കൊച്ചി: തിയേറ്റര്‍ ഓണേഴ്സ് അസോസിയേഷന്റെ സംഘടനയായ ഫിയോക്കിന്റെ(ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരള) അടിയന്തര യോഗം ഇന്ന് ചേരും. സംഘടനയുടെ സ്ഥാപക പ്രസിഡന്റായ ദിലീപ് തിരികെ തലപ്പത്തേക്കെത്തുമെന്നാണ് അറിയുന്നത്. നിലവില്‍ ആന്റണി പെരുമ്പാവൂര്‍ നയിക്കുന്ന ഫിയോക്കിലേക്ക് ദിലീപിനെ തിരികെയെത്തിക്കാന്‍ ശ്രമങ്ങള്‍ ശക്തമാകുന്നതായാണ് സൂചന. ദിലീപിനെ തല്‍സ്ഥാനത്തു നിന്നും പുറത്താക്കിയ കാരണത്തിന് മാറ്റമില്ലെന്നിരിക്കെയാണ് ഈ നീക്കമെന്നതാണ് ശ്രദ്ധേയം.
കഴിഞ്ഞ ജനുവരിയിലാണ് സംസ്ഥാനത്ത് തിയേറ്റര്‍ ഉടമകളുടെ പുതിയ സംഘടന രൂപീകരിച്ചത്. ദിലീപ് പ്രസിഡന്റും ആന്റണി പെരുമ്പാവൂര്‍ സെക്രട്ടറിയുമായി പ്രവര്‍ത്തനം ആരംഭിച്ച സംഘടന ആരംഭിക്കുന്നത് സിനിമാ പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിലായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ജൂലൈ പത്തിന് ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് പിറ്റേ ദിവസം സംഘടനയുടെ അടിയന്തര യോഗം ചേര്‍ന്ന് ദിലീപിനെ പുറത്താക്കിയിരുന്നതാണ്. ക്രിമിനല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന്റെ പേരിലാണ് അന്ന് പ്രസിഡന്റ് സ്ഥാനത്തു നിന്നും ദിലീപിനെ നീക്കി ആന്റണി പെരുമ്പാവൂര്‍ തല്സ്ഥാനത്തേക്കെത്തിയത്. എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങിയ ദിലീപ് തിരിച്ച് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുമ്പോള്‍ സംഘടനയെന്ന നിലയില്‍ ഫിയോക്ക് ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടിവരും.
അടിയന്തര യോഗം ചേര്‍ന്ന് ദിലീപിനെ പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്താക്കിയ സാഹചര്യത്തില്‍ എന്ത് മാറ്റമാണ് സംഭവിച്ചിട്ടുള്ളതെന്നാണ് ഇവിടെ പ്രധാനം. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഗൂഢാലോചനയ്ക്ക് പ്രധാന പങ്കുവഹിച്ചു എന്ന പ്രതിസ്ഥാനത്തു നിന്നും ഒരു മാറ്റവും വന്നതായി ചൊവ്വാഴ്ച്ചത്തെ ജാമ്യവിധിയില്‍ കോടതി പറഞ്ഞിട്ടില്ല. അന്വേഷണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന മുറയ്ക്ക് റിമാന്‍ഡില്‍ കഴിയുന്ന പ്രതി പുറത്തിറങ്ങിയാലും കേസിനെ സ്വാധാനീക്കാന് കഴിയില്ല എന്ന നിഗമനത്തിലാണ് ജാമ്യം അനുവദിച്ചത്. ഇതിന് കടുത്ത ഉപാധികളും മുന്നോട്ടു വച്ചിട്ടുണ്ട്. എന്നാലും കേസില്‍ പ്രതിസ്ഥാനത്തു നിന്നും ദിലീപ് ഇല്ലാതാകുകയോ നീക്കംചെയ്യപ്പെടുകയോ ഇല്ല. ഈ സാഹചര്യത്തില്‍ ക്രിമിനല്‍ കേസില്‍ പ്രതിസ്ഥാനത്തുള്ള ഒരാളെ അതേ കാരണം പറഞ്ഞ് പുറത്താക്കിയ സംഘടന തിരിച്ച് പ്രതിഷ്ഠിക്കാനൊരുങ്ങുന്നതിലെ യുക്തി ചോദ്യംചെയ്യപ്പെടുന്നതിനിടെയാണ് തിയേറ്റര്‍ ഉടമകളുടെ അടിയന്തര യോഗം ചേരുന്നത്.
INDIANEWS24.COM Kochi