jio horizontal
728-pixel-x-90
<< >>

പ്രകൃതിയുടെ അഗ്നിനേത്രങ്ങള്‍

ഇടയ്ക്ക് പെയ്തുകൊണ്ടിരിക്കുന്ന മഴയിലും നാം ചുട്ടുപൊള്ളുകയാണ്. ലോകമാകെ ഒരു  തീച്ചൂളയായിക്കൊണ്ടിരിക്കുകയാണ്.അതില്‍ മനുഷ്യന്‍റെ നിലനില്‍പ്പ്‌ ആശങ്കാജനകമായിരിക്കുന്നു.പ്രകൃതിയുടെ കനിവ്,ഋതുക്കളുടെ വരദാനം,ഭൂമിയുടെ ഹരിത ഭംഗികള്‍ തുടങ്ങിയയെല്ലാം നമുക്ക് എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു.അവയോടൊപ്പമുള്ള മനസിന്‍റെ ആര്‍ദ്രതയും ഘോഷങ്ങളും നമുക്ക് അന്യമാകുമ്പോള്‍ അതിനു പകരമെന്നോണം നമുക്ക് ലഭ്യമാകുന്നത്  നാം കെട്ടിപ്പടുത്ത വന്ധ്യമായ മണല്‍ ഗോപുരങ്ങളില്‍ കുടി കൊള്ളുന്ന മണല്‍ത്തരികളുടെ പാരുഷ്യവും നിരാര്‍ദ്രതയും മാത്രം.ഇങ്ങനെയൊരു സൃഷ്ടി വേണ്ട എന്ന് പ്രകൃതി തീരുമാനിച്ചത്തിന്‍റെ ലക്ഷണമാണോ മാരകമായ ഉഷ്ണവും വരള്‍ച്ചയും എന്ന് സന്ദേഹിക്കാതെ വയ്യ.പ്രകൃതിയോട് നാം ചെയ്തു കൂട്ടിയ അധര്‍മ്മങ്ങള്‍ക്ക് ഈ അഗ്നിലാവകള്‍ കൊണ്ട് അമ്മ പ്രതികാര ദുര്‍ഗ്ഗയുടെ അവതാരമെടുക്കുകയാണോ? ആ കാരുന്യനിധിയുടെ കണ്‍കളില്‍ നിന്ന് ഇനി രോഷത്തിന്‍റെ അഗ്നി Burning Nature, Warming Earthവര്ഷം മാത്രമേ നമുക്ക് ലഭിക്കുകയുള്ളോ?ഏതായാലും ഇത്തരമൊരു ഭീതി പ്രപഞ്ചജീവിതത്തെയാകെ വലയം ചെയ്തിരിക്കുന്നു.

ഭൂഗര്‍ഭജല പ്രവാഹങ്ങളെപ്പോലെ എന്റെയും നിങ്ങളുടെയും ചേതനയിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന ജീവന്റെ അനാന്ത്യമായ ഒരു നദി – പയസ്വിനി -ഉണ്ട്.അതും എന്നെന്നേക്കുമായ് വരണ്ടു പോകുകയാണോ? കവി വിലപിച്ച പോലെ “ആടിത്തിമിര്‍ക്കുന്ന ഈ തിമിര്‍പ്പികളിലെല്ലാം ആര്‍ത്തലയ്ക്കുന്നത് മൃതിതാളം” ആണോ?പുരാണങ്ങളിലും കവി സങ്കല്‍പ്പങ്ങളിലും സൌരയൂഥനാഥനായ സൂര്യന്റെ പ്രിയപത്നിയാണ് ഭൂമി.അവള്‍ക്ക് മാത്രമാണ് സൂര്യന്‍ ജീവന്റെ മരതകപ്പച്ച പ്രണയ പാരിതോഷികമായി നല്‍കിയിട്ടുള്ളത്.ആ മനോഹരിയുടെ തല മുണ്ഡനം ചെയ്തു വിവസ്ത്രയാക്കി അപമാനിതയും മുറിവേറ്റവളുമാക്കി വെറും തരിശാക്കി മാറ്റിയിരിക്കുകയാണ് അവളുടെ അസുരസന്താനങ്ങളായ മനുഷ്യര്‍.അവര്‍ അമ്മയുടെ രക്തമൂട്ടിക്കുടിച്ച് തിമിര്‍ക്കുന്നത് കണ്ടു രോഷാകുലനായ സൂര്യന്റെ കണ്ണുകളില്‍ നിന്ന് അഗ്നിവര്‍ഷം ചൊരിയുന്നതായിരിക്കുമോ ഈ കത്തുന്ന വേനല്‍?ഇതിനെ നമ്മള്‍ സൂര്യാഘാതം എന്ന് വിളിക്കുന്നത് തന്നെ അബോധപരമായ ഈ ധാരണ കൊണ്ടാണ്.

