728-pixel-x-90-2-learn
728-pixel-x-90
<< >>

” പൂജ്യത്തിലേക്ക് ” ഇനി എത്ര നാള്‍ ? ഇന്ന് ലോക എയിഡ്സ് ദിനം

ഡിസംബര്‍ 1 എന്ന തീയതി , ഇന്ന് ലോകം അടയാളപ്പെടുത്തുന്നത് ലോക എയിഡ്സ് ദിനം എന്ന നിലയ്ക്കാണ്. ലോകാരോഗ്യ സംഘടനയിലെ  ജെയിംസ്‌ ഡബ്ലിയു.ബന്നും, തോമസ്‌ നെട്ടരും ചേർന്ന് 1987 ലാണ് ഈ ആശയം മുന്നോട്ടു വച്ചത് . ഐക്യ രാഷ്ട്ര സഭയുടെ എയിഡ്സ് വിഭാഗം  മേധാവിയായിരുന്ന ജോനാഥൻ മാൻ ഇത് അംഗീകരിക്കുകയും, 1988 ഡിസംബർ ഒന്ന് ആദ്യത്തെ ലോക എയിഡ്സ് ദിനമാവുകയും ചെയ്തു. 1996ൽ ആരംഭിച്ച യുഎൻ എയിഡ്സ് (UNAIDS : Joint United Nations Programme on HIV/AIDS) ആണ് ലോക എയിഡ്സ് ദിന പ്രചാരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള എയിഡ്സ് നിയന്ത്രണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്. ഒരു ദിവസത്തെ പ്രചാരണത്തിൽ ഒതുക്കാതെ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന എയിഡ്സ്-വിരുദ്ധ-പ്രതിരോധ-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആണ് യുഎൻ എയിഡ്സ് 1997 മുതൽ നടപ്പാക്കുന്നത്. ” പൂജ്യത്തിലേക്ക് ”  (Getting to Zero ) എന്നതാണ് 2011 മുതൽ 2015 വരെ ലോക എയിഡ്സ് ദിനാചരണ വിഷയമായി തിരഞ്ഞെടുത്തിട്ടുള്ളത്. എയിഡ്സ് മരണങ്ങൾ ഇല്ലാത്ത , പുതിയ രോഗബാധിതർ ഉണ്ടാവാത്ത, രോഗത്തിന്റെ പേരിൽ വിവേചനങ്ങൾ ഇല്ലാത്ത ഒരു നല്ല നാളെ യാഥാർത്ധ്യമാക്കുക എന്നതാണ് പൂജ്യത്തിലേക്ക്എന്നതിന്‍റെ ലക്‌ഷ്യം.

 ലോകമെമ്പാടും കൈയില്‍ ചുവന്ന റിബന്‍ അണിഞ്ഞുകൊണ്ടാണ്  എയിഡ്സ് ദിനം കൊണ്ടാടുന്നത്. എയിഡ്സിനെക്കുറിച്ച് ബോധവാനാണ് എന്നതിന്റെ സൂചനയായിട്ടാണ് അന്നേ ദിവസം എല്ലാവരും ചുവന്ന റിബൺ അണിയുന്നത് .എയിഡ്സ് പകരുന്ന വഴികൾ , പ്രതിരോധ മാർഗങ്ങൾ, ചികിത്സ, എന്നിവയെക്കുറിച്ച് രാജ്യാന്തര തലത്തിൽ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, എയിഡ്സ് പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ദിനാചരണ ലക്ഷ്യങ്ങൾ.

ലോകത്താകെയുള്ള 3 കോടിയിലധികം HIV ബാധിതരില്‍ അരലക്ഷത്തോളം പേര്‍ നമ്മുടെ കൊച്ചു കേരളത്തിലാണെന്ന യാഥാര്‍ത്ഥ്യത്തിന്‍റെ വെളിച്ചത്തില്‍ ഇങ്ങനെയൊരു ദിനം ഓര്‍മ്മപ്പെടുത്തുന്നത്‌ ചില നഗ്ന സത്യങ്ങള്‍ മാത്രം. ഇപ്പോഴുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏകദേശം 3,3400000 എയിഡ്സ് രോഗികള്‍ ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതില്‍, 25 ലക്ഷം പേരും കുട്ടികളാണ്.

