728-pixel-x-90-2-learn
728-pixel-x-90
<< >>

ഫിഫ റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് വന്‍ മുന്നേറ്റം

സൂറിച്ച്:ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍(ഫിഫ) ഔദ്യോഗിക റാങ്കിങ്ങില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് വമ്പന്‍ മുന്നേറ്റം.26 സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ ഇപ്പോള്‍ 147-ാം സ്ഥാനത്താണ്.ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നേപ്പാളിനെ തോല്‍പ്പിച്ചതോടെയാണ് ഇന്ത്യ മുന്നേറിയത്.

അടുത്ത അണ്ടര്‍ 17 ലോകകപ്പിന് ആഥിത്യമരുളാനിരിക്കെ ഇന്ത്യയ്ക്ക് ഫിഫ റാങ്കിങ്ങില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുന്നതിനെ വലിയ ആവേശത്തോടെയാണ് രാജ്യത്തെ ഫുട്‌ബോള്‍ പ്രേമികള്‍ കാണുന്നത്.രാജ്യത്തെ ഫുട്‌ബോള്‍ സജ്ജീവമായി കൊണ്ടുവരാന്‍ തുടങ്ങിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പ്രതിഫലനം വരാനിരിക്കുന്നതിന് മുമ്പേയാണ് ഈ മുന്നേറ്റമെന്നതും ഇന്ത്യന്‍ ഫുട്‌ബോളിന് ഏറെ ഉത്സാഹം പകരുന്നതാണ്.

സമീപകാലത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കാണിത്. ലോകകപ്പ് യോഗ്യതാ പ്രാഥമിക റൗണ്ടില്‍ നേപ്പാളിനെ കീഴടക്കിയതാണ് ഇന്ത്യയ്ക്ക് നേട്ടമായത്. ഇന്ത്യയ്ക്ക് പുറമെ ഭൂട്ടാനാണ് റാങ്കിംഗില്‍ കാര്യമായ നേട്ടമുണ്ടാക്കിയ മറ്റൊരു ഏഷ്യന്‍ രാജ്യം. ലോകകപ്പ് യോഗ്യാത പ്രാഥമിക റൗണ്ടില്‍ ശ്രീലങ്കയെ കീഴടക്കിയ ഭൂട്ടാന്‍ 46 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 163ാം റാങ്കിലെത്തി.

ഏഷ്യയില്‍ നിന്ന് ഇറാന്‍(40), ജപ്പാന്‍(50), ദക്ഷിണ കൊറിയ(57), ഓസ്‌ട്രേലിയ(63), യഎഇ(68), ഉസ്‌ബെക്കിസ്ഥാന്‍(73), ചൈന(82), ഇറാഖ്(86), സൗദി അറേബ്യ(95), ഒമാന്‍(97), ഖത്തര്‍(99) എന്നിവരാണ് ആദ്യ നൂറില്‍ ഇടം നേടിയത്. ലോകകപ്പ് ജേതാക്കളായ ജര്‍മനി ഒന്നാം സ്ഥാനത്തും റണ്ണറപ്പുകളായ അര്‍ജന്റീന രണ്ടാം സ്ഥാനത്തുമാണ്. ബെല്‍ജിയം മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ കൊളംബിയയാണ് നാലാമത്. ബ്രസീല്‍ അഞ്ചാമതും ഹോളണ്ട് ആറാമതുമാണ്. പോര്‍ച്ചുഗല്‍(7), യുറുഗ്വേ(8), സ്വിറ്റ്‌സര്‍ലന്‍ഡ്(9), സ്‌പെയിന്‍(10) എന്നിവരാണ് ആദ്യ പത്തിലുള്ളത്.

INDIANEWS24 SPORTS DESK

Leave a Reply