ദുബായ്:ബലിപ്പെരുന്നാള്‍ ആഘോഷം തീരും മുമ്പേ തിരുവോണത്തിനുള്ള ഒരുക്കത്തിലാണ് യു എ ഇയിലെ മലയാളികള്‍.മാളുകളിലടക്കം ചൊവ്വാഴ്ച്ച എമിറേറ്റ്സിലെ നഗരങ്ങളില്‍ ഉത്രാടപ്പാച്ചില്‍ ആണ്.ഇലയും പച്ചക്കറികളും വാങ്ങാനുള്ള തയ്യാറെടുപ്പുകള്‍ ബക്രീദ് ദിനത്തിന്റെ വൈകീട്ടു തന്നെ പലരും തുടങ്ങി.പെരുന്നാള്‍ ക്ഷീണം തീര്‍ക്കാനുള്ള വിശ്രമം അവസാനിക്കും മുമ്പേ പലരും നാളത്തെ ഓണ സദ്യക്കായുള്ള ഒരുക്കത്തിലാണ്.
ബാച്ചിലേഴ്സ് ആയി താമസിക്കുന്നവരും പതിനഞ്ച് തരം വിഭവങ്ങളെങ്കിലും ഒരുക്കി ഓണം കെങ്കേമമാക്കാനുള്ള തത്രപ്പാടിലാണ്.കുടുംബവുമൊത്ത് താമസിക്കുന്നവര്‍ പൂക്കളം അടക്കം തയ്യാറാക്കാനുള്ള തിടുക്കത്തിലാണ്.ആവശ്യക്കാരേറിയതോടെ നാട്ടിലെ ചന്തകളെന്നോണം ഇവടത്തെ മാളുകളിലും പച്ചക്കറികള്‍ കൂട്ടിയിട്ട് വില്‍പ്പന പൊടിപൊടിക്കുകയാണ്.ഒമാനില്‍ നിന്നും ശ്രീലങ്കയില്‍ നിന്നെല്ലാം പച്ചക്കറികള്‍ വരുന്നുണ്ടെങ്കിലും നല്ല നാടന്‍ രുചി കിട്ടണമെങ്കില്‍ കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍ തന്നെ വേണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.ഇത്തവണ നാട്ടില്‍ നിന്നും കൂടുതല്‍ പച്ചക്കറികള്‍ എത്തിയിട്ടുണ്ട്.
എല്ലാം ഒത്തുചേരുമ്പോള്‍ ഖുബ്ബൂസ്, കോഴി, പതിവു മീന്‍കറി എന്നിവയ്ക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് എല്ലാവരും സദ്യവട്ടങ്ങളുടെ പിന്നാലെ കൂടിയിരിക്കുകയാണ്.ആരോഗ്യകാരണത്താല്‍ ഭക്ഷണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയവര്‍ പോലും ഓണ വിഭവങ്ങള്‍ നുകരാന്‍ മുന്‍പന്തിയില്‍ ഉണ്ട്.
INDIANEWS24.COM Gulf Desk