728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രവാസികളെ ദ്രോഹിക്കുന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണം, പിണറായി വിജയന്‍

കുവൈത്ത് സിറ്റി: പ്രവാസികളോട് കാണിക്കുന്ന ദ്രോഹ നടപടികള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേരള ആര്‍ട്ട്‌ ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ്‌ 35 മത് വാര്‍ഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. കോടിക്കണക്കിനു രൂപയാണ് എമിഗ്രേഷന്‍ വഴിയും അതതു സ്ഥലത്തെ എംബസികള്‍ വഴിയും സാധാരണ പ്രവാസികളില്‍ നിന്നു കേന്ദ്ര സര്‍ക്കാര്‍ വിവിധ രീതികളില്‍ പിരിച്ചെടുക്കുന്നത്. എന്നാല്‍ ഈ തുകയൊന്നും പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതായി അറിവില്ല. മിക്ക സമയങ്ങളിലും സാധാരണ പ്രവാസികളുടെ അംബാസഡറാകുന്നത് പ്രവാസി സംഘടനകളാണ്. ഗള്‍ഫ്‌ ഇന്ത്യന്‍ പ്രവാസികളില്‍ ഭൂരിഭാഗം മലയാളികള്‍ ആണ് എന്നുള്ളതുകൊണ്ട് പരവാമവധി എംബസി ഓഫീസുകളില്‍ മലയാളി ഉദ്ദ്യോഗസ്ഥറെ നിയോഗിക്കെണ്ടതുടെന്നും അദ്ദേഹം പറഞ്ഞു. അടിക്കടി വിമാന നിരക്കുയര്ത്തിയും നാട്ടിലേക്ക് കൊണ്ട് പോകുന്ന ലഗേജിന്‍റെ പരിധി കുറച്ചും സാധാരണക്കാരായ പ്രവാസികളെ ദ്രോഹിക്കുകയാണ് എയര്‍ ഇന്ത്യ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ കാഴ്ചക്കാരന്റെ റോള്‍ അഭിനയിക്കാതെ പ്രവാസിക്കനുഗുണമായ തീരുമാനം എടുപ്പിക്കാന്‍ സര്‍ക്കാരുകള്‍ തയാറാകണം.

പ്രവാസികളുടെ വിഷയത്തില്‍ മാത്രമല്ല പൊതുവെ ജനവിരുദ്ധ നയ നിലപാടുകാളാണ് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കൈക്കൊള്ളുന്നത് എന്നും പ്രസംഗത്തില്‍ പിണറായി ചൂണ്ടിക്കാട്ടി. എന്ത് മാനക്കേടും സഹിച്ചു അധികാരത്തില്‍ തുടരും എന്ന് പറയുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നും പിണറായി പറഞ്ഞു. എന്തായാലും ഇത്തരം നിലപാടുകള്‍ കൈക്കൊള്ളുന്നവര്‍ക്ക് ഇനി അധികകാലം ആയുസ്സില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

ആയിരക്കണക്കിന് കുവൈറ്റിലെ പ്രവാസി മലയാളികളാണ് ചടങ്ങിനെത്തിയെത്. പിണറായി വിജയന് സ്നേഹ നിര്‍ഭരമായ സ്വീകരണമാണ് കുവൈറ്റ്‌ മലയാളികള്‍ നല്‍കിയത്. കലയുടെ 40 യൂനിറ്റുകള്‍ക്ക് വേണ്ടി കണ്‍വീനര്മാരും കേന്ദ്ര കമ്മറ്റിക്ക് വേണ്ടി ട്രഷറര്‍ വിനോദ്.കെ.ജോണും വനിതാവേദി കുവൈറ്റിന് വേണ്ടി ശാര്ളറ്റ് ആല്‍ബര്‍ട്ടും ബാലവേദി കുവൈറ്റിന് വേണ്ടി മാളവിക ദിലീപും പിണറായിയെ സ്വീകരിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കല കുവൈറ്റ്‌ പ്രസിഡണ്ട്‌ ടി.വി.ഹിക്മത്ത് അദ്ധ്യക്ഷനായിരുന്നു. തോമസ്‌ ചാണ്ടി എം.എല്‍.എ, എം.മാത്യൂസ്, ശ്യാമള നാരയാണന്‍, നിധീഷ് സുധാകരന്‍, എന്‍.അജിത്കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കല കുവൈറ്റ്‌ പ്രവര്‍ത്തകരായ കെ.എസ്.രാജന്‍, റെജി ജനാര്‍ദ്ദനന്‍ എന്നിവര്‍ക്കുള്ള ഉപഹാരവും പിണറായി കൈമാറി. ഫെബ്രുവരി മാസം മുതല്‍ കുവൈറ്റിലെ വായനക്കാരുടെ മുമ്പിലേക്ക് എത്തുന്ന ഗള്‍ഫ്‌ ദേശാഭിമാനി പത്രത്തിന്‍റെ വരിക്കാരെ ചേര്‍ക്കല്‍ സാംസ്കാരിക പ്രവര്‍ത്തകന്‍ രെഘുനാഥന്‍ നായര്‍ക്ക് നല്‍കി അദ്ദേഹം നിര്‍വ്വഹിച്ചു. ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ സോവനീറിന്‍റെ പ്രകാശവും ഇതേ വേദിയില്‍ നടന്നു. ചടങ്ങിനു കല കുവൈറ്റ്‌ ജനറല്‍സെക്രട്ടറി ജെ.സജി സ്വാഗതവും ജോയിന്റ് സെക്രടറി എന്‍.ആര്‍.രജീഷ് നന്ദിയും പ്രകാശിപ്പിച്ചു.

സമാപന സമ്മേളനത്തിനു മുന്നോടിയായി കല കുവൈറ്റ്‌ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച നാടന്‍ പാട്ട്, സംഘ നൃത്തം, ഗാനമേള എന്നിവ പരിപാടികള്‍ക്ക് പൊലിമയേകി.

ആഘോഷങ്ങള്‍ക്ക് സജി തോമസ്‌ മാത്യൂ, ടി.വി.ജയന്‍, സ്കറിയ ജോണ്‍, രഞ്ജിത്ത്, അനില്കൂക്കിരി, സുനില്‍ ടി.കെ.സൈജു, നിസ്സാര്‍, ആര്‍.നാഗനാഥന്‍, കെ.സുദര്‍ശന്‍, പ്രിന്‍സ്റ്റന്‍ ഡിക്രൂസ്, സി.കെ.നൌഷാദ്, ദിലിപ് നടേരി, വിന്നു കല്ലേലി, രഹീല്‍.കെ.മോഹന്‍ദാസ്‌, കൃഷണകുമാര്‍, സജിത സ്കറിയ, രെമ അജിത്‌, സുഗതന്‍ കാട്ടാക്കട, ബാലഗോപാല്‍, തോമസ്‌ മാത്യു കടവില്‍, നോബി ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply