jio 800x100
jio 800x100
728-pixel-x-90
<< >>

പ്രമുഖ കവിക്കെന്താ കൊമ്പുണ്ടോ?

ബാലചന്ദ്രന്‍ ചുള്ളിക്കാട് മലയാളത്തിലെ എക്കാലത്തെയും മികച്ച കവികളില്‍ ഒരാളാണ് എന്ന കാര്യത്തില്‍ ആരും തര്‍ക്കം ഉന്നയിക്കുമെന്ന് തോന്നുന്നില്ല. ആ ആദരം അദ്ദേഹം അര്‍ഹിക്കുന്നുമുണ്ട്. എന്നാല്‍, നല്ല കവിതകള്‍ എഴുതി എന്നത് ആരെയും പരസ്യമായി അവഹേളിക്കാനുള്ള അവകാശമാണ് എന്ന് ചുള്ളിക്കാടോ അദ്ദേഹത്തിന്‍റെ ആരാധകരോ കരുതുന്നുണ്ടെങ്കില്‍ എല്ലാ സ്നേഹബഹുമാനങ്ങളോടെ അതിനോട് വിയോജിക്കാതിരിക്കാന്‍ കഴിയില്ല എന്ന് പറയേണ്ടിവരും.
കവിതയിലേക്ക് മടങ്ങിവന്നുകൂടെ എന്ന് ചോദിക്കുന്ന സദസ്യനോട്, സൗകര്യമില്ല എന്ന് ആക്രോശിക്കുന്ന ചുള്ളിക്കാടിന്‍റെ വീഡിയോ ആണല്ലോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറുന്നത്. എന്‍റെ കവിത വായിച്ചിട്ട് ചാകാനിരിക്കുകയാണോ ഇവനൊക്കെ എന്ന പുലഭ്യവും കവിമുഖത്തുനിന്ന് നിര്‍ഗമിക്കുന്നുണ്ട്.
അല്ലയോ മഹാനായ കവി, ആ ചോദ്യം ഉന്നയിച്ച വ്യക്തി താങ്കളുടെ വീടിന്‍റെ വാതില്‍ ചവിട്ടിത്തുറന്ന്, മര്യാദയ്ക്ക് വീണ്ടും കവിതയെഴുതിക്കോളൂ എന്ന്‍ ഭീഷണിപ്പെടുത്തുകയായിരുന്നില്ലല്ലോ. ഒരു സംവാദപരിപാടിയില്‍ സംഘാടകരുടെ ക്ഷണം സ്വീകരിച്ച് കസേരയും മൈക്കുമായി ഇരുന്ന താങ്കളോടാണ് സദസ്സില്‍ ഒരാള്‍ ചോദ്യം ചോദിച്ചത്. ഇത്തരമൊരു പൊതുപരിപാടിയില്‍ സംഘാടകരുടെ അറിയിപ്പ് പ്രകാരം എത്തുന്ന ആള്‍ക്കാരേക്കാള്‍ സവിശേഷമായ ഒരു കൊമ്പും പ്രതാപവും താങ്കള്‍ക്കില്ല. നിങ്ങളെ കേള്‍ക്കാന്‍ സ്വന്തം പോക്കറ്റില്‍നിന്ന് പണം മുടക്കിയാണ് അവര്‍ അവിടെ വന്നിരിക്കുന്നത്. നിങ്ങളെപ്പോലെ കാറും പോക്കറ്റ്മണിയും കിട്ടിയിട്ടല്ല എന്ന് ചുരുക്കം. സ്വന്തം അഭിപ്രായം പറയാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അത് മാന്യമായ രീതിയില്‍ വേണമെന്ന് മാത്രം. അല്ലെങ്കില്‍ ഇത്തരം പരിപാടികളിലേക്ക് സ്വയം കെട്ടിയെഴുന്നള്ളി വരാതിരിക്കുകയാകും ഉചിതം.