Burning Nature, Warming Earthകേരളത്തിലെ താപനില അടുത്തിടെ  40.05 ഡിഗ്രിയോളം (പാലക്കാട്) എത്തിയിരുന്നു.സൂര്യാഘാതമേറ്റ് കുഴഞ്ഞു വീഴുന്നവരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു.വനയോര മേഖലകളെല്ലാം വാടിക്കരിഞ്ഞു.വേനല്‍ രോഗങ്ങള്‍ കൊണ്ടും വേനല്‍ക്കെടുതികള്‍ കൊണ്ടും ജീവിതം മുന്നോട്ടു പോകാനാകാതെ വഴിമുട്ടുന്നു.കുടിവെള്ളമില്ലാതെ ഗ്രാമങ്ങളും നഗരങ്ങളുമെല്ലാം പൊരിഞ്ഞ നെട്ടോട്ടമോടുന്ന കാഴ്ച ഇപ്പോള്‍ പെയ്യുന്ന മഴയ്ക്ക് തൊട്ടുമുമ്പ് വരെ നാം കണ്ടതാണ്.കൃഷിയിടങ്ങളെല്ലാം കരിഞ്ഞു ഉപജീവനമാര്‍ഗ്ഗം അടഞ്ഞ കര്‍ഷകര്‍ നിരവധിയാണ്.വന്യജീവികള്‍ പോലും ഒരിറ്റു ദാഹ ജലത്തിനായ്‌ കാടിറങ്ങി വരുന്ന കാഴ്ച എത്ര ദൈന്യത നിറഞ്ഞതാണ്‌.ഒരിറ്റു ജലത്തിനായ്‌ -അത് വെറും ജലമല്ല,ജീവജലമാണ്-കേരളമാകെ ആര്‍ത്ത നാദത്തോടെ വാ തുറന്നു പിടിച്ചു ഒരു വേഴാമ്പലിനെപ്പോലെ കാത്തിരുന്നത്  പണ്ടൊന്നുമല്ല,ഏതാനും ദിനങ്ങള്‍ക്ക്‌ മുമ്പാണ്.

