. എന്തായാലും സ്വകാര്യമേഖലയെ തള്ളിപ്പറഞ്ഞ്‌ നടി തിരിച്ചുവന്നതോടെയാണ് ലവന്മാര്‍ക്കു ആശ്വാസമായത്.
അയ്യോ, നമ്മുടെ ശ്വേതയും വല്‍സനും അതെ പൊസിഷനില്‍ നില്‍ക്കുകയാണ്. ഇനി കുവൈറ്റ് കാവ്യം വിട്ട് മേനോന്‍കുട്ടിയെ പിടിക്കാം. കല്യാണം കഴിഞ്ഞാല്‍ പെണ്ണുങ്ങള്‍ പേറും. നടികളായാലും അങ്ങനെതന്നെ. ശ്വേതയ്ക്കും വയറ്റിലുണ്ടായി. അഭിനയമല്ല, ശരിക്കും ഒറിജിനല്‍. ആര്‍ക്കു വയറ്റിലുണ്ടായാലും ഫെയ്സ്ബുക്കിനു കിടക്കപ്പൊറുതിയില്ല എന്ന മട്ടില്‍ ഫെയ്സ്ബുക്ക് കുട്ടന്മാര്‍ സജീവമായി.പെട്ടുനോവും പെറലും നാട്ടുകാരെ കാണിച്ചു ബോധ്യപ്പെടുത്താന്‍ നടി തീരുമാനിച്ചതായിരുന്നു വിഷയം.
നമ്മുടെ നാട്ടില്‍ മാത്രമാണല്ലോ പ്രസവം ഒളിസേവപോലെ രഹസ്യമായ ചടങ്ങ്. അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഇതിന് കാരണക്കാരനായ ദുഷ്ടനെ സാക്ഷിയാക്കിയാണ് ഈ വിശുദ്ധകര്‍മം അരങ്ങേറുക.ഇവിടെയോ അന്നമ്മ നഴ്സും ഭാഗ്യമുണ്ടെങ്കില്‍ ഒരു ഡോക്ടറും.വേദനകൊണ്ട് കരയുമ്പോള്‍ അന്നമ്മചേടത്തി ചെവിയില്‍ പൂരപ്പാട്ട് പാടിയത് പെണ്ണുങ്ങള്‍ മറക്കുകയുമില്ല. ‘കിടന്നു സുഖിച്ചപ്പോള്‍ ഓര്‍ക്കണമായിരുന്നെടീ’.
ശ്വേത പരസ്യമായി പേറാന്‍ തീരുമാനിച്ചപ്പോള്‍ പോസ്റ്റുകള്‍ അടിച്ചുമാറ്റിയതും ഒറിജിനലുമായി മലവെള്ളംപോലെ ഒഴുകി. ഈ പ്രസവത്തില്‍ കേശാലങ്കാരക്കാരന് എന്ത് റോള്‍ എന്നായിരുന്നു ഒരുത്തന്‍റെ സംശയം.തുണിയഴിക്കലാണ് വസ്ത്രാലങ്കാരക്കാരന്റെ റോള്‍ എന്ന് മറ്റൊരുത്തന്‍. സംവിധായകന്‍ ഇടയ്ക്ക് കട്ട് പറഞ്ഞാല്‍ പ്രസവം വീണ്ടും ആദ്യം മുതല്‍ തുടങ്ങുമോ എന്ന് നിര്‍ദോഷമായ സംശയം.
