തിയറ്ററുകളില്‍ ഒരാഴ്ചപോലും ഓടാത്ത ചിത്രം. പക്ഷേ, യുട്യൂബില്‍ ഒരാഴ്ചക്കുള്ളില്‍ അത് കണ്ടവര്‍ ഒന്നേകാല്‍ ലക്ഷത്തിലേറെ. മലയാളസിനിമയില്‍ വ്യത്യസ്തമായൊരു വിജയത്തിന്റെ ചരിത്രം രചിക്കുകയാണ് കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്ത ‘ഫാദേഴ്സ് ഡേ’. ഇന്നേവരെ ആരുമറിയാതിരുന്ന ചന്ദ്രലേഖ ദിവസങ്ങള്‍കൊണ്ട് നാടറിയുന്ന ഗായികയായി മാറിയ ഓണ്‍ലൈന്‍ മായാജാലത്തിന്റെ മറ്റൊരു കഥ.
ഒട്ടേറെ മികച്ച സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ പരിചയവും ആത്മവിശ്വാസവുമായാണ് കലവൂര്‍ രവികുമാര്‍ ഈ സിനിമയില്‍ സംവിധായകന്റെ മേലങ്കിയണിഞ്ഞത്. മികച്ച പ്രതികരണമായിരുന്നു പ്രിവ്യൂവില്‍. പക്ഷെ, തിയറ്ററില്‍ കഥ മറി. റിലീസിങ്ങിന് തെരഞ്ഞെടുത്ത സമയമാണ് പിഴച്ചത് .
‘രണ്ടു വര്‍ഷം മുമ്പ് ഫെബ്രുവരി 16നായിരുന്നു സിനിമ ഇറങ്ങിയത്. സ്ത്രീകളായിരുന്നു പ്രതീക്ഷിച്ച ഓഡിയന്‍സ്. എന്നാല്‍, അത് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളുടെ കാലമായിരുന്നു. അവധിക്കാലത്ത് സൂപ്പര്‍സ്റ്റാറുകളുടെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഇറങ്ങും എന്നതിനാലാണ് ഈ സമയം തെരഞ്ഞെടുത്തത്. പക്ഷെ, പരീക്ഷക്കാലത്ത് അമ്മമാരും കുട്ടികളും വീട്ടിലിരുന്നപ്പോള്‍ ആദ്യദിനങ്ങളില്‍ ആള് കുറവായിരുന്നു. കണ്ടവര്‍ പറഞ്ഞ അഭിപ്രായങ്ങള്‍ കേട്ട് കൂടുതല്‍ ആള്ക്കാര് എത്തിയപ്പോഴേക്കും സിനിമ തിയറ്റര്‍ വിട്ടിരുന്നു’-രവി കുമാര്‍ പറയുന്നു.
ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റ് വാങ്ങിയതോടെയാണ് കഥയുടെ ട്വിസ്റ്റ്. ആദ്യ രണ്ട് ടെലികാസ്റ്റുകളിലും മികച്ച പ്രതികരണമായിരുന്നു. പിന്നീട് പല തവണ ആ ചിത്രം റീ ടെലികാസ്റ്റ് ചെയ്തു. തുടര്‍ന്ന് സിനിമ യൂ ട്യൂബില്‍ ഇട്ടപ്പോഴും സൂപ്പര്‍ഹിറ്റ് ആയി.ഒരാഴ്ചക്കകം 1,35,520 പേരാണ് സിനിമ കണ്ടത്.
ഒറ്റയാള്‍ പട്ടാളം എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയാണ് കലവൂര്‍ രവികുമാറിന്റെ തുടക്കം. ഇഷ്ടം, നമ്മള്, മഞ്ഞുപോലൊരു പെണ്‍കുട്ടി, സ്വലേ തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗോള്‍, ആഗതന്, 101 വെഡ്ഡിങ്, സല്‍പ്പേര് രാമന് കുട്ടി തുടങ്ങിയ സിനിമകള്‍ക്കും തിരക്കഥ ഒരുക്കി. 2007ല്‍ മികച്ച ബാല ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ ഒരിടത്ത് ഒരു പുഴയുണ്ട് എന്ന ഹ്രസ്വ ചിത്രത്തിനുശേഷമാണ് ഫാദേഴ്സ് ഡേ സംവിധാനം ചെയ്യുന്നത്. ഷഹീന്, ഇന്ദു തമ്പി എന്നീ പുതുമുഖങ്ങള്‍ക്കൊപ്പം ലാല്‍, രേവതി, കെ.പി.എസി ലളിത, സുരേഷ് കൃഷ്ണ, ശങ്കര്‍, ഇടവേള ബാബു, വിജയ് മേനോന് എന്നിവരുമായിരുന്നു കഥാപാത്രങ്ങളായത്. ഭരത് സാമുവലാണ് ചിത്രം നിര്‍മിച്ചത്. ക്യാമറ എസ് ജി രാമന്. ഒ എന്‍ വി കുറുപ്പിന്റെയും ബി ശ്രീരേഖയുടെയും വരികള്‍ക്ക് എം ജി ശ്രീകുമാര്‍, സജീവ് മങ്കലത്ത് എന്നിവര്‍ ഈണം പകര്‍ന്നു.
