jio 800x100
jio 800x100
728-pixel-x-90
<< >>

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു

കോട്ടയം:പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1985ല്‍ ജേസി സംവിധാനംചെയ്ത ‘ഈറന്‍ സന്ധ്യ’ യാണ് ഡെന്നീസ് ജോസഫിന്‍റെ ആദ്യ തിരക്കഥ.മനു അങ്കിള്‍ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി.തുടര്‍ന്ന് അഥര്വ്വം,തുടര്‍ക്കഥ,അപ്പു,അഗ്രജന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.പ്രിയദര്‍ശന്റെ ഗീതാഞ്ജലിക്ക് വേണ്ടിയാണ് അവസാനം തിരക്കഥ രചിച്ചത്.

മോഹന്‍ലാലിനെ സൂപ്പര്‍താരമാക്കിയ  രാജാവിന്റെ മകന്‍, മമ്മൂട്ടിയുടെ കരിയര്‍ തിരിച്ചു പിടിച്ച ജോഷിയുടെ സൂപ്പര്‍ഹിറ്റ്  ന്യൂഡല്‍ഹി, സംഘം, നായര്‍സാബ്, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍, ഇന്ദ്രജാലം, ആകാശദൂത് തുടങ്ങി നിരവധി ഹിറ്റ് സിനിമകളാണ് അദ്ദേഹം സമ്മാനിച്ചത്.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ 1957 ഒക്ടോബര്‍ 20ന് എം എന്‍ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജില്‍ നിന്നും ബിരുദവും നേടി. പിന്നീട് ഫാര്‍മസിയില്‍ ഡിപ്ലോമയും കരസ്ഥമാക്കി.ലീനയാണ് ഭാര്യ. എലിസബത്ത്, റോസി, ജോസ് എന്നിവര്‍ മക്കളാണ്.അന്തരിച്ച പ്രശസ്ത നടന്‍ ജോസ് പ്രകാശ്,പ്രേം പ്രകാശ്‌ എന്നിവരുടെ അടുത്ത ബന്ധുവായിരുന്നു.

മോഹന്‍ലാലിന്റെ അനുസ്മരണക്കുറിപ്പ്‌ :

എൻ്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികള് കുറിയ്ക്കുമ്പോള് ഓര്മ്മകള് ക്രമം തെറ്റി വന്ന് കൈകള് പിടിച്ചു മാറ്റുന്നപോലെയാണ് തോന്നുന്നത്. തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ്. ആ രാജാവിൻ്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്ക്ക് ജീവന് നല്കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ഞാനും. സൗമ്യമായ പുഞ്ചിരിയില് ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്നേഹമായിരുന്നു ഡെന്നീസ്. വെള്ളിത്തിരകളെ ത്രസിപ്പിക്കുന്ന എത്രയെത്ര ചടുലന് കഥകള്, വികാര വിക്ഷോഭങ്ങളുടെ തിരകള് ഇളകിമറിയുന്ന സന്ദര്ഭങ്ങള്, രൗദ്രത്തിൻ്റെ തീയും പ്രണയത്തിൻ്റെ മധുരവും വേദനയുടെ കണ്ണീരുപ്പും നിറഞ്ഞ സംഭാഷണങ്ങള്. ആര്ദ്രബന്ധങ്ങളുടെ കഥകള് തൊട്ട് അധോലോകങ്ങളുടെ കുടിപ്പകകള് വരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യ പ്രതിഭ. എത്ര പറഞ്ഞാലും തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധം. അതുകൊണ്ടുതന്നെ പാതിപറഞ്ഞ് നിര്ത്തുന്നു, ഇടറുന്ന വിരലുകളോടെ…പ്രണാമം ഡെന്നീസ്.
മമ്മൂട്ടിയുടെ അനുസ്മരണക്കുറിപ്പ്‌:
ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓർമിക്കപ്പെടും. നിത്യശാന്തി നേരുന്നു
dennis lal

INDIANEWS24 MOVIE DESKmammootty dennis

 

Leave a Reply