728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രശസ്ത മാന്‍ഡലിന്‍ വാദകന്‍ യു ശ്രീനിവാസ് അന്തരിച്ചു

ചെന്നൈ:കര്‍ണാടക സംഗീതത്തോടൊപ്പം മാന്‍ഡലിനെ ചേര്‍ത്തുവച്ച അസാമാന്യ പ്രതിഭ പത്മശ്രീ യു ശ്രീനിവാസ്(45) അന്തരിച്ചു.കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെ 10 ഓടെയാണ് മരണത്തിന് കീഴടങ്ങിയത്.

1998 ലാണ് ശ്രീനിവാസിന്റെ പ്രതിഭ കണക്കിലെടുത്ത് സര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചത്.2010 ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചു.കൂടാതെ സംഗീത് സംസ്‌കൃതിയുടെ സനാതന്‍ സംഗീത പുരസ്‌കാരം, തമിഴ്‌നാട് സര്‍ക്കാരിന്റെ ആസ്ഥാന വിദ്വാന്‍ പദവി, സംഗീത് ബാലഭാസ്‌കര അവാര്‍ഡ്, രാഷ്ട്രപതിയുടെ നാഷണല്‍ സിറ്റിസെന്‍ അവാര്‍ഡ്, രാജീവ് ഗാന്ധി ദേശീയോദ്ഗ്രഥന അവാര്‍ഡ് തുടങ്ങിയവയും ശ്രീനിവാസിന് ലഭിച്ചിട്ടുണ്ട്.

പാശ്ചാത്യ സംഗീതോപകരണമായ മാന്‍ഡലിനെ കര്‍ണാടക സംഗീതവുമായി ലയിപ്പിക്കുകയായിരുന്നു ഉപ്പലാപു ശ്രീനിവാസ് എന്ന യു.ശ്രീനിവാസ്.1969 ഫെബ്രുവരിയില്‍ ആന്ധ്രപ്രദേശിലായിരുന്നു ജനനം.സംഗീത കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ താല്‍പര്യം ചെറുപ്പത്തിലേ തിരിച്ചറിഞ്ഞ അച്ഛന്‍ സത്യനാരായണ മാന്‍ഡലിന്‍ അഭ്യസിപ്പിക്കുകയായിരുന്നു.1978ല്‍ ആന്ധ്രാപ്രദേശിലെ ഗുദിവദയില്‍ നടന്ന ത്യാഗരാജ ഫെസ്റ്റിവലിലായിരുന്നു ശ്രീനിവാസിന്റെ അരങ്ങേറ്റം.ശ്രീനിവാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് വേള്‍ഡ് മ്യൂസിക് എന്ന സ്ഥാപനം നടത്തുന്നുണ്ട്.ലോകപ്രശസ്തതരായ ജോണ്‍ മക്വലോഗിന്‍, മൈക്കല്‍ ബ്രൂക്ക്, ട്രേഗണ്‍, നിഗല്‍ കെന്നഡി തുടങ്ങിയവര്‍ക്കൊപ്പം പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.മെക്‌സിക്കോയില്‍ നടന്ന സെവാന്റിനോ ഫെസ്റ്റിവലില്‍ സംഗീത പരിപാടി അവതരിപ്പിച്ച ആദ്യത്തെ കര്‍ണാടക സംഗീതജ്ഞനും ശ്രീനിവാസാണ്.പ്രശസ്ത മാന്‍ഡലിന്‍ വാദകന്‍ യു രാജേഷ് സഹോദരനാണ്.

INDIANEWS24 CHENNAI

Leave a Reply