പ്രശസ്തമായ കോളജില്‍ ഇംഗ്ളീഷ് പ്രൊഫസറായ (രേവതി) ജീവിതത്തിലേക്ക് കടന്നു വന്ന ചെറുപ്പക്കാരന്റെ കഥയായിരുന്നു ഫാദേഴ്സ് ഡേ. അവിവാഹിതയായ സീതാലക്ഷ്മിക്കൊപ്പം അകന്ന ബന്ധുവായ നീനുവും (ഇന്ദു തമ്പി) താമസിക്കുന്നു. ശാന്തമായ ഇവരുടെ ജീവിതങ്ങളിലേക്കാണ് ജോസഫ് കെ. ജോസഫ് എന്ന ചെറുപ്പക്കാരന് (ഷഹീന്) കടന്നുവരുന്നത്. 20 വര്‍ഷം മുമ്പ് നടന്ന ഒരു ബലാല്‍സംഗത്തില്‍ പിറന്ന സുഹൃത്തിന്റെ അനുഭവം പറഞ്ഞാണ് സീതയ്ക്കു മുന്നിലേക്ക് ഇയാളെത്തുന്നത്. എന്തിനാണ് കുട്ടിയെ ഉപേക്ഷിച്ചതെന്നായിരുന്നു അയാളുടെ ചോദ്യം. കൂട്ട ബലാല്‍സംഗത്തിന് വിധേയയായ സീതാ ലക്ഷ്മി തനിക്ക് പിറന്ന കുഞ്ഞിനെ ഉപേക്ഷിച്ച സംഭവമാണ് അയാള്‍ ഓര്‍മ്മിപ്പിക്കുന്നത്. ഈ വരവ് സീതയെ അസ്വസ്ഥയാക്കുന്നു.
സീതയെ ബലാല്‍സംഗം ചെയ്ത രാം മേനോന്, നോബിള്‍ മാത്യു, ആബിദ് അലി, ശങ്കര്‍ മോഹന്‍ എന്നിവരുടെ ശാന്തമായ കുടുംബ ജീവിതങ്ങളിലേക്കും ഇയാള്‍ എത്തുന്നു. ഇവരുടെ ബലാല്‍സംഗത്തില്‍ പിറന്ന കുട്ടി താനാണെന്നും തന്റെ പിതൃത്വം അറിയാന്‍ ഡി.എന്‍.എ പരിശോധന നടത്തണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം. ഒടുവില്‍ ഡി.എന്‍.എ പരിശോധനയുടെ ഫലം വരുമ്പോള്‍, ആരാണ് തന്റെ അച്ഛനെന്ന് അറിയേണ്ടതില്ല എന്ന് പറഞ്ഞ് പരിശോധനാ ഫലം പിച്ചിച്ചീന്തി ജോസഫ് മടങ്ങിപ്പോവുന്നു. അമ്മയെന്നത് സത്യമാണെന്നും അച്ഛനെന്നത് വിശ്വാസം മാത്രമാണെന്നും ഓര്‍മ്മിപ്പിച്ച് മടങ്ങും മുമ്പ്, ഒരിക്കല്‍ കൂടി അയാള്‍ സീതയുടെ മുന്നിലെത്തുന്നു. അപ്രതീക്ഷിതമായ ക്ലൈമാക്സിലാണ് സിനിമ തീരുന്നത്.
തന്റെ കരിയറിലെ ഏറ്റവും മികച്ച അഞ്ചു സിനിമകളിലൊന്നായി ഈ സിനിമയെ വിശേഷിപ്പിച്ച നടി രേവതിയും ചിത്രത്തിന്റെ വൈകിയുള്ള വിജയത്തില്‍ സന്തോഷത്തിലാണ്. അപ്രതീക്ഷിതമായ വിജയം നല്കിയ ആവേശത്തില്‍ നിര്‍മാതാവ് ഭരത് സാമുവലും നായകന് ഷഹീനും.