കോട്ടയം:വിദ്യാര്‍ത്ഥി പുസ്തകവുമായി പരീക്ഷാഹാളിലെത്തി നോക്കിയെഴുതുന്ന കാലം എത്തിയെന്ന് എം ജി സര്വ്വകലാകാലയുടെ പുതിയ ചിന്ത.പുത്തന്‍ സാങ്കേതിക വിദ്യകളും നിരവധി സംവിധാനങ്ങളും ഉള്ള ഇക്കാലത്ത് കോപ്പിയടി പൂര്‍ണമായും ഇല്ലാതാക്കുകയെന്നത് അപ്രാപ്യമാകുന്നുവെന്നതിനാലാണ് നോട്ടുകളും മറ്റ് റഫറന്‍സ് ഗ്രന്ഥങ്ങളുമായെത്തുന്ന ഓപ്പണ്‍ ബുക്ക് പരീക്ഷയെ കുറിച്ച് സര്‍വ്വകലാശാല അധികൃതര്‍ ആലോചിക്കുന്നത്.
ഇന്ത്യയില്‍ ഐ ഐ ടികളിലും വിദേശത്തെ മിക്കവാറും എല്ലാ സര്‍വ്വകലാശാലകളിലും നിലവിലുള്ള ഈ രീതി ഇവിടെ ബിരുദാനന്തര ബിരുദ തലത്തില്‍ നടപ്പാക്കുന്നതിനുള്ള നിര്‍ദേശം 23ന് ചേരുന്ന സര്‍വ്വകലാശാലയുടെ അക്കാദമിക് കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റിയന് ആണ് വിശദ പഠനങ്ങള്‍ക്കു ശേഷം ഈ നിര്‍ദ്ദേശം അക്കാദമിക് കൗണ്‍സിലിന്റെ മുമ്പില്‍ വയ്ക്കുക.
വിദേശരാജ്യങ്ങളില്‍ കുറേ കാലങ്ങളായി അനുവര്‍ത്തിച്ചുവരുന്ന ഈ പുസ്തകം നോക്കി പരീക്ഷയെഴുതല്‍ രീതി രണ്ടു തരത്തിലാണ്.ഒന്ന് അധ്യാപകര്‍ നിഷ്കര്‍ഷിക്കുന്ന പുസ്തകങ്ങള്‍ മാത്രം പരീക്ഷയ്ക്ക് റഫറന്‍സിനായി അനുവദിക്കുന്ന രീതി.മറ്റൊന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള ഏത് പുസ്തകവുമായെത്തി പരീക്ഷയെഴുതുന്ന രീതി.കോപ്പിയടിക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താനാകാത്തതിനാലാണ് വികസിത രാജ്യങ്ങളിലെ ഈ രീതി നടപ്പാക്കാന്‍ ആലോചിക്കുന്നതെന്ന് എം ജി സര്വ്വകലാഖാല വിസി പറയുന്നു.
പുസ്തകം നോക്കി പരീക്ഷയെഴുതാമെന്നത് എളുപ്പമാണെന്നു കരുതരുത്.പാഠപുസ്തകങ്ങളും റഫറന്‍സ് ഗ്രന്ഥങ്ങളും വായിച്ചുപഠിച്ചു നോട്ട് തയാറാക്കുന്നതിനു കഠിനാധ്വാനം വേണ്ടിവരും.മറ്റിടങ്ങളില്‍നിന്നുള്ള തുടര്‍വിവരങ്ങളും ശേഖരിക്കണം.വിപുലമായ മുന്നൊരുക്കങ്ങള്‍ വേണ്ടിവരുമെന്നര്‍ഥം.പരീക്ഷകള്‍ കൃത്യസമയം പാലിക്കുമെന്നതിനാല്‍ പരീക്ഷാഹാളില്‍ കയറിയിരുന്നു പുസ്തകം തപ്പി ഉത്തരം കണ്ടുപിടിക്കുക അസാധ്യമായിരിക്കും.ഓരോ ഉത്തരവും ഏതു പുസ്തകത്തില്‍ ഏതു ഭാഗത്ത് എന്നൊക്കെ മുന്‍കൂട്ടി ഉറപ്പിച്ച പഠനമില്ലെങ്കില്‍ കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും.
INDIANEWS24.COM Kottayam