728-pixel-x-90-2-learn
728-pixel-x-90
<< >>

പോയവര്‍ഷം ഏറ്റവും കൂടുതല്‍ പാസ്‌പോര്‍ട്ട് നേടിയത് കേരളീയര്‍

കൊച്ചി:രാജ്യത്ത് 2014ല്‍ ഏറ്റവും അധികം പേര്‍ക്ക് പാസ്‌പോര്‍ട്ടുകള്‍ അനുവദിച്ച സംസ്ഥാനം കേരളം.എന്നാല്‍ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ഇവിടത്തെ പോലീസ് വേരിഫിക്കേഷന്‍ സംവിധാനം കാലതാമസം നേരിടുന്നതാണ്.

കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഒരു കോടി പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്തതില്‍ പത്തു ലക്ഷവും ലഭിച്ചത് കേരളീയര്‍ക്കാണെന്ന് ചീഫ് പാസ്‌പോര്‍ട്ട് ഓഫീസറും പാസ്‌പോര്‍ട്ട് സേവാ പ്രോജക്ട് ജോയിന്റ് സെക്രട്ടറിയുമായ മുക്തേഷ് കുമാര്‍ പര്‍ദേശി അറിയിച്ചു.മുന്‍ വര്‍ഷത്തെക്കാള്‍ 13 ശതമാനം കൂടുതലാണിത്.പാസ്‌പോര്‍ട്ടിനായി ഏറ്റവുമധികം അപേക്ഷകള്‍ ലഭിക്കുന്ന രാജ്യത്തെ അഞ്ച് ജില്ലകളില്‍ മലപ്പുറത്തിനൊപ്പം കോഴിക്കോടുമുണ്ട്.മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം രണ്ടു ലക്ഷം അപേക്ഷകള്‍ കഴിഞ്ഞ വര്‍ഷം ലഭിച്ചു.

ഇതു കൂടാതെ ഒരു കോടി പാസ്‌പോര്‍ട്ടുകള്‍ നല്‍കിയ ലോകത്തെ മൂന്നു രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയെന്നതാണ് മറ്റൊരു വസ്തുത.ചൈന, അമേരിക്ക എന്നിവയാണ് മറ്റു രാജ്യങ്ങള്‍.പാസ്‌പോര്‍ട്ട് നല്‍കുന്ന കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യ 20 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്.2013ല്‍ 85.05 ലക്ഷം പാസ്‌പോര്‍ട്ടുകള്‍ അനുവദിച്ചിരുന്നു.

രാജ്യത്ത് ഏറ്റവും അധികം പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കുന്ന സംസ്ഥാനമാണെങ്കിലും പോലീസ് വെരിഫിക്കേഷന്‍ സംവിധാനം ഏറെ സമയമെടുക്കുന്നതാണ്.ഡല്‍ഹിയിലും ആന്ധ്രയിലും പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി 12 ദിവസംകൊണ്ട് പാസ്‌പോര്‍ട്ട് നല്‍കുമ്പോള്‍ കേരളത്തില്‍ 24 ദിവസം വരെ വേണ്ടിവരുന്നു.മറ്റ് സംസ്ഥാനങ്ങളില്‍ അപേക്ഷ ലഭിച്ചാലുടന്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ വെരിഫിക്കേഷന് എസ്.പി ഓഫീസുകളിലേക്ക് വിവരങ്ങള്‍ നല്‍കും.ഇവ സ്‌റ്റേഷനുകളില്‍ കൈമാറി വെരിഫിക്കേഷന്‍നടത്തി വിവരങ്ങള്‍ ഓണ്‍ലൈനായി എസ്.പിമാര്‍ക്ക് തിരികെ നല്‍കാം.ഇതുവഴി സമയവും ലാഭിക്കാം.ഇതേ സ്ഥാനത്ത് കേരളത്തിലെ പലയിടങ്ങളിലും വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് കടലാസില്‍ തയ്യാറാക്കി തപാലില്‍ അയയ്ക്കുന്ന പഴയ സമ്പ്രദായമാണ് തുടരുന്നത്.ഇത് കാലതാമസമുണ്ടാക്കുകയും ചെയ്യുന്നു.

INDIANEWS24 KOCHI

Leave a Reply