jio 800x100
jio 800x100
728-pixel-x-90
<< >>

പ്രതിക്ഷേധം പടരുന്നു; പോര്‍വിളിയുമായി ട്രംപ്

വാഷിംഗ്‌ടണ്‍: ജോര്‍ജ് ഫ്ലോയ്ഡ് എന്ന കറുത്ത വംശജനെ പോലീസ് കൊലപ്പെടുത്തിയതിനെതിരെ അമേരിക്കയില്‍ നടക്കുന്ന പ്രതിക്ഷേധം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. ചില സ്ഥലങ്ങളില്‍ പ്രതിക്ഷേധം കലാപവും കൊള്ളയുമായി മാറി. പലയിടങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍, കോവിഡ്കാല നിയന്ത്രണങ്ങളും കര്‍ഫ്യൂവും അവഗണിച്ച് ആയിരങ്ങളാണ് പ്രകടനങ്ങളില്‍ പങ്കെടുക്കുന്നത്. അതേസമയം പ്രതിക്ഷേധക്കാരെ കൂടുതല്‍ പ്രകോപിപ്പിക്കുകയാണ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. പ്രതിക്ഷേധം അടിച്ചമര്‍ത്താന്‍ സൈന്യത്തെ ഇറക്കുമെന്നാണ് ട്രംപിന്റെ വെല്ലുവിളി.
പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ വൈറ്റ്‌ഹൌസിന് മുന്നില്‍പോലും സമീപകാലത്തെങ്ങും ഇല്ലാത്ത പ്രതിക്ഷേധമാണ് കാണുന്നത്. സുരക്ഷാകാരണങ്ങളാല്‍ ട്രംപിനെ ഞായറാഴ്ച രാത്രി വൈറ്റ്‌ഹൌസിനുള്ളിലുള്ള ബങ്കറിലേക്ക് മാറ്റി.
അതേസമയം, എരിതീയില്‍ എണ്ണ ഒഴിക്കുന്ന സമീപനം പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് തുടരുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കുകയാണ്. പ്രതിക്ഷേധക്കാര്‍ കഴിഞ്ഞ ദിവസം ഭാഗികമായി തീവെച്ച സെന്റ്‌ ജോണ്‍സ് എപ്പിസ്കോപ്പല്‍ പള്ളിയിലേക്ക് ട്രംപ് തിങ്കളാഴ്ച കാല്‍നടയായി പോയി. വൈറ്റ്ഹൌസിന് 200 മീറ്റര്‍ അകലെമാത്രമുള്ള പള്ളിയിലേക്ക് ട്രംപിന് പോകാന്‍ പ്രതിക്ഷേധക്കര്‍ക്കെതിരെ കടുത്ത ബലപ്രയോഗമാണ് പോലീസ് നടത്തിയത്. പള്ളിയ്ക്ക് മുന്നില്‍ കയ്യില്‍ ബൈബിളുമേന്തി ട്രംപ് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.
മുന്നറിയിപ്പുപോലും ഇല്ലാതെ ട്രംപ് നടത്തിയ പള്ളി സന്ദര്‍ശനത്തെ വാഷിംഗ്‌ടണ്‍ എപ്പിസ്കോപ്പല്‍ ബിഷപ്പ് മരിയന്‍ ബുദേ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. പള്ളിയില്‍ പ്രാര്‍ത്ഥന പോലും നടത്താതെ തിരിച്ചുപോയ ട്രംപ് ഈ സന്ദര്‍ശനം തന്‍റെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. അദ്ദേഹം പറയുന്നതും ചെയ്യുന്നതുമെല്ലാം പ്രശ്നം വഷളാക്കാന്‍ മാത്രമേ ഉപകരിക്കൂ. ജനങ്ങളെ ഭിന്നിപ്പിക്കാനാണ്‌ ട്രംപ് ശ്രമിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു.
അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് സൈന്യത്തെ വിന്യസിക്കാന്‍ താന്‍ തയ്യാറാകുമെന്ന് സ്റ്റേറ്റ് ഗവര്‍ണര്‍മാര്‍ക്ക് ട്രംപ് മുന്നറിയിപ്പ് നല്‍കി. കാര്യങ്ങള്‍ ക്രിയാത്മകമായി കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ നാവടക്കാനായിരുന്നു ട്രംപിന് ഹൌസ്റ്റന്‍ പോലീസ് മേധാവിയുടെ മറുപടി.

Leave a Reply