അങ്ങനെ ഫെയ്സ്ബുക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ പ്രസവം നടന്നു. അമ്മയും കുഞ്ഞും സുഖം. അടുക്കളക്കാരി പെണ്ണുങ്ങളെപ്പോലെ ആലസ്യം പറഞ്ഞ് ഇരിക്കനാകില്ലല്ലോ. അതുകൊണ്ട് കൊച്ചിനെ അപ്പന്‍റെ കയ്യില്‍ കൊടുത്തു കൊല്ലത്ത് വള്ളംകളിക്ക് പോയി. അവിടെ നമ്മുടെ കുറുപ്പമ്മാവന്‍ ഗംഭീര സ്വീകരണവും നല്‍കി. തൊടല്‍, തലോടല്‍, തപ്പുതൊടി, ഞെക്കല്‍,പിഴിയല്‍ തുടങ്ങിയ പ്രസവ ശുശ്രൂഷകള്‍ നടന്നു. സംഭവം വെള്ളിത്തിരയില്‍ അല്ലാത്തതിനാല്‍ ശ്വേതക്കുട്ടി പൊട്ടിത്തെറിച്ചു.
പീഡിപ്പിക്കപ്പെട്ടാല്‍ ശ്വേതയാണെങ്കിലും ഫെയ്സ്ബുക്കിന് അടങ്ങിയിരിക്കാന്‍ കഴിയില്ല. വീണ്ടും ശ്വേത സൈബര്‍ താരമായി. ഇന്ക്വിലാബായി, സിന്ദാബാദായി. രംഗം കൊഴുത്തു. ശ്വേത സതീരത്നമായി, ഭാരതസ്ത്രീകള്‍ താന്‍ ഭാവശുദ്ധിയായി, കണ്ണകിയായി, കന്യാമറിയമായി….രതിച്ചേചിക്കു പിന്നില്‍ ആറും അറുപതും വ്യത്യാസമില്ലാതെ ജനലക്ഷങ്ങള്‍ അണിനിരന്നു. ഫെയ്സ്ബുക്ക് വിജ്രുംഭിച്ചു. കുറുപ്പിനെ തൂക്കിക്കൊല്ലും, സമയവും തിയതിയും ഉടന്‍ എന്ന മട്ടില്‍ പോസ്റ്റുകള്‍ നിരന്നു. മലയാളക്കര കോള്‍മയിര്‍ക്കൊണ്ടു.
അപ്പോഴതാ കൊലച്ചതി. പരാതി ശ്വേതക്കുട്ടി പിന്‍വലിച്ചു. അച്ഛനും ഗുരുവും ഭര്‍ത്താവ് പ്രത്യേകവും പറഞ്ഞത്രേ. തപ്പിത്തലോടലിനു പരാതി പറയുന്നത് സ്റ്റാറ്റസിനു മോശമത്രേ. ഫെയ്സ്ബുക്കിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ഈ താങ്ങ്. ഭൂമി പിളര്‍ന്ന് ഞാന്‍ താഴ്ന്നു പോകട്ടെ എന്ന് നിരീശ്വരവാദികള്‍ പോലും ദൈവത്തെ വിളിച്ചു കരഞ്ഞു.
പക്ഷെ, ഈ തരിച്ചിരിപ്പ് കുറച്ചുസമയം മാത്രമായിരുന്നു. പോസ്റ്റുകള്‍ വീണ്ടും പ്രവഹിച്ചു. ചെറിയ വ്യത്യാസമുണ്ടായിരുന്നു എന്ന് മാത്രം. നേരത്തെ കുലസ്ത്രീ എന്ന് വിളിച്ചവര്‍ ഇത്തവണ ഒരു അക്ഷരം കൂട്ടിച്ചേര്‍ത്തു. കണ്ണകിയും കന്യാമറിയവുമൊക്കെ പോയി. പകരം കുമാരനാശാന്‍റെ ഒരു നായികയുടെ പേരായി വിശേഷണം. പാസഞ്ചര്‍ ട്രെയിനിലെ ബാത്ത്റൂം പോലെ ആയി ഫെയ്സ്ബുക്ക്. പൂരപ്പാട്ട്, കാമശാസ്ത്രം, കാമസൂത്രം തുടങ്ങിയ വിശുദ്ധഗ്രന്ഥങ്ങളില്‍നിന്നു അടര്‍ത്തിയെടുത്ത ഉദ്ധരണികളായിരുന്നു പലതും. അല്ല പിന്നെ…ഫെയ്സ്ബുക്കിനോടാ കളി?