728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രവര്‍ത്തകര്‍ സ്വന്തം വീടുകളില്‍ നിന്ന് മാലിന്യ നിര്‍മാര്‍ജനം തുടങ്ങണമെന്ന് സി പി എം ആഹ്വാനം

തിരുവനന്തപുരം:മാലിന്യവിമുക്തമാക്കല്‍ സ്വന്തം വീടുകളില്‍ നിന്നും തന്നെ തുടങ്ങണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് സി പി എമ്മിന്റെ ആഹ്വാനം.സി പി എം നേതൃത്വത്തിലാരംഭിക്കുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ജില്ലാതല ഉദ്ഘാടന ചടങ്ങിനിടെ പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനാണ്‌ നയം വ്യക്തമാക്കിയത്.

ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് തുടങ്ങാനിരിക്കുന്ന സമ്മേളനങ്ങള്‍ക്കൊന്നും ഫ്‌ളെക്‌സുകള്‍ ഉപയോഗിക്കരുതെന്ന് കോടിയേരി പറഞ്ഞു.പ്ലാസ്റ്റിക് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ മാതൃകയാകണമെന്ന് കോടിയേരി പറഞ്ഞപ്പോള്‍ ചടങ്ങിലുണ്ടായിരുന്ന സി പി എം കേന്ദ്ര കമ്മറ്റിയംഗം ഡോ. ടി എം തോമസ് ഐസക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വീട്ടില്‍ നിന്നും തന്നെ ശുചീകരണ പ്രവര്‍ത്തനം തുടങ്ങണമെന്ന് നിര്‍ദ്ദേശിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഫ്‌ളെക്‌സ് നിരോധത്തെ പിന്തുണയ്ക്കുന്നുവെന്ന് കോടിയേരി പറഞ്ഞു.അഴിക്കാന്‍ കഴിയാതിരുന്ന കുരുക്കഴിക്കാന്‍ ജനകീയ പ്രസ്ഥാനത്തിന് കഴിയുമെന്ന് തെളിയിക്കുന്നതാകും പാര്‍ട്ടിയുടെ മാലിന്യ നിര്‍മാര്‍ജ്ജന പരിപാടിയെന്ന് തോമസ് ഐസക് പറഞ്ഞു.കേരള പിറവി ദിനത്തില്‍ തിരുവനന്തപുരത്തെ മാലിന്യ കൂമ്പാരം സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ നീക്കംചെയ്യും.

അറുപത്തിയെട്ടാം സ്വാതന്ത്രദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സ്വച്ഛ ഭാരത് പദ്ധതിയുടെ ചുവടുപിടിച്ചാണ് സി പി എമ്മും പുതിയ ഉധ്യമത്തിന് തുനിഞ്ഞിരിക്കുന്നത്.ഗാന്ധി ജയന്തി ദിനത്തില്‍ ദേശീയ തലത്തില്‍ ആരംഭിച്ച പദ്ധതിക്ക് കേരള സര്‍ക്കാരും പങ്കുചേര്‍ന്നിരുന്നു.ഇതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ഫ്‌ളെക്‌സുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചത്.അതേ സമയം ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടി സ്വന്തം നിലയ്ക്ക് മാലിന്യ നിര്‍മാര്‍ജ്ജനത്തിന് സജ്ജീവമായി മുന്നോട്ട് വന്നിരിക്കുന്നത് സി പി എമ്മാണ്.

INDIANEWS24.COM TVPM

Leave a Reply