728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രവാസികള്‍ക്ക് വോട്ട്: കേന്ദ്രസര്‍ക്കാര്‍ നിലപാട് തിങ്കളാഴ്ച

 

ന്യൂഡല്‍ഹി: പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ എത്താതെതന്നെ വോട്ട് ചെയ്യാന്‍ സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. സര്‍ക്കാര്‍ നിലപാട് പ്രവാസികള്‍ക്ക് അനുകൂലമാകില്ലെന്നാണ് സൂചന. പ്രവാസികള്‍ക്ക് അവര്‍ താമസിക്കുന്ന വിദേശരാജ്യങ്ങളില്‍ തന്നെ വോട്ട് ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തണമെങ്കില്‍ നിയമഭേദഗതി ആവശ്യമാണെന്ന നിലപാടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഉള്ളത്. എന്തായാലും ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയില്ല എന്ന കാര്യം ഉറപ്പാണ്‌.

പ്രവാസികള്‍ക്ക് അവര്‍ നാട്ടില്‍ എത്താതെതന്നെ വോട്ട് ചെയ്യാന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുഎഇയിലെ പ്രവാസിമലയാളിയായ ഡോക്ടര്‍ വി പി ഷംസീറാണ് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി ഫയല്‍ ചെയ്തത്. വോട്ട് ചെയ്യാന്‍ വേണ്ടി മാത്രം പ്രവാസികള്‍ നാട്ടിലെത്തുക അപ്രായോഗികമാണെന്നും വോട്ടവകാശം നിക്ഷേധിക്കപ്പെടുന്നത് മൌലികാവകാശത്തിന്‍റെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. തപാല്‍വോട്ട്, ഓണ്‍ലൈന്‍ വോട്ട് ഇവ ഏര്‍പ്പെടുത്തുക, പ്രവാസികള്‍ താമസിക്കുന്ന രാജ്യത്തെ എംബസികളില്‍ വോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്തുക, അടുത്ത ബന്ധുക്കളെ വോട്ട് ചെയ്യാന്‍ ചുമതലപ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും ഹര്‍ജിക്കാരന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.

ഹര്‍ജിയില്‍ അഭിപ്രായം അറിയിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും നിര്‍ദേശിച്ചിരുന്നു. ഇതിന്‍പ്രകാരം കമ്മീഷനും സര്‍ക്കാരും നിലപാട് ഇന്ന് കോടതിയെ അറിയിക്കും. ഇതില്‍ കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടാകും നിര്‍ണായകം.

ജനപ്രാതിനിധ്യനിയമത്തിലെ 20[എ] വകുപ്പ് പ്രകാരം വോട്ടര്‍പട്ടികയില്‍ പേരുള്ള ബൂത്തില്‍ മാത്രമേ പ്രവാസികള്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ കഴിയൂ. ഈ വകുപ്പ് ഭേദഗതി ചെയ്യാതെ പ്രവാസികള്‍ക്കായി മറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട്. നിയമഭേദഗതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിലപാട് വ്യക്തമാക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. അതിനാല്‍ സര്‍ക്കാരിന്‍റെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും.

ഈ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്ന് ഹര്‍ജിക്കാരനായ ഡോ. വി പി ഷംസീര്‍ ഒരു അറേബ്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ ഭാവിയില്‍ ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നിലപാട് സര്‍ക്കാരിന് വ്യക്തമാക്കേണ്ടിവരും. അഥവാ സര്‍ക്കാര്‍ മടിച്ചുനിന്നാല്‍ സുപ്രീംകോടതി സര്‍ക്കാരിന് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കുമെന്നാണ് കരുതുന്നതെന്ന് ഷംസീര്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ. എന്നാല്‍, തൊഴില്‍പരമായ കാരണങ്ങളാല്‍ രാജ്യത്തിന്‌ പുറത്തുള്ള ഒരു കോടിയോളം പ്രവാസികളില്‍ മഹാഭൂരിപക്ഷത്തിനും കാലാകാലങ്ങളായി നാട്ടില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാന്‍ കഴിയാറില്ല. പല രാജ്യങ്ങളും ഇപ്പോള്‍ വിദേശത്തുള്ള തങ്ങളുടെ പൗരന്മാര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം ഒരുക്കുന്നുണ്ട്.

Leave a Reply