728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രമുഖ നേതാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണില്‍ എം വി ആര്‍ അഗ്നിനക്ഷത്രമായി

കണ്ണൂര്‍: കേരളരാഷ്ട്രീയത്തിലെ പ്രമുഖര്‍ അന്ത്യ വിശ്രമം കൊള്ളുന്ന പയ്യാമ്പലത്ത് അന്തരിച്ച സി എം പി നേതാവ് എം വി രാഘവനും ചിതയൊരുക്കി.എ കെ ജി, കെ പി ആര്‍,അഴീക്കോടന്‍ രാഘവന്‍, ഒ ഭരതന്‍ തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കളും പാമ്പന്‍ മാധവന്‍, എന്‍ രാമകൃഷ്ണന്‍ തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലമാണ് പയ്യാമ്പലം.സി ഐ ടി യു നേതാവ് സി കണ്ണന്റെ തൊട്ടരികില്‍ തിങ്കളാഴ്ച്ച ഉച്ചയോടെ എം വി ആറിന്റെ മൃതദേഹത്തിന് അഗ്നിപകര്‍ന്നു.

മക്കളായ എം വി ഗിരീഷ് കുമാര്‍, എം വി രാജേഷ് കുമാര്‍, എം വി നികേഷ് കുമാര്‍ എന്നിവര്‍ ചിതയ്ക്കു തീകൊളുത്തി. മുന്‍മന്ത്രിക്ക് വിട നല്‍കികൊണ്ട് പൊലീസ് സേന അന്തിമസല്യൂട്ട് നല്‍കി. ഇന്നുരാവിലെ കണ്ണൂരിലെ ജനങ്ങള്‍ വികാര നിര്‍ഭരമായയാത്രയയപ്പാണ് എം വി ആറിന് നല്‍കിയത്. പ്രിയനേതാവിന്റെ വിയോഗമറിഞ്ഞ് വന്‍ ജനാവലിയെത്തി.ഇടതുവലതു നേതാക്കളും സമൂഹത്തിലെ സാധാരണക്കാരും വിവിധ തൊഴില്‍ മേഖലകളിലുളള തൊഴിലാളികളും സഹകാരികളും എം വി ആറിനെ ഒരു നോക്കുകാണാനായെത്തി.രാഷ്ട്രീയ അഭിപ്രായവ്യത്യാസം മറന്ന് കോടിയേരി ബാലകൃഷ്ണന്‍, ഇ പി ജയരാജന്‍, പി കെ ശ്രീമതി എം.പി. തുടങ്ങിയവര്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ വന്നു. സി എം പിയിലെ ഇരുവിഭാഗവും ഒത്തുചേര്‍ന്ന് അന്തിമോചാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

രണ്ട് വര്‍ഷത്തോളമായി ചികിത്സയില്‍ കഴിയുന്ന എം വി ആര്‍ ഞായറാഴ്ച്ച രാവിലെ 9.10 ഓടെ പരിയാരം സഹകരണ മെഡിക്കല്‍ കോളജിലാണ് അന്ത്യ ശ്വാസം വലിച്ചത്.എം വി ആര്‍ പങ്കെടുത്ത അവസാന പൊതു പരിപാടി ഇന്ത്യാന്യൂസ്24 റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശനിയാഴ്ച്ച പറശിനികടവ് ആയുര്‍വേദ മെഡിക്കല്‍ കോളജിലെ ലേഡീസ് ഹോസ്റ്റല്‍ ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം അവസാനമായി പങ്കെടുത്ത പൊതു പരിപാടി.

തിങ്കളാഴ്ച്ച രാവിലെ എട്ടേ മുക്കാലിന് ബര്‍ണശേരിയിലെ വീട്ടില്‍ നിന്നും മൃതദേഹം യോഗശാല റോഡിലുളള സി എം പി ജില്ലാകമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുവന്നു. ഇവിടെ ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിന് വച്ചതിനുശേഷം കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലേക്ക് കൊണ്ടുപോയി. സി എം പി പ്രവര്‍ത്തകര്‍ ‘ഇന്‍ക്വിലാബ്’ മുദ്രാവാക്യം വിളികളോടെയാണ് പത്തുമണിയോടെ ടൗണ്‍ സ്‌ക്വയറിലേക്ക് കൊണ്ടുവന്നത്. ടൗണ്‍ സ്‌ക്വയറിലെസമരപന്തലില്‍ മൃതദേഹം വച്ചപ്പോള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവരുടെ ക്യൂ ഏറെ നീണ്ടു. ഇവിടെ രണ്ടുമണിക്കൂറോളം പൊതുദര്‍ശനത്തിന് വച്ചതിനുശേഷം വാഹനങ്ങളുടെ നീണ്ട നിരയോടെ വിലാപയാത്രയായാണ് എം വി ആറിന്റെ മൃതദേഹം പയ്യാമ്പലത്തേക്ക് എത്തിച്ചത്. മുന്നില്‍ അലങ്കരിച്ച കെ.എസ്.ആര്‍.ടി.സി ബസാണ് എം വിആറിന്റെ അവസാനയാത്രയ്‌ക്കൊരുക്കിയത്.

ആയിരങ്ങള്‍ പങ്കെടുത്ത വിലാപയാത്ര12.30ഓടെ പയ്യാമ്പലത്തെത്തി. അന്തിമോചാര ചടങ്ങുകള്‍ നടക്കവേ ധീരസഖാവെ എം.വി.ആറെ ഇല്ല, നിങ്ങള്‍ മരിക്കുന്നില്ല എന്ന മുദ്രാവാക്യം പ്രവര്‍ത്തകര്‍ ആവേശത്തോടെ കൈയുയര്‍ത്തി വിളിക്കുന്നുണ്ടായിരുന്നു.

INDIANEWS24 KANNUR

Leave a Reply