ആ സംവാദപരിപാടിയില്‍ ചോദ്യമുന്നയിച്ച ഒരു പെണ്‍കുട്ടിയോടും താങ്കള്‍ തട്ടിക്കയറുന്നത് കണ്ടു. കഴിഞ്ഞയാഴ്ച മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച കവിത വായിച്ചിട്ടില്ലപോലും. താങ്കള്‍ എഴുതിയ എല്ലാ കവിതകളും വായിച്ചവര്‍ മാത്രമേ താങ്കളോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടുള്ളൂ എങ്കില്‍ സാഹിത്യനിരൂപകന്‍ സാക്ഷാല്‍ എം കൃഷ്ണന്‍ നായര്‍ പരലോകത്തുനിന്ന്‍ തിരിച്ചുവരികയെ നിര്‍വാഹമുള്ളൂ.
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും സിനിമ മോശമായാല്‍ തിയറ്ററുകളില്‍ ആള്‍ക്കാര്‍ കൂവിവിളിക്കുന്ന നാടാണ്. മോഹന്‍ലാല്‍ എഴുതുന്ന ബ്ലോഗുകള്‍പോലും [അതും സഭ്യമായ ഭാഷയില്‍] സമൂഹ്യവിമര്‍ശനങ്ങള്‍ക്ക് വിധേയമാകാറുണ്ട്. അതിന്‍റെ പേരില്‍ അവരാരും ഇതുപോലെ അസഹിഷ്ണുത കാണിക്കാറില്ലല്ലോ.
എന്തിനേറെ, നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ സാമൂഹ്യവിമര്‍ശനങ്ങള്‍ നേരിടുന്നത് രാഷ്ട്രീയപ്രവര്‍ത്തകരാണ്. അതില്‍ വലിയൊരു പങ്കും സ്വന്തം കുടുംബത്തെപ്പോലും മറന്ന് നാടിനുവേണ്ടി ജീവിക്കുന്നവരാണ്. പക്ഷെ, ചെറിയൊരു നാക്കുപിഴയുടെ പേരില്‍പോലും അവര്‍ ജീവിതാന്ത്യംവരെ വിമര്‍ശിക്കപ്പെടുന്നില്ലേ.
പ്രിയ കവി, മേല്‍പറഞ്ഞവര്‍ക്ക് ഇല്ലാത്ത എന്ത് കവചകുണ്ടലങ്ങളാണ് നിങ്ങള്‍ക്കുള്ളത്. ഒരുനേരത്തെ ഭക്ഷണത്തിന്‍റെ പൈസ പോലും മാറ്റിവെച്ച്, നിങ്ങളുടെ കവിതകള്‍ വിലകൊടുത്ത് വാങ്ങിയ വലിയൊരു സമൂഹം ഇവിടെയുണ്ട്. അവരുടെ വിയര്‍പ്പിന്‍റെ രുചി നിങ്ങള്‍ റോയല്‍റ്റി എന്നും മറ്റുമുള്ള ഓമനപ്പേരില്‍ നൊട്ടിനുണഞ്ഞിട്ടുമുണ്ട്. അന്ന് നിങ്ങള്‍ എഴുതിയ വാക്കുകളുടെ മഹാപ്രവാഹത്തില്‍ തീയും തീനാമ്പും ഉണ്ടായിരുന്നു. എന്നാല്‍, അതിന്‍റെ പേരില്‍, നിങ്ങള്‍ വാക്കുകള്‍ക്ക് വിലയിട്ട് എഴുതിക്കൊടുക്കുന്ന എന്ത് ചവറും ആജീവനാന്തം വായിച്ചുകൊള്ളാമെന്ന് തീറാധരം എഴുതിത്തരാന്‍ തല്‍ക്കാലം സൗകര്യമില്ല. എന്‍റെ കവിത വായിച്ചിട്ട് ചാകാനിരിക്കുകയാണോ നീയൊക്കെ എന്ന് ചോദിച്ചാല്‍, താങ്കളുടെ കവിത വായിച്ചില്ലെങ്കില്‍ ഞങ്ങള്‍ ചത്തുപോകുകയില്ല എന്ന് തിരിച്ച് മറുപടി പറയേണ്ടിവരും. ചാകാതിരിക്കാന്‍ ഞങ്ങള്‍ അഭ്രപാളികളിലെ താങ്കളുടെ അനുപമപ്രകടനങ്ങള്‍ വീണ്ടുംവീണ്ടും കണ്ടുകൊണ്ടിരിക്കാം.

Leave a Reply