തിരുവനന്തപുരം: ഇന്ധനവില ദിവസേന മാറുന്ന സംവിധാനം ഇന്നു മുതല്‍ പ്രാബല്യത്തില്‍. ഇതിന്റെ ഭാഗമായി ഇന്ന് പെട്രോള്‍ വില ലിറ്ററിന് 1.12 രൂപയും ഡീസലിന് 1.24 രൂപയും കുറഞ്ഞിട്ടുണ്ട്. പുതിയ രീതി നടപ്പാക്കുമ്പോള്‍ പമ്പുടമകള്‍ക്കും ഉപഭോക്താക്കള്‍ക്കും ആശങ്കകള്‍ ഏറെയുണ്ടെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.
ഇതുവരെ പെട്രോളിയം ഉല്പന്നങ്ങളുടെ വില വ്യത്യാസപ്പെട്ടിരുന്നത് അര്‍ദ്ധരാത്രി മുതലായിരുന്നുവെങ്കില് ഇനി മുതല്‍ രാവിലെ ആറ് മുതലായിരിക്കും ഓരോ ദിവസത്തെയും വില പ്രാബല്യത്തിലാകുക. ഏതാനും പൈസയുടെ വ്യത്യാസമാകും ഉണ്ടാകുക. വെബ്സൈറ്റ്, എസ് എം എസ്, മൊബൈല്‍ ആപ്പ് എന്നിവ വഴി വിലനിലവാരം അറിയാന്‍ സാധിക്കും. ഉപഭോക്താവിന് തൊട്ടടുത്ത പെട്രോള്‍ ബങ്കിലെ വില അറിയും വിധമാണ് ആപ് ക്രമീകരിച്ചിരിക്കുന്നത്.
ദിവസേന വില മാറിമറിയുന്ന രീതി നടപ്പാക്കുമ്പോള്‍ എണ്ണക്കമ്പനികള്‍ക്ക് അവരുടെ ഓഫീസില്‍ നിന്നും നേരിട്ട് പെട്രോള്‍ പമ്പുകളിലെ പുതിയ നിരക്ക് മാറ്റാന്‍ സാധിക്കുന്ന ഓട്ടോമേഷന്‍ സംവിധാനം എല്ലാ പമ്പുകളിലും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം.ഇതാണ് പമ്പുടമകളെയും ഉപഭോക്താക്കളെയും ആശങ്കയിലാക്കുന്നത്. ഈ സാഹചര്യത്തില്‍ പമ്പുടമകളോ അതിനായി നിയോഗിക്കപ്പെട്ടയാളോ ദിവസവും രാവിലെ ആറിന് എത്തി പാസ്വേഡ് ഉപയോഗിച്ച് വില മാറ്റണം. സംസ്ഥാനത്തെ പമ്പുടമകളില്‍ 20 ശതമാനത്തോളം വനിതകളായിരിക്കെ ഈ സംവിധാനം നടപ്പാകാന്‍ ബുദ്ധിമുട്ടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.
INDIANEWS24.COM T V P M