1995നു ശേഷമാണ് കേരളത്തില്‍ താപനിലയില്‍ പെട്ടെന്ന് വര്‍ദ്ധനവ് ഉണ്ടായത്.ഋതുഭേദങ്ങളിലെ താളപ്പിഴയാണിത്തിന്‍റെ ഒരു ഹേതു.എത്ര മനോഹരവും സുഖദവുമായിരുന്നു ഇവിടത്തെ ഋതുക്കളും അവ കൈത്താലമേന്തി വന്നിരുന്ന മഞ്ഞും മഴയുമെല്ലാം.അവയില്‍ തിളങ്ങി നിന്ന കര്‍ഷക സംസ്കാരം,അതിന്റെ “ആദര്‍ശങ്ങളായ” സ്നേഹവും കരുണയും കൂട്ടയ്മയുമെല്ലാം.അവ എത്ര നിരവുട്ട ശാദ്വലവും ഉര്‍വ്വരതയുമായിരുന്നു.എല്ലാം നമ്മള്‍ വിറ്റുപെറുക്കി,കിലുങ്ങുന്ന നാണയത്തുട്ടുകള്‍ക്ക് വേണ്ടി.മഴ തരുന്ന കാടിനെ,തണലോരുക്കുന്ന മരങ്ങളെ,ജീവനമായിരുന്ന പുഴകളെ,അഭയമായിരുന്ന ഭൂമിയെ വിറ്റൊടുക്കുകയും കൂടാതെ ഭൂമിയുടെ..പ്രകൃതിയുടെ സിരകളില്‍ വിഷാണുക്കളും വിഷലോഹങ്ങളും ണുക്കളും കയറ്റി കൊന്നോടുക്കുകയായിരുന്നു മനുഷ്യന്‍.ആന്തരികവും ബാഹ്യവുമായ മരുഭൂമികളുടെ വിസ്തൃതി കൂട്ടുകയായിരുന്നില്ലേ നാം?അഭയമായിരുന്ന ഹരിത മേലാപ്പും പാദമൂന്നാനുള്ള മണ്ണും നാം തന്നെയാണ് നമ്മില്‍ നിന്നും നീക്കിക്കളഞ്ഞു ഇങ്ങനെ സ്വയം അനാഥരായത്.ഈ ഭൂമി എന്റെ കാല്‍ക്കീഴില്‍ നിന്ന് നീങ്ങിപ്പോയല്ലോ എന്ന് പറഞ്ഞ സാര്‍ത്രിന്റെ ഒറൈറ്റസ് എന്ന കഥാപാത്രത്തെപ്പോലെ വിലപിക്കുകയാണിപ്പോള്‍ നാം.nature 8 water scarcity boy drinking

കേരളത്തിന്‍റെ ഈ മാരകാവസ്ഥയ്ക്ക് മറ്റൊരു കാരണം ഒടുങ്ങാത്ത ആഡംബരഭ്രമവും സ്വയം പ്രദര്‍ശനഭ്രമാവുമാണ്.മിതത്വം,ലാളിത്യം തുടങ്ങിയ മൂല്യങ്ങള്‍ നാം കൈവിട്ടുകളഞ്ഞു.കോണ്‍ക്രീറ്റ് വീടുകള്‍,വാഹനങ്ങള്‍ തുടങ്ങിയവയുടെ ക്രമാതീതമായ ആധിക്യം അന്തരീക്ഷത്തിലെ താപനിലയെ വല്ലാതെ ഉയര്‍ത്തുന്നുണ്ട്.കോടിക്കണക്കിനു വീടുകളും 70ലക്ഷത്തിലേറെ വാഹനങ്ങളും ഇന്ന് ഈ കൊച്ചു കേരളത്തിലുണ്ട്.പലര്‍ക്കും രണ്ടോ മൂന്നോ വീടുകള്‍,ഓരോ കുടുംബാംഗത്തിനും ഒന്നിലേറെ വാഹങ്ങള്‍ എന്നിങ്ങനെയാണ് കേരളത്തിലെ സ്ഥിതി.തരിശ് കാഴ്ചകളോടാണ്നമുക്ക് താല്‍പ്പര്യം.അതിനു വേണ്ടി വീട്ടിലെയും റോഡരികിലെയും പച്ചപ്പുകളും പൂച്ചെടികളും നാം പിഴുതെറിയുന്നു,ചെറിയ തോടുകളും ജലാശയങ്ങളും മറ്റും ഇല്ലാതാകുന്നത് പലപ്പോഴും കണ്ണടച്ചുതുറക്കുന്നതിനിടെയാണ്. നാം നിഷ്ക്കരുണം ഇല്ലാതാക്കിയ പച്ചപ്പുകളും ചെറു തോടുകളും പുഴകളുമൊക്കെ അതിസൂക്ഷ്മമായ സന്തുലന സ്രോതസുകളാണ് എന്ന ബോധം നമുക്ക് പണ്ടേ നഷ്ടപ്പെട്ടു.മലയിടിക്കലും പാടം നികത്തലുമെല്ലാം മഴയെ നമ്മില്‍ നിന്നുമകറ്റി.അത് അവശേഷിച്ച ജലവിതാനങ്ങളും നശിക്കുന്നതിനു കാരണമായി.

