jio 800x100
jio 800x100
728-pixel-x-90
<< >>

പ്രതിഭാറായിക്ക് ജ്ഞാനപീഠം

ന്യൂഡല്‍ഹി: 2011-ലെ ജ്ഞാനപീഠപുരസ്‌കാരം പ്രശസ്ത ഒറിയ സാഹിത്യകാരി പ്രതിഭാറായിക്ക്. ഏഴുലക്ഷം രൂപയും വാഗ്‌ദേവിയുടെ വെങ്കലശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.

നോവലുകളിലൂടെയും ചെറുകഥകളിലൂടെയും കവിതകളിലൂടെയും ഒഡിയ ഭാഷയെ വിരുന്നൂട്ടിയ ഈ അറുപത്തിയൊമ്പതുകാരിക്ക് ഭാരതീയ സാഹിത്യത്തിനു നല്‍കിയ സവിശേഷസംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.

”ഒഡിയഭാഷയില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന നോവലിസ്റ്റും കഥാകൃത്തുമാണ് പ്രതിഭാറായി. കഥപറച്ചിലിന്റെ മഹാപാരമ്പര്യത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് അവരുടെ രചനകള്‍. സ്ത്രീപക്ഷത്തുനിന്ന് ഇതിഹാസങ്ങളെ പുനര്‍വായന നടത്തിയ നോവലിസ്റ്റുമാണ് പ്രതിഭ” ജ്ഞാനപീഠജേതാവ് സീതാകാന്ത് മഹാപത്ര അധ്യക്ഷനായുള്ള പുരസ്‌കാരനിര്‍ണയസമിതി വിലയിരുത്തുന്നു.

17 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒഡിയ സാഹിത്യം ജ്ഞാനപീഠത്തിന് അര്‍ഹമാകുന്നത്. ഇതിനുമുമ്പ് സീതാകാന്ത് മഹാപത്രയാണ് ആ ഭാഷയില്‍നിന്ന് പുരസ്‌കാരം നേടിയത്. 23 വര്‍ഷമായി ജ്ഞാനപീഠം ലഭിക്കാത്ത തെലുങ്കുസാഹിത്യവും ഇക്കുറി പരിഗണനയില്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രതിഭാറായിയുടെ പേര് സമിതിയില്‍ ഏകകണ്ഠമായി അംഗീകരിക്കപ്പെടുകയായിരുന്നു. പാരമ്പര്യങ്ങളെ പുനര്‍വ്യാഖ്യാനിച്ച എഴുത്തുകാരിയാണ് പ്രതിഭയെന്ന് പുരസ്‌കാരസമിതി അംഗമായ കവി സച്ചിദാനന്ദന്‍ ‘മാതൃഭൂമി’യോടു പറഞ്ഞു.

കവിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന പരശുരാമദാസിന്റെയും സാമൂഹികപ്രവര്‍ത്തകയായിരുന്ന മനോരമാദേവിയുടേയും ഏഴുമക്കളില്‍ ഒരാളാണ് പ്രതിഭ. 1943 ല്‍ ജഗത്‌സിങ്പുര്‍ ജില്ലയിലുള്ള ആലബോള്‍ എന്ന കുഗ്രാമത്തില്‍ ജനിച്ചു. ഒമ്പതാംവയസ്സുമുതല്‍ എഴുതിത്തുടങ്ങി. ആദ്യം കവിതയിലും തുടര്‍ന്ന് കഥയിലും നോവലിലും വ്യക്തിമുദ്ര പതിപ്പിച്ചു. ഡോക്ടറാകാനുള്ള പഠനം ഉപേക്ഷിച്ച് അധ്യാപനജീവിതം തിരഞ്ഞെടുത്തു. ഒഡിഷയിലെ വിവിധകോളേജുകളില്‍ മുപ്പതുവര്‍ഷത്തോളം അധ്യാപികയായിരുന്നു.

ആദ്യനോവലായ ‘വര്‍ഷം, വസന്തം, വൈശാഖം’ പ്രതിഭാ റായിയുടെ പ്രതിഭ വിളിച്ചറിയിച്ചു. ‘ശിലാപത്മ’ എന്ന നോവലിന് ഒഡിഷ സാഹിത്യ അക്കാദമി അവാര്‍ഡും ‘അപരിചിത’ എന്ന സ്വന്തം നോവലിനെ ആധാരമാക്കി നിര്‍മിച്ച ചലച്ചിത്രത്തിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ളഅവാര്‍ഡും നേടി. ഒഡിഷയിലെ ആദിവാസി ഗോത്രക്കാരായ ‘ബോണ്ടോ’കളെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുള്ള അവര്‍ സാഹിത്യസാംസ്‌കാരിക സംഘടനകളിലും സാമൂഹികപരിവര്‍ത്തനരംഗത്തും സജീവസാന്നിധ്യമാണ്. ജാതി, മത, ലിംഗഭേദമെന്യേയുള്ള മാനവസമത്വത്തിനും മനുഷ്യസ്‌നേഹത്തിനും ആഹ്വാനം ചെയ്യുന്ന ഇരുപത് നോവലുകളും ഇരുപത്തിനാല് കഥാസമാഹാരങ്ങളും രചിച്ചു. മലയാളം അടക്കമുള്ള മിക്കവാറും എല്ലാ ഭാരതീയഭാഷകളിലേക്കും കൃതികള്‍ വിവര്‍ത്തനംചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഭുവനേശ്വറില്‍ താമസിക്കുന്ന പ്രതിഭാറായിയെ 2007-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

Leave a Reply