മട്ടാഞ്ചേരി: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊച്ചി എല്‍എന്‍ജി പദ്ധതി പ്രതിസന്ധിയില്‍. ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാക്കി ജനവരിയില്‍ കമ്മീഷന് ചെയ്യുമെങ്കിലും പ്രകൃതിവാതകം വിതരണം ചെയ്യുന്ന പൈപ്പിടല്‍ ജോലികള്‍ പുരോഗമിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. കപ്പല്‍വഴി പ്രകൃതിവാതകം പുതുവൈപ്പിനില്‍ എത്തിക്കാനും അത് ടാങ്കുകളില്‍ ശേഖരിക്കാനും സംവിധാനമായിക്കഴിഞ്ഞു. എന്നാല്‍ വാതകം വിതരണം ചെയ്യാന്‍ സംവിധാനമില്ലാത്തതിനാല്‍ പദ്ധതിയുടെ താളംതെറ്റുകയാണ്.
കൊച്ചി, ഏലൂര്‍, അമ്പലമേട്, കളമശ്ശേരി വ്യവസായ മേഖലകളെ ബന്ധിപ്പിച്ച് 43 കിലോമീറ്റര്‍ പൈപ്പിടല്‍ പൂര്‍ത്തിയായി. ഗെയില്‍ ഇന്ത്യയാണ് പൈപ്പിടല്‍ നിര്‍വഹിക്കുന്നത്. രണ്ടാംഘട്ടത്തില്‍ 900 കിലോമീറ്റര്‍ പൈപ്പിടണം. മംഗലാപുരം-ബാംഗ്ലൂര്‍ നഗരങ്ങളെ ടെര്‍മിനലുമായി ബന്ധിപ്പിക്കാനാണിത്. 3400 കോടിയാണ് ചെലവ്. ഇതില്‍ 505 കിലോമീറ്റര്‍ പൈപ്പ് കേരളത്തിലൂടെയാണ് പോകുന്നത്. എറണാകുളം ജില്ലയില്‍ 16 കിലോമീറ്ററും തൃശ്ശൂരില്‍ 70 കിലോമീറ്റും പാലക്കാട്ട് 120 കിലോമീറ്ററും മലപ്പുറത്ത് 76 കിലോമീറ്ററും കോഴിക്കോട്ട് 70 കിലോമീറ്ററും കണ്ണൂരില്‍ 75 കിലോമീറ്ററും കാസര്‍കോട്ട് 80 കിലോമീറ്ററും പൈപ്പിടണം.
ഒരുവര്‍ഷത്തിനകം പൈപ്പിടല്‍ പൂര്‍ത്തിയാക്കാനാണ് ഗെയില്‍ ഇന്ത്യ ലക്ഷ്യമിട്ടത്. എന്നാല്‍, വിവിധ പ്രദേശങ്ങളില്‍ പൈപ്പിടുന്നത് തടസ്സപ്പെടുകയാണ്. നിലവിലുള്ള റോഡുകള്‍ കുഴിച്ച് പൈപ്പിടുന്നത് പ്രായോഗികമല്ലെന്ന് ഗെയില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കൃഷിയിടങ്ങളിലൂടെയും ആള്‍പ്പാര്‍പ്പില്ലാത്ത ഭൂമിയിലൂടെയും പൈപ്പുകള്‍ സ്ഥാപിക്കാനാണുദ്ദേശിക്കുന്നത്.
ഭൂമി ഏറ്റെടുക്കുമ്പോള്‍, മാര്‍ക്കറ്റ് വിലയുടെ മൂന്ന്മടങ്ങുവരെ കൂടുതല്‍ വില നല്‍കും. എന്നാല്‍, ഭൂമി ഏറ്റെടുക്കല്‍ ജോലികള്‍ കൃത്യമായി നടക്കുന്നില്ല. പൈപ്പുകള്‍ സ്ഥാപിക്കുന്ന മേഖലകളില്‍ ജനങ്ങളുടെ ആശങ്ക അകറ്റാന്‍ സര്‍ക്കാര്‍ഭാഗത്തുനിന്ന് നീക്കവുമില്ല.
ഏറ്റെടുക്കുന്ന ഭൂമി മറ്റേതെങ്കിലും കാര്യത്തിനായി മാറ്റുന്നില്ല. ആ ഭൂമിയില്‍ കൃഷിതുടരുന്നതിന് ഒരു തടസ്സവുമില്ല. വാതകക്കുഴല്‍ കടന്നുപോകുന്നതുകൊണ്ട് അവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഒരു പ്രശ്നവുമുണ്ടാകുന്നില്ലെന്ന് ഗെയില്‍ അധികൃതര്‍ ഉറപ്പുനല്‍കുന്നു. ഗുജറാത്തിലും രാജസ്ഥാനിലുമെല്ലാം വന്‍തോതില്‍ ഇത്തരം എല്‍എന്‍ജി പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു അപകടവും ഇതേവരെ ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രകൃതിവാതകം സാധാരണ എല്‍പിജിപോലെ അപകടകരമല്ല. വളരെ കുറഞ്ഞ മര്‍ദത്തിലാണ് ഇത് കുഴലിലൂടെ പോകുന്നത്.
മാത്രമല്ല, വളരെ കുറഞ്ഞനിരക്കില്‍ പാചകവാതകവും വാഹനങ്ങളില്‍ നിറയ്ക്കുന്ന ഇന്ധനവും കേരളത്തിന് ലഭ്യമാക്കാനാണ് പദ്ധതി നടപ്പാക്കുന്നത്. പൈപ്പ് കടന്നുപോകുന്ന മേഖലയിലുള്ളവര്‍ക്ക് എളുപ്പത്തില്‍ വാതകം ലഭിക്കാനും സൗകര്യമുണ്ടാകും.
എന്നാല്‍, വിഷയം ഗൗരവത്തോടെ കൈകാര്യംചെയ്യുവാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമമില്ല. പദ്ധതി കമ്മീഷന് ചെയ്യുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് നികുതിയിനത്തില്ത്തന്നെ വര്‍ഷം 2000 കോടിവരെ ലഭിക്കും. കൊച്ചി തുറമുഖത്തിനുമാത്രം പ്രതിവര്‍ഷം 65 കോടി രൂപയുടെ വരുമാനമുണ്ടാകും.