കേരളത്തിന്‍റെ മാത്രമല്ല ആഗോളപരമായിത്തന്നെ ഈ തീവ്രതാപനം വന്‍ വിപത്തായി മാറിക്കൊണ്ടിരിക്കുകയാണ്.ഇരുപതാം നൂറ്റാണ്ടു മുതല്‍ക്ക് ഭൂപ്രതലത്തിലെ താപനില 0.8 ഡിഗ്രി സെല്‍ഷ്യസ് (1.4 ഡിഗ്രി എ) കൂടി.അതോടുകൂടി കാലാവസ്ഥ അസന്തുലിതമായി.ഋതുപരിണാമങ്ങള്‍ക്ക് താളം തെറ്റി.വനനശീകരണവും വ്യവസായ ശാലകളില്‍ നിന്നുള്ള പുകയും ഇതര മാലിന്യങ്ങളുമാണ് സുപ്രധാന കാരണങ്ങള്‍ എന്ന് പഠങ്ങള്‍ വ്യക്തമാക്കുന്നു.ഐ പി സി സി (ഇന്‍റര്‍ ഗവണ്മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്‌ ചെയിഞ്ച്)ന്‍റെ അഭിപ്രായത്തില്‍ ഭൂപ്രതലത്തിന്റെ താപനില 2.9 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്.

A worker tries to lift up a weak cow from among the carcasses of drought-stricken cows in a paddock at the KMC factory near Athi Riverഇത് താഴ്ന്ന പ്രദേശങ്ങളുടെ കാര്യം.ഉയര്‍ന്ന ഇടങ്ങളില്‍ 2.9 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 6.4 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കുമത്രേ താപനില. ഇതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ അതിഭീകരവും വ്യാപകവുമാണ്.മഞ്ഞു മൂടിക്കിടക്കുന്ന പര്‍വ്വതങ്ങളും സമുദ്രങ്ങളും ഉരുകും.കടല്‍ നിരപ്പ് ഉയരും.കടലിനോട് ചേര്‍ന്ന നഗരങ്ങളും ഇതര  ജനവാസകേന്ദ്രങ്ങളും ഇല്ലാതാകും.മരുഭൂമികള്‍ കൂടുതല്‍ വിസ്തൃതി പ്രാപിക്കും.തീവ്ര കാലാവസ്ഥ-അതി ശൈത്യവും അതി വര്‍ഷവും അത്യുഷ്ണവും-സംജാതമാകും.കടലുകളില്‍ ഉഷ്ണത്തിരകളുണ്ടാകും.ജീവന്റെ നിലനില്‍പ്പ്‌ തന്നെ അപകടത്തിലാകും.ഭക്ഷ്യ സുരക്ഷയും ആവാസ വ്യവസ്ഥയുമൊക്കെ തകരാറിലാകും.സമുദ്രത്തിലെ ഉഷ്ണദ്രവ്യങ്ങള്‍ ഭൂമിയിലെ ഊര്‍ജ്ജ സമ്പത്തിനേക്കാള്‍ വലുതാകും.യു.എന്‍.എഫ്.സി.സി.സി (യുണൈറ്റഡ് നേഷന്‍സ് ഫ്രെയിം വര്‍ക്ക് കണ്‍സെഷന്‍ ക്ലൈമറ്റ്‌ ചെയിഞ്ച്)ലാണ് നടുക്കുന്ന  ഈ സത്യത്തെക്കുറിച്ച് മുന്നറിയിപ്പ് ഉണ്ടായത്.സമുദ്രതീരങ്ങളിലും ദ്വീപുകളിലും താമസിക്കുന്ന കോടിക്കണക്കിനു മനുഷ്യര്‍ അഭയാര്‍ഥികളായി മാറും  എന്നും .യു.എന്‍.എഫ്.സി.സി.സി വെളിപ്പെടുത്തുന്നു.

