728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രവാസികാര്യവകുപ്പ് ഇല്ലാതാകുമ്പോള്‍ ആശങ്കയിലാകുന്നത് ഗള്‍ഫ് മലയാളികള്‍

പ്രവാസികാര്യ വകുപ്പ് ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി വന്‍ തിരിച്ചടിയായേക്കാമെന്ന ആശങ്കയില്‍ ഗള്‍ഫ് മലയാളികള്‍.വകുപ്പ് ഇല്ലാതാകുന്നതോടെ സംസ്ഥാന സര്‍ക്കാരിന് പ്രവാസികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നേരിട്ട്‌ ഇടപെടാന്‍ കഴിയാതെ വരുന്നതും ഏറെ ഗൗരവത്തോടെ കാണുന്നുണ്ട്‌.പ്രധാനമന്ത്രിയുടെ അംഗീകാരം നേടിയ തീരുമാനം പ്രാബല്യത്തിലായാല്‍ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന അനേകം വിഷയങ്ങളില്‍ ഒന്നുമാത്രമായി പ്രവാസികാര്യ വകുപ്പ് ഒതുങ്ങും.

പ്രവാസി വകുപ്പ് ഇല്ലാതാക്കി പകരം വിദേശകാര്യ വകുപ്പുമായി ലയിപ്പിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകരിച്ചിരിക്കുകയാണ്.ഇക്കാര്യം ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു.തീരുമാനം മൂലം അമേരിക്കയിലെയും യൂറോപ്പിലെയും പ്രവാസികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാകില്ല.ഗള്‍ഫ് മലയാളികളുടെ സ്ഥിതി അതല്ല.പ്രവാസി വകുപ്പ് ഇല്ലാതാകുന്നതോടെ ലക്ഷക്കണക്കിന് വരുന്ന ഗള്‍ഫ് മലയാളികള്‍ ദുരിതത്തിലാകും.അവിടങ്ങളില്‍ നേരിടുന്ന തൊഴില്‍ പ്രശ്‌നങ്ങളിലടക്കം പരിഹാരം കാണാന്‍ പ്രവാസിവകുപ്പിലൂടെ സാധിക്കുന്നു.മാത്രമല്ല ഈ വകുപ്പ് വഴി സംസ്ഥാന സര്‍ക്കാരിന് ഗള്‍ഫ് മലയാളികളുടെ പ്രശ്‌നത്തില്‍ നേരിട്ട് ഇടപെടാനും സാധിക്കുമായിരുന്നു.ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ജോലി അവസാനിപ്പിച്ച് മടങ്ങുന്ന മലയാളികളുടെ എണ്ണം ഓരോ വര്‍ഷവും കൂടിവരികയാണെന്നതും ഗൗരവമായെടുക്കേണ്ടിയിരിക്കുന്നു.

പന്ത്രണ്ട് വര്‍ഷം മുമ്പ് ഇടത് പക്ഷത്തിന്റെ പിന്തുണയോടെ യു പി എ സര്‍ക്കാര്‍ അധികാരത്തിലേറിയ 2004ലാണ് വിദേശകാര്യ വകുപ്പില്‍ നിന്നും വിഭജിച്ച് പ്രവാസിവകുപ്പിന് രൂപം നല്‍കിയത്.പ്രവാസികളുടെ ക്ഷേമകാര്യങ്ങളില്‍ ഇടപെടുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ആയിരുന്നു ഇത്.കൂടാതെ ഗള്‍ഫില്‍ നിന്നുള്ള നിക്ഷേപം ചിതറിപ്പോകാതിരിക്കാനും തിരിച്ചുവരുന്നവരെ പുനരധിവസിപ്പുക്കുന്നതടക്കമുള്ള സമഗ്രമായ പദ്ധതിയാണ് പ്രവാസികാര്യ വകുപ്പിലൂടെ ആവിഷ്‌കരിച്ചിരുന്നത്.

പ്രവാസി വകുപ്പിനെ വീണ്ടും വിദേശകാര്യ വകുപ്പില്‍ ലയിപ്പിക്കുന്നതിനായി കേന്ദ്രം ചൂണ്ടിക്കാട്ടുന്ന വസ്തുത വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് വിദേശകാര്യ മന്ത്രാലയത്തിലൂടെയാണെന്നാണ്.എന്നാല്‍ പ്രവാസി വകുപ്പ് വിദേശകാര്യ വകുപ്പില്‍ ലയിപ്പിക്കുന്നതോടെ പ്രവാസി വിഷയങ്ങളില്‍ മുമ്പത്തെ പോലെ ശ്രദ്ധ കേന്ദ്രീകരിക്കാനാകില്ലെന്ന് അഭിപ്രായമുണ്ട്.നിതാഖാത് പോലുള്ള സ്വദേശി വത്കരണ പദ്ധതികളില്‍ ഗള്‍ഫ് രാജ്യങ്ങല്‍ ശ്രദ്ധകേന്ദ്രീകരിച്ചാല്‍ പ്രവാസികളുടെ വിഷയം കണക്കിലെടുക്കുമ്പോള്‍ വിദേശ വകുപ്പിന്റെ ഒരു വിഭാഗമെന്ന പരിഗണന മാത്രമേ ലഭിക്കൂവെന്നും ഗള്‍ഫ് മലയാളികള്‍ ആശങ്കപ്പെടുന്നു.

INDIANEWS24.COM Gulf Desk

Leave a Reply