പ്രേമം എന്ന വാക്ക് കേള്‍ക്കുവാനും പറയുവാനും പലര്‍ക്കും മടിയായിരുന്നു.എന്നാല്‍ ഈ പേരില്‍ ഒരു ചിത്രം ഒരുക്കാന്‍ ഇറങ്ങിത്തിരിച്ച അല്‍ഫോണ്‍സ് പുത്രന് യാതൊരു മടിയും ഉണ്ടായിരുന്നില്ല.കാര്യങ്ങള്‍ വലിയ മറയില്ലാതെ പറയുക എന്നതാണ് ഫിലിംമേക്കര്‍ ഉദ്ദേശിച്ചതെന്ന് പേരില്‍ നിന്നു തന്നെ വ്യക്തം.ചിത്രത്തിന്റെ സ്വഭാവവും ആത്യന്തികമായി അറിയിക്കുന്നതും അത് തന്നെയാണ്.സ്ക്രിപ്റ്റിലൊന്നും വലിയ കാര്യമില്ല സാങ്കേതികത എങ്ങനെ പ്രയോജനപ്പെടുത്തുക എന്ന അല്‍ഫോണ്‍സിന്റെ തത്ത്വം വിജയകരമാക്കുകയെന്ന അജന്‍ഡയുടെ കഥ ഇങ്ങനെ തുടങ്ങുന്നു.
ചിത്രം റിലീസ് ആകുന്നതിന് മുമ്പേ തന്നെ പ്രേമം എന്ന് മറവില്ലാതെ ഒരു പേരു നല്കി പലരിലും സ്ട്രൈക്ക് ചെയ്യാന്‍ സാധിച്ചു.രണ്ടാമതായി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം സോഷ്യല്‍ മീഡിയയുടെ പങ്ക് വളരെ വ്യക്തമായിരുന്നു.ഒരു പുതുമുഖ നായികയെ അവതരിപ്പിക്കുന്നതിന് വലിയ സപ്പോര്‍ട്ടാണ് സോഷ്യല്‍ മീഡിയയിലൂടെ സൃഷ്ടിച്ചുകൊണ്ടിരുന്നത്.നീണ്ടു കിടക്കുന്ന ചുരുണ്ട മുടി ഒരു വശം ചേര്‍ത്ത് മുന്നിലേക്ക് ഇടുന്നത് ഒരു ഐക്കണ്‍ ആക്കി മാറ്റി. അത്തരം ഇമേജുകള്‍ പരമാവധി ഷെയര്‍ ചെയ്യപ്പെട്ടു.ഈ പുതുമുഖ തരംഗം ചിത്രം റിലീസ് ചെയ്യുന്നത് വരേയെ ഉണ്ടായിരുന്നുള്ളു എന്നതാണ് ഒരു പ്രധാന വസ്തുത.ചിത്രം റിലീസ് ചെയ്തപ്പോള്‍ അനുപമ പരമേശ്വരന് എന്ന പുതുമുഖത്തിന് ചിത്രത്തില്‍ പത്ത് മിനിറ്റ് പോലും ദൈര്‍ഘ്യമില്ലാത്ത ഒരു റോള്‍.എന്നാല്‍ വലിയ നായികാ പ്രാധാന്യമാണ് നല്കിക്കൊണ്ടിരുന്നത്.ഇവിടെയാണ് ചിത്രം മാര്‍ക്കറ്റ് ചെയ്യാന്‍ അണിയറക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചുവെന്ന് പറയാന്‍ കഴിയുന്നത്.
ചിത്രം റിലീസ് ചെയ്തു കഴിഞ്ഞ ആദ്യ ആഴ്ച്ചകള്‍ പ്രകമ്പനം കൊള്ളിച്ചത് ‘ ആലുവ പുഴയുടെ തീരത്ത് ‘ എന്ന പാട്ടാണ്.ബൂസ്റ്റിങ്ങിന്റെ മൂന്നാമത്തെ ഘട്ടം എത്തുമ്പോഴേക്കും അനുപമ പരമേശ്വരനും ഇല്ല ആലുവ പുഴ എന്ന പാട്ടും അപ്രസക്തം, പകരം മലര് മാത്രം.ചിത്രം കാണാത്ത ഒരാളെ
ഓരോ ഘട്ടത്തില്‍ ഓരോ വര്‍ത്തമാനങ്ങളുമായി തീയേറ്ററിലേക്ക് വലിച്ചടുപ്പിക്കുന്ന ഘട്ടം ഘട്ടമായ അജന്‍ഡ കൃത്യമായി നടപ്പാക്കുകയും വിജയിക്കുകയും ചെയ്തു.