ഇന്ത്യയിലെ 125 കോടി ജനങ്ങളില്‍ 12 കോടിയും ഇന്ന് ശുദ്ധജലം സ്വപ്നം കാണുന്നവരാണ്.രാജസ്ഥാന്‍,മധ്യപ്രദേശ്‌,ഒറീസ്സ,ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്നത്.അവിടങ്ങളില്‍ കിട്ടുന്ന ജലത്തില്‍ ഫ്ലൂറിന്‍ എന്ന മാരക വിഷം കലര്‍ന്നിട്ടുണ്ട് എന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.ഫ്ലൂറിന്റെ സാന്നിധ്യം എല്ലിനെയും പല്ലിനെയും ദ്രവിപ്പിക്കുന്നു.വൃക്കരോഗത്തിനും അത് കാരണമാകുന്നു.വിഷാണുക്കളും വിഷ ലോഹങ്ങളും കലര്‍ന്ന്‍ ഭൂരിപക്ഷം ജലസ്രോതസുകളും മരണ ദൂതികളായിക്കഴിഞ്ഞു.ഭക്ഷണം വേവിക്കാനുള്ള കഴിവ് പോലും ജലത്തിന് നഷ്ടമായതിനാല്‍ ബേക്കിംഗ് സോഡ ചേര്‍ത്താണ് അവിടത്തുകാര്‍ ഭക്ഷണം പാകം ചെയ്യുന്നത്.എ ടി എം കാര്‍ഡുകള്‍ വഴിയാണ് ചില നാടുകളില്‍ ജലവിതരണം.പണത്തെക്കാള്‍ മൂല്യമാണ് ജലത്തിന് എന്നര്‍ഥം.

nature 7 water shortageപ്രപഞ്ചത്തില്‍ 97ശതമാനവും ജലമാണെങ്കിലും 3.2 ശതമാനം മാത്രമാണ് ശുദ്ധജലം.ഓരോ തുള്ളി ജലവും അമൂല്യമാണ്‌.ഇനിയൊരു ലോക മഹായുദ്ധമുണ്ടാകുക ജലത്തിന്റെ പേരിലായിരിക്കും എന്നാണ് ക്രാന്ത ദര്‍ശികള്‍ പറയുന്നത്.കാവേരിയും മുല്ലപ്പെരിയാറുമൊക്കെ ഭാരതത്തിലും നാം കണ്ടു വരുന്ന ജലയുദ്ധങ്ങള്‍ തന്നെയല്ലേ.