പ്രതിവര്ഷം ഏകദേശം 25 ലക്ഷം ആളുകള്‍ പുതുതായി ഈ മാരക രോഗത്തിനടിമപ്പെടുന്നു. അതില്‍ 85 ശതമാനം ആളുകളും ലൈംഗിക ബന്ധത്തിലൂടെയാണ് എയിഡ്സ് രോഗത്തി നിരയവുന്നത്. ഓരോ ദിനവും എഴായിരത്തോളം പേര്‍ രോഗബാധിതരാവുമ്പോള്‍ അമ്പതു പേര്‍ മരണപ്പെടുന്നു. അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് 3.80 ശതമാനം പേരിലും 2.05 ശതമാനം പേര്‍ക്ക് രക്തം സ്വീകരിക്കുന്നതിലൂടെയും 6.46 പേര്‍ക്ക് മയക്കുമരുന്ന് ഉപയോഗത്തിലൂടെയും 3.34 ശതമാനം പേര്‍ക്ക് കുത്തിവയ്പിലൂടെയുമാണ് എയിഡ്സ് പകരുന്നത് എന്നാണ്  പഠനങ്ങള്‍ സൂചിപ്പിക്കുന്നത് 1981ല്‍ ആണ് ലോകത്ത് ആദ്യമായി യുഎസില്‍ എയിഡ്സ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് . പിന്നീട് നടന്ന ഗവേഷങ്ങളില്‍ 1959 ല്‍ ബല്‍ജിയന്‍ കോംഗോയില്‍ അജ്ഞാത രോഗം ബാധിച്ച് മരിച്ച ഒരാളിലും എയിഡ്സ് വൈറസ് സാന്നിധ്യമുണ്ടായിരുന്നു എന്ന യാഥാര്‍ത്ഥ്യം വെളിവായി.

യു എന്‍ എയിഡ്സ് മിഷന്‍  പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകത്താകെ എയിഡ്സ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടരക്കോടി (ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച്) കവിഞ്ഞു. എച്ച് ഐ വി പോസറ്റീവാണെന്ന് സ്ഥിരീകരിച്ചവരുടെ എണ്ണമാകട്ടെ മൂന്നു കോടി 34 ലക്ഷവും. ഇതില്‍ കഴിഞ്ഞ വര്‍ഷം മാത്രം പോസറ്റീവാണെന്ന് കണ്ടെത്തിയ കേസുകള്‍ 27 ലക്ഷമാണ്. 2008ല്‍ മാത്രം 20 ലക്ഷം പേര്‍ എയിഡ്സ് മൂലം മരണമടഞ്ഞു. എയിഡ്സ് എന്ന രോഗം എത്രമാത്രം മാരകമാണെന്ന് തെളിയിക്കുന്ന കണക്കുകളാണിതെല്ലാം.

എങ്കിലും ആശ്വാസത്തിന് ചെറിയൊരു വകയുണ്ട്. എയിഡ്സ് ഉത്ഭവിച്ചുവെന്ന് കരുതുന്ന ആഫ്രിക്കയില്‍ 2001 മുതല്‍ എച്ച് ഐ വി പോസറ്റീവാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണത്തില്‍ 25 ശതമാനത്തിന്‍റെയും ലോകത്താകെ 17 ശതമാനത്തിന്‍റെയും കുറവുണ്ടായിട്ടുണ്ട്.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പുതുതയി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന എയിഡ്സ് രോഗികളുടെ എണ്ണത്തില്‍ 10 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എയിഡ്സിനെ പൂര്‍ണമായും പ്രതിരോധിക്കാനുള്ള മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും പ്രതിരോധ മരുന്നുകളുടെ വികാസം എയിഡ്സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ 10 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും മുന്‍‌കരുതല്‍ എടുക്കേണ്ടത് നമ്മള്‍ തന്നെയാണെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയാണ് യു എന്നിന്‍റെ പുതിയ കണക്കുകള്‍. മുന്‍കരുതല്‍ എന്നത് മാത്രമാണ് ഈ രോഗത്തെ പ്രതിരോധിക്കാനുള്ള പ്രധാന പ്രതിവിധി. ” പൂജ്യത്തിലേക്ക്” എന്ന ലക്‌ഷ്യം ഒരിക്കലും മരീചികയല്ല എന്ന് നാമോരോരുത്തരും തിരിച്ചറിയേണ്ടതുണ്ട്.

INDIA NEWS TEAM KOCHI

Leave a Reply