ഇത്രത്തോളം വന്നപ്പോഴേക്കും നിവിന്‍ പോളിയെ അടുത്ത മോഹന്ലാലാക്കിയുള്ള താരതമ്യ ചര്‍ച്ചകള്‍ തരംഗമായി.അതിന്റെ പേരില്‍ സിനിമാ വാര്‍ത്തകള്‍ പല ദിവസവും വന്നുകൊണ്ടേയിരുന്നു.അല്‍ഫോണ്‍സ് പുത്രനെ ദൈവ പുത്രനാക്കി.പുതുതായി ചില സാങ്കേതിക മുന്നേറ്റങ്ങള്‍ നല്‍കികൊണ്ടുള്ള ശ്രമങ്ങളില്‍ സംവിധായകന് അല്‍ഫോണ്‍സ് പുത്രന് വിജയിച്ചുവെന്നത് തീര്‍ച്ച തന്നെ.ദൈവ പുത്രന് എന്നൊക്കെ വാഴ്ത്താന്‍ മാത്രം മലയാള സിനിമയിലെ നാഴികകല്ലാകാന്‍ പ്രേമത്തിന് കഴിഞ്ഞിട്ടില്ലെന്നതാണ് സത്യാവസ്ഥ.ഒന്നുമില്ലാത്ത ഒരു സംഭവത്തെ വലിയൊരു അളവില്‍ എന്റര്‍ടെയിനിംഗ് മൂവി ആക്കിയെന്നുള്ള അവകാശം അല്‍ഫോണ്‍ പുത്രന് ചാര്‍ത്തിക്കൊടുക്കുമ്പോള്‍ മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ചില തിരിഞ്ഞു നോട്ടങ്ങള്‍ നടത്തേണ്ടതായുണ്ട്.അരം പ്ലസ് അരം കിന്നരം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ബോയിങ് ബോയിങ്,സ്ഫടികം,ഗോഡ്ഫാദര്,ഇന്‍ഹരിഹര്‍ നഗര്‍,ഹിറ്റ്ലര്‍,അനിയത്തിപ്രാവ്,കണ്ടു കണ്ടറിഞ്ഞു,സന്ദര്‍ഭം,എന്റെ മാമാട്ടികുട്ടിയമ്മയ്ക്ക്,മഴയെത്തും മുമ്പേ,ചന്ദ്രലേഖ,രാജമാണിക്യം,ബാംഗ്ലൂര്‍ ഡെയ്സ് തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റുകള്‍ എക്കാലത്തേയും മികച്ച എന്റര്ടെയ്നറുകളായത് സംവിധായകര്‍ നടത്തിയ മാന്ത്രിക സ്പര്‍ശത്തിലൂടെയായിരുന്നു.പ്രേമത്തില്‍ ഒരൊറ്റ സീന്‍ കൊണ്ടുമാത്രം തകര്‍ത്തുകയറിയ രഞ്ജി പണിക്കരുടെ സ്ക്രിപ്റ്റില്‍ പിറന്ന സൂപ്പര്‍ ആക്ഷന്‍ ത്രില്ലറുകള്‍ പിറന്നതും അക്കാലത്തെ ഫിലിംമേക്കിങ്ങിലുണ്ടായ പ്ലസ്പോയിന്റായി വിലയിരുത്തുന്നു.ഹോളിവുഡിനോട് കിടപിടിക്കുന്ന തരത്തില്‍ ഹിറ്റുകള്‍ മലയാളിക്ക് സമ്മാനിക്കുന്നതില്‍ ജോഷി നടത്തിയ ശ്രമങ്ങളും നിസ്സാരവല്‍ക്കരിക്കാനാവില്ല.
