jio 800x100
jio 800x100
728-pixel-x-90
<< >>

ഫില്‍ ഹ്യൂസിനായ് കണ്ണീരില്‍ കുതിര്‍ന്നൊരു ക്രിക്കറ്റ് ദിനം; കൂടുതല്‍ കരഞ്ഞുകൊണ്ട് സീന്‍ ആബട്ട്

സിഡ്‌നി:ക്രിക്കറ്റ് ലോകത്തിന് ഈ വ്യാഴാഴ്ച്ച ഒരു കണ്ണീരില്‍ കുതിര്‍ന്ന ദിനമാണ്.ഫില്‍ ഹ്യൂസ് എന്ന ഓസ്‌ട്രേല്യയുടെ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ പന്തേറ് കൊണ്ട് ചികിത്സയിലിരിക്കെ വ്യാഴാഴ്ച്ച രാവിലെ മരണമടഞ്ഞിരിക്കുന്നു.ഹ്യൂസിന് നേര്‍ക്ക് അവസാന പന്തെറിഞ്ഞ സീന്‍ ആബട്ടന്റെ കണ്ണുകളാണ് ഇന്ന് ഏറ്റവുമധികം നനവാര്‍ന്നത്.ദുഖാര്‍ത്തരായിരിക്കുന്ന ലോകത്തിന്റെ ക്രിക്കറ്റ് പ്രേമികള്‍ ആബട്ടിനെ ആശ്വസിപ്പിക്കുന്നതില്‍ ഒട്ടും പിശുക്ക് കാട്ടിയില്ല.പിച്ചില്‍ രക്തസാക്ഷിയാകുന്ന അന്തര്‍ദേശീയ ക്രിക്കറ്റിലെ എട്ടാമത്തെ ആളാണ് ഹ്യൂസ്.

മൂന്ന് തവണ ലോകചാമ്പ്യന്‍ പട്ടം അലങ്കരിച്ച ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് വേണ്ടി 26 ടെസ്റ്റുകളിലും 25 ഏകദിനങ്ങളിലും ഹ്യൂസ് കളിച്ചിട്ടുണ്ട്.ഇക്കഴിഞ്ഞ ഒക്ടോബര്‍ 12ന് പാക്കിസ്ഥാനെതിരെയാണ് അവസാന ഏകദിന മത്സരം കളിച്ചത്.ടീമില്‍ ഒരിക്കലും സ്ഥിരസാന്നിധ്യമാകാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും അടുത്തമാസം ഇന്ത്യക്കെതിരെ ഓസ്‌ട്രേല്യയില്‍ തുടങ്ങാനിരിക്കുന്ന ടെസ്റ്റ് ടീമില്‍ ഏറെ സ്ഥാനമുറപ്പിച്ച് കാത്തിരിക്കുമ്പോഴായിരുന്നു ദാരുണ സംഭവം.

ഫാസ്റ്റ് ബോളര്‍ സീന്‍ ആബട്ട് എറിഞ്ഞ പന്താണ് ഫ്യൂസിന്റെ മരണത്തിന് കാരണമായത്. പ്രാദേശിക ക്രിക്കറ്റ് മല്‍സരത്തിനിടെ ബൗണ്‍സര്‍ തലയ്ക്കുകൊണ്ട് പരിക്കേല്‍ക്കുകയായിരുന്നു.ഷെഫീല്‍ഡ് ഷീല്‍ഡ് മല്‍സരത്തിനിടെ തലയ്ക്കു പിന്നില്‍ പന്തുകൊണ്ട ഫില്‍ ഹ്യൂസ് പിച്ചില്‍ വീഴുകയായിരുന്നു.ഹ്യൂസിന് നേര്‍ക്ക് അവസാന പന്തെറിഞ്ഞ യുവ ഫാസ്റ്റ് ബോളര്‍ സീന്‍ ആബട്ടിന് ഇന്നത്തെ ഈ ദിവസം താങ്ങാനായില്ലെങ്കിലും ലോകക്രിക്കറ്റിലെ മഹാരഥന്‍മാരാടക്കമുള്ളവര്‍ അദ്ദേഹത്തിന് ആശ്വാസമായെത്തി.മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍മാരായ ഇയാന്‍ ബോതം, കെവിന്‍ പീറ്റേഴ്‌സണ്‍, മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ, ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍, മുന്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബോളര്‍ സ്റ്റിയുവാര്‍ട്ട് ക്ലാര്‍ക്ക്, ബ്രെറ്റ് ലീ, ഗ്ലെന്‍ മഗ്രാത്ത് തുടങ്ങിയവരെല്ലാം ആബട്ടിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി.ആബട്ട് കടന്നു പോയിക്കൊണ്ടിരിക്കുന്ന അവസ്ഥ തീര്‍ച്ചയായും പ്രയാസകരമായ ഒന്നാണ്. അന്നവിടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കും അതൊരു വേദനിപ്പിക്കുന്ന അനുഭവമായിരുന്നു. ഓസ്‌ട്രേലിയന്‍ ടീം ഡോക്ടറായ പീറ്റര്‍ ബ്രൂക്‌നര്‍ പറഞ്ഞു. ന്യൂ സൗത്ത് വെയില്‍സ് ടീമും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമും ആബട്ടിന് എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ടെന്നും ഡോക്ടര്‍ അറിയിച്ചു.

