728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രചാരണം കൊട്ടിത്തീര്‍ത്തു; മനസ്സ് തുറക്കാതെ കേരളം

തിരുവനന്തപുരം: പരസ്യപ്രചാരണം അവസാനിച്ചു. കേരളം വ്യാഴാഴ്ച പോളിംഗ്ബൂത്തിലേക്ക്. പതിവിനു വിരുദ്ധമായി ഇത്തവണ ഇരുമുന്നണികള്‍ക്കും അനുകൂലമായോ പ്രതികൂലമായോ ഉള്ള തരംഗങ്ങളൊന്നും പ്രചാരണവേളയില്‍ ദൃശ്യമായില്ല. അതുകൊണ്ട്തന്നെ ജനമനസ്സ് ആര്‍ക്കൊപ്പമെന്ന് പ്രവചിക്കുക ദുഷ്കരം. പകുതിയിലേറെ മണ്ഡലങ്ങളിലും ഏതാണ്ട് ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് അവസാനറൗണ്ടിലും നടക്കുന്നത്.

പൊന്നാനി, മലപ്പുറം, ഏറണാകുളം, വയനാട് സീറ്റുകളില്‍ വ്യക്തമായ മേല്‍ക്കൈ നേടിയിട്ടുണ്ടെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. ആലത്തൂര്‍, ആറ്റിങ്ങല്‍, കാസര്‍കോട്, മണ്ഡലങ്ങള്‍ എല്‍ഡിഎഫും ഏതാണ്ട് ഉറപ്പിച്ച മട്ടാണ്.

ത്രികോണമത്സരം നടക്കുന്ന തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി ശശി തരൂര്‍ കടുത്ത വെല്ലുവിളി നേരിടുകയാണ്. എങ്കിലും നേരിയ ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്താന്‍ കഴിയുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. ചാലക്കുടി, കണ്ണൂര്‍, വടകര, മാവേലിക്കര എന്നിവിടങ്ങളിലും യുഡിഎഫ് നേരിയ മുന്‍‌തൂക്കം നേടിയിട്ടുണ്ട്. അതേസമയം, യുഡിഎഫിന് ശക്തമായ വേരോട്ടമുള്ള തൃശൂരില്‍ സിപിഐയുടെ സി എന്‍ ജയദേവന്‍ യുഡിഎഫിന്‍റെ കെ പി ധനപാലനെ അട്ടിമറിച്ചാല്‍ അദ്ഭുതമില്ല. ആലപ്പുഴയില്‍ അനായാസജയം പ്രതീക്ഷിച്ചിരുന്ന കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ സിപിഎമ്മിന്‍റെ സി ബി ചന്ദ്രബാബു ഉയര്‍ത്തുന്ന ഭീഷണി മറികടക്കാന്‍ വിയര്‍ക്കുകയാണ്.

ഇരുമുന്നണികള്‍ക്കും അഭിമാനപോരാട്ടമായ കൊല്ലത്ത് ഫലം പ്രവചനാതീതമാണ്. കോഴിക്കോടും പാലക്കാടും ഏതു പക്ഷത്തേക്ക് ചായുമെന്ന് പറയുക വയ്യ.

ജാതിമത സമവാക്യങ്ങളും അടിയൊഴുക്കുകളുമാകും കോട്ടയം, ഇടുക്കി, പത്തനംതിട്ട മണ്ഡലങ്ങളില്‍ വിധി നിര്‍ണയിക്കുക. കോട്ടയത്തും ഇടുക്കിയിലും കേരളാകോണ്‍ഗ്രസിലെ പി ജെ ജോസഫ് വിഭാഗത്തിന്‍റെയും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്‍റെയും വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് എല്‍ഡിഎഫ്. പത്തനംതിട്ടയില്‍ കോണ്‍ഗ്രസിനുള്ളിലെ അഭ്യന്തരപ്രശ്നങ്ങളിലാണ് ഇടതുമുന്നണിയുടെ കണ്ണ്. എന്നാല്‍, മുന്നണിയില്‍ പടലപിണക്കങ്ങള്‍ ഉണ്ടെങ്കിലും മണ്ഡലത്തിലെ വലിയ വോട്ടുബാങ്കുകള്‍ തങ്ങളെ വീഴാതെ കാക്കുമെന്ന് യുഡിഎഫ് വിശ്വസിക്കുന്നു.

Leave a Reply