728-pixel-x-90-2-learn
728-pixel-x-90
<< >>

പേടിക്കേണ്ട, ഈ മഞ്ഞുകാലത്തെ…?

ടൊറന്റോ: കഴിഞ്ഞ വര്‍ഷങ്ങളിലെ അപേക്ഷിച്ച് കാനഡയില്‍ ഈ വരുന്ന മഞ്ഞുകാലം ദൈര്‍ഘ്യവും തണുപ്പും കുറഞ്ഞതായിരിക്കുമെന്ന് എന്‍വയേണ്‍മെന്‍റ് കാനഡയുടെ പ്രവചനം. പ്രമുഖ കാലാവസ്ഥാനിരീക്ഷണ സ്ഥാപനമായ വെതര്‍ നെറ്റ് വര്‍ക്കും ഇതിനെ പിന്തുണയ്ക്കുന്നു. അതേസമയം കടുത്ത മഞ്ഞുകാലമാണ് കാത്തിരിക്കുന്നതെന്നാണ് ഫാര്‍മേഴ്സ് അല്‍മനാക് പറയുന്നത്.

പസഫിക്, അറ്റ്‌ലാന്റിക് തീരങ്ങളില്‍ ഉണ്ടാകുന്ന എല്‍നിനോയാണ് ഇത്തവണ മഞ്ഞുകാലത്തിന്റെ കാഠിന്യം കുറയ്ക്കുന്നതെന്ന് എന്‍വയേണ്‍മെന്‍റ് കാനഡയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡേവിഡ് ഫിലിപ്സ് പറയുന്നു. പസഫിക് സമുദ്രത്തിൽ ഭൂമധ്യരേഖാപ്രദേശത്ത് ചൂടുകൂടിയ സമുദ്രജലത്തിന്റെ വിതരണം താളംതെറ്റുന്നതാണ് എൽനിനോയ്ക്ക് വഴിവെയ്ക്കുന്നത്. ആഗോളതലത്തില്‍തന്നെ കാലാവസ്ഥയെ സ്വാധീനിക്കാന്‍ കഴിയുന്ന പ്രതിഭാസമാണ് എല്‍നിനോ. കാനഡയിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലെല്ലാം ശരാശരിയെക്കാള്‍ ഉയര്‍ന്ന മഞ്ഞുകാലതാപനില എല്‍നിനോയുടെ ഫലമായി ഉണ്ടാകുമെന്ന് ഫിലിപ്സ് പറഞ്ഞു. ഒണ്ടാരിയോ, ക്യുബക് എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ നേരിയ തോതിലെങ്കിലും  ഉയര്‍ന്ന താപനിലയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും മഞ്ഞുവീഴ്ചയും കുറവാകും. എന്നാല്‍ മഴയുടെ കാര്യം പ്രവചിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

എല്‍നിനോയുടെ സാന്നിധ്യം ഇത്തവണ മഞ്ഞുകാലത്തെ ദുര്‍ബലമാക്കുമെന്നാണ് വെതര്‍ നെറ്റ് വര്‍ക്കിന്റെയും പ്രവചനം.

എന്നാല്‍ ഇതിന് കടകവിരുദ്ധമാണ് ‘ഓള്‍ഡ്‌ ഫാര്‍മേഴ്സ് അല്‍മനാകി’ന്‍റെ പ്രവചനം. ഒണ്ടാരിയോയും പ്രിയറീസും ഉള്‍പ്പെടെ കാനഡയുടെ ഏറിയ ഭാഗത്തും ശരാശരിയില്‍ കുറഞ്ഞ താപനിലയും ശരാശരിയില്‍ കൂടിയ മഞ്ഞുവീഴ്ചയും അനുഭവപ്പെടുമെന്നാണ് അല്‍മനാകിന്‍റെ പ്രവചനം.

കാലാവസ്ഥാപ്രവചനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി രണ്ട് നൂറ്റാണ്ടിലേറെയായി പ്രസിദ്ധീകരിക്കുന്ന പുസ്തകമാണ് ഫാര്‍മേഴ്സ് അല്‍മനാക്. ഇത്രയും കാലത്തിനിടെ തങ്ങളുടെ പ്രവചനങ്ങള്‍ 80 ശതമാനം കൃത്യമായിട്ടുണ്ട് എന്നാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ശാസ്ത്രീയമായ രീതികളെ ആശ്രയിച്ചല്ല അല്‍മനാകിന്‍റെ പ്രവചനങ്ങള്‍. നാട്ടറിവുകളും തങ്ങള്‍ക്കുണ്ടെന്ന് അല്‍മനാക് അവകാശപ്പെടുന്ന രഹസ്യമായ ചില രീതികളുടെയും അടിസ്ഥാനത്തിലാണ് അവരുടെ പ്രവചനങ്ങള്‍.

Leave a Reply