ആബട്ടിന്റെ ദുഖം അടങ്ങാതിരിക്കുമ്പോഴും ക്രിക്കറ്റ് പിച്ചില്‍ ചോര വാര്‍ന്ന ചില സംഭവങ്ങളിലേക്ക കൂടി ഒന്നു കണ്ണോടിക്കാം.പിച്ചില്‍ വച്ച് പരിക്കേറ്റ് മരണമടയുന്ന എട്ടാമത്തെയാളാണ് ഹ്യൂസ്.ബംഗ്ലാദേശ് ഒന്നാം ഡിവിഷന്‍ ടൂര്‍ണമെന്റായ ധാക്ക ലീഗ് മാച്ചില്‍ അബഹാനി ക്രീഡാ ചക്ര ക്ലബിനു കളിക്കുമ്പോള്‍ ഫീല്‍ഡിങിനിടെ ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ രമണ്‍ ലാബയുടെ തലയ്ക്ക് പന്തുകൊണ്ട് മൂന്നാം ദിവസം അന്തരിച്ചിരുന്നു.ഇംഗ്ലിഷ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം ഇയാന്‍ ഫോളി മികച്ചൊരു ബോളറായിരുന്നു. ഫോളി 1993ല്‍ വൈറ്റ് ഹാവനുവേണ്ടി കളിക്കുമ്പോഴാണ് പന്ത് കണ്ണിനുതൊട്ടുതാഴെ കൊണ്ട് പരുക്കേറ്റു മരിച്ചത്.നോട്ടിങ്ഹാംഷെറിന്റെ ജോര്‍ജ് സമ്മേഴ്‌സ് 1870ല്‍ മരണമടഞ്ഞതും തലയ്ക്ക് പന്തുകൊണ്ടാണ്.പാക്കിസ്ഥാന്‍കാരന്‍ അബ്ദുല്‍ അസീസ് എന്ന പതിനേഴുകാന്‍ 1958-59ല്‍ ക്വായ്ദ് -ഇ-ആസം ഫൈനലില്‍ പന്ത് നെഞ്ചത്ത് കൊണ്ടാണ് മരിച്ചത്.പ്രീമിയര്‍ ലീഗില്‍ ബാറ്റു ചെയ്യവേ ദക്ഷിണാഫ്രിക്കക്കാരന്‍ ഡാരന്‍ റാന്‍ഡല്‍ പന്ത് തലയില്‍ കൊണ്ട് മരിച്ചു.പാക്കിസ്ഥാന്‍ പ്രാദേശിക ലീഗ് താരം സുള്‍ഫിക്കര്‍ ഭാട്ടി 2013ല്‍ ബൗണ്‍സര്‍ നെഞ്ചിലിടിച്ചു മരിച്ചു. സുക്കൂറില്‍ പ്രാദേശിക മല്‍സരത്തിനിടയ്ക്കായിരുന്നു അപകടം. പിച്ചില്‍ കുഴഞ്ഞുവീണ ഭാട്ടി ആശുപത്രിയിലേയ്ക്കുള്ള വഴിമധ്യേ മരിച്ചു.

ഇതുകൂടാതെ പിച്ചില്‍ ചോരവാര്‍ന്നവരുടെ കണക്കും ചെറുതല്ല.കഴിഞ്ഞയാഴ്ച ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റില്‍ പന്തുകൊണ്ട് പാക്കിസ്ഥാന്‍ ഓപ്പണര്‍ അഹമ്മദ് ഷെഹ്‌സാദിന്റെ തലയോട്ടിക്കു പൊട്ടലേറ്റു.വിക്‌ടോറിയ്‌ക്കെതിരെ ഷെഫീല്‍ഡ് ഷീല്‍ഡ് മല്‍സരത്തില്‍ പരുക്കേറ്റ ന്യൂ സൗത്ത് വെയ്ല്‍സ് ബാറ്റ്‌സ്മാന്‍ ബെന്‍ റോഹറിനു ചില മല്‍സരങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നു.കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ ബാറ്റിങ്ങിനിടെ പന്ത് തലയില്‍ കൊണ്ടു പരുക്കേറ്റ മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്തിന് രണ്ടാഴ്ച വിശ്രമം വേണ്ടി വന്നു.ഫെബ്രുവരിയില്‍ മിച്ചല്‍ ജോണ്‍സന്റെ പന്തു കൊണ്ടു പരുക്കേറ്റ റയാന്‍ മക്‌ലാരന്‍ ചോരയൊലിക്കുന്ന ചെവിയുമായി ബാറ്റിങ് തുടര്‍ന്നു. എന്നാല്‍ തലചുറ്റലിനെത്തുടര്‍ന്ന് 30 മണിക്കൂറിനു ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

INDIANEWS24 SPORTS DESK

Leave a Reply