ഇത്രയുമൊക്കെ പറയുമ്പോള്‍ ചിത്രം ഹിറ്റിലേക്ക് കുതിക്കുന്നതിന്റെ സീക്രട്ട് പറയാതെ വയ്യ.മുന്‍ പറഞ്ഞപോലെ സാങ്കേതികത പ്രയോജനപ്പെടുത്തുന്നതില്‍ അല്‍ഫോണ്‍സ് പുത്രന് പുതിയൊരു വഴി തുറന്നുവെന്ന് തന്നെ പറയണം.കഥാഗതിയിലേക്കു വരുമ്പോള്‍ പ്രേമം പറയുന്നത് 30 വര്‍ഷത്തെ സംഭവമാണ്.ഒരാളുടെ ജീവിതത്തിലെ പ്രണയങ്ങള്‍ എണ്ണിയെണ്ണി പറയുന്നു.പൊതുവെ വളരെ നല്ല ജോളി മൂഡില്‍ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ചില വിമര്‍ശനങ്ങള്‍ ഉയരുന്ന പോലെ വഴി തെറ്റിക്കുന്ന സംഗതികളുണ്ടെന്നു പറഞ്ഞാല്‍ അത് ശരിയല്ലെന്നേ പറയേണ്ടതുള്ളു.ഒരു സിനിമയ്ക്ക് ആവശ്യമായ രസികന്‍ ചേരവുകള്‍ മാത്രമേ പ്രേമത്തില്‍ ഉള്ളു.1984 മുതല്‍ 2014 വരെയുള്ള കാലഘട്ടം പറയുന്ന ചിത്രം ഓരോ കാലത്തും സംഭവിച്ച കഥാനായകന്റെ അവസ്ഥകളെ പ്രേക്ഷകര്‍ ഒരു നൊസ്റ്റാള്‍ജിക് ഫീലായി ഏറ്റെടുത്തു.തീയേറ്ററുകളില്‍ കയറി സിനിമ കാണുന്നവരുടെ കണക്കെടുത്താല്‍ ഭൂരിഭാഗവും 20നും 30നും ഇടയില്‍ പ്രായമുള്ളവരാണ്.ഹിറ്റ് സിനിമകള്‍ക്കായി പല തവണ കയറിയിറങ്ങുന്നതും ഇക്കൂട്ടര്‍ തന്നെ.ഇവര്‍ വളര്‍ന്നു വന്ന കാലഘട്ടത്തിലെ സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ ഓരോരുത്തരും അവരവരുടെ ഓര്‍ക്കാന്‍ കൊതിക്കുന്ന ഭൂതകാലത്തിലേക്ക് പോകുന്നു എന്നതാണ് സത്യം.ഇതാണ് ചിത്രത്തിന്റെ ഹിറ്റിന് പിന്നിലെ പ്രധാന മര്‍മ്മം.
മറ്റുള്ള കാഴ്ച്ചക്കാര്‍ക്ക് ഈ സിനിമ വലിയ തെറ്റിലാത്ത ഒരു പടം അത്രമാത്രം.ചരിത്രം തിരുത്താന്‍ പോന്ന സംഗതികളില്ലതാനും.ഈ വിഭാഗം പ്രേക്ഷകര്‍ക്കായാണ് മുമ്പ് പറഞ്ഞ മാര്‍ക്കറ്റിംഗ് അജന്‍ഡകള്‍ നടപ്പാക്കിപോന്നത്.നേടാവുന്നതിലും വലിയ ലാഭം ഉറപ്പായ ഘട്ടത്തിലാണ് ചിത്രം ചോര്‍ന്നു തുടങ്ങിയത്.ഇതിന്റെ അന്വേഷണം ചെന്നെത്തിയത് അണിയറക്കാരിലും സെന്‍സര്‍ ബോര്‍ഡിലും.സംഭവം വിവാദമായ ഘട്ടത്തില്‍ തന്നെ ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ സംവിധായകന് അന്‍വര്‍ റഷീദ് ഫെഫ്കയില്‍ നിന്നും രാജിവച്ചു പ്രതിഷേധിച്ചു.സംവിധായക സംഘടനയായ ഫെഫ്ക ഇതേ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ മനപ്പൂര്‍വ്വം ആരും ഒന്നും ചെയ്യില്ലെന്ന പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന്റെ പ്രസ്താവനയ്ക്കു പിന്തുണയേകി ഏക സ്വരത്തില്‍ ഉറച്ചു നിന്നു.
സിനിമകള്‍ ചോരുന്നത് പതിവ് സംഭവമല്ലെന്നതും ഇത് ഇനിയും പരിഹരിക്കപ്പെടാനാവാത്ത സംഗതിയാണെന്നതും ശരിയായ കാര്യമാണ്.ഈ ഘട്ടത്തില്‍ പ്രേമം ചോര്‍ന്നതിന് പിന്നില്‍ രണ്ട് ലക്ഷ്യങ്ങള്‍ ഉണ്ടായേക്കാം.
1.കോളിളക്കം സൃഷ്ടിക്കുന്ന സംഭവങ്ങളും അറസ്റ്റുകളും വരുമ്പോള്‍ സിനിമയുടെ വ്യാജന് സംഘടിപ്പിച്ച് കാണുന്നതിന് ആളുകളില്‍ ചെറിയൊരു ഭീതി വിതയ്ക്കനാകും.
2.വലിയ ചരിത്രം സൃഷ്ടിക്കാനുള്ള കോളൊന്നുമില്ലാത്ത ചിത്രം വന്‍ സംഭവമായാണ് കൊണ്ടാടുന്നത്.സിനിമയുടെ കളക്ഷന്‍ റെക്കോഡ് നേട്ടം കൈവരിക്കാനാകാതെ പോയത് ചോര്ന്നതിനാലാണെന്ന അവസാനത്തെ മാര്‍ക്കറ്റിങ് തന്ത്രവും പ്രയോഗിക്കാം.
SWARAJ INDIANEWS24.COM