ഭാരതീയരായ നാം നമ്മുടെ ആദിമസംസ്കാരത്തില്‍ ചുവടുറപ്പിച്ചു നിന്നിരുന്നുവെങ്കില്‍ ഈ ദുരവസ്ഥ വന്നു ഭവിക്കില്ലായിരുന്നു.നമുക്ക് പ്രകൃതി കേവലം ഭൌതികമായ അഭയവും ഉപജീവനവും മാത്രമല്ല ആത്മീയമായ നിറവും കൂടിയാണ്.ഹിമവാനും ഗംഗയുമെല്ലാം ആത്മാവിന്റെ പൂര്‍ണ്ണതയാണ് നല്ലൊരു ശതമാനം പേര്‍ക്കും.നാം തമ്മില്‍ ആറായിരം യോജനയുടെ ദൂരമല്ല ഒരു ഹിമവാന്റെയും ഗംഗയുടെയും ദൂരമാണ് എന്ന് നമ്മുടെ ഒരു കവി പാശ്ചാത്യകവിയോട് പറഞ്ഞത് അതിനാലാണ്.നമ്മുടെ ആദിമ ദൈവ സങ്കല്പ്പങ്ങളൊക്കെ പ്രകൃതിയുടെ പ്രതിഭാസങ്ങള്‍ തന്നെയായിരുന്നു.വെളിച്ചത്തിനു സൂര്യനും അഗ്നിയും,കാറ്റിനു വായു ദേവന്‍,ജലത്തിന് വരുണന്‍,മഴയ്ക്ക്‌ ഇന്ദ്രന്‍,ആകാശത്തിനു ദ്യോവ് ദേവന്‍,ഭൂമിക്ക് പൃഥി ദേവി.പുരാണങ്ങളില്‍ ജൈവ പ്രകൃതിയുടെ ഉത്സവമാണ് കഥാപാത്രങ്ങളായി രൂപപ്പെട്ടത്.വ്യാസന്‍ ഒരിക്കല്‍ തന്റെ പുത്രനെ വിളിച്ചപ്പോള്‍ കാട്ടിലെ ജീവജാലങ്ങളെല്ലാം ഒരുമിച്ച് അച്ഛാ എന്ന് വിളി കേട്ടുവത്രേ.വസുധൈവകുടുംബകത്ത്തില്‍ എല്ലാ ജീവജാലങ്ങളും മനുഷ്യരോടൊപ്പം ഏകോദരസഹോദരങ്ങളായി ജീവിച്ചു.ഇദം ന മമ (ഇത് എന്റേതല്ല) എന്ന നിസ്വാര്‍ഥതയായിരുന്നുഎല്ലാവരുടെയും മതം.പുതിയ മനുഷ്യന്‍റെ സ്വാര്‍ഥത “എല്ലാം എനിക്ക്” എന്ന അധര്‍മ്മ മതമുണ്ടാക്കി.അത് മാത്രമല്ല ഞാന്‍ എല്ലാറ്റിന്റെയും ഉപഭോക്താവാണ് എന്ന മതവും സൃഷ്ടിക്കപ്പെട്ടു.

നമുക്ക് വാല്മീകി-വ്യാസന്മാര്‍ ആവാസമുറപ്പിച്ച ആ ആരണ്യ സംസ്കൃതി മതി.ഉപഭോഗ സംസ്കാരമല്ല ഇദം ന മമ എന്ന സംസ്കൃതിയാണ് നാം ഊട്ടിയുറപ്പിക്കേണ്ടത്.ക്രൂരമാനവ പ്രകൃതി ആ സംസ്കൃതിയുടെ സംഗീതത്തില്‍ ചേര്‍ത്ത സ്വരഭംഗം നാം ഇല്ലാതെയാക്കണം.

എത്രയോ ജീവികളില്‍ നിന്നുള്ള ജൈവ പരിണാമമായിരുന്നു മനുഷ്യന്‍.

greeneryഅതുകൊണ്ട് ഓരോ ജീവാണുവിലും നാമുണ്ടെന്നത് ശാസ്ത്ര തത്വം കൂടിയാണ്.ഈ പാരസ്പര്യമാണ്‌ പ്രാപഞ്ചിക ധര്‍മ്മം.അതാണ്‌ നമ്മുടെ സിരകളിലോഴുകുന്ന പയസ്വിനി.മനുഷ്യന്‍റെ ദുരയും ദുഷ്ടും അതിനെ താമസ്വിനിയാക്കുന്നു.നഷ്ടപ്പെട്ട പയസ്വിനിയെ കണ്ടെത്തുക.സാക്ഷാല്‍ക്കരിക്കുക.ഭാരതത്തിന്റെ ഈ ആദര്‍ശം ലോകത്തെ തന്നെ രക്ഷിക്കാന്‍ പര്യാപ്തമാണ്.

കെ ജി സുരേഷ്

(ലേഖകന്‍ പരിസ്ഥിതി പ്രവര്‍ത്തകനും ദീര്‍ഘ കാലമായി വര്‍ക്കല മുനിസിപ്പല്‍ കൌണ്‍സില്‍ അംഗവുമാണ്.വിവിധ സ്റ്റാന്‍ഡിന്‍ഗ് കമ്മിറ്റികളുടെ ചെയര്‍മാന്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.)

One Response to പ്രകൃതിയുടെ അഗ്നിനേത്രങ്ങള്‍

  1. Lailah Sachidan Reply

    June 8, 2014 at 11:24 AM

    Keep your environment clean always,

Leave a Reply