728-pixel-x-90-2-learn
728-pixel-x-90
<< >>

പുതിയ പാലാ ചരിതമെഴുതി ഇടത് മുന്നണി

കൊച്ചി.അര നൂറ്റാണ്ടിന്റെ മാണി ചരിത്രം പഴം കഥയായി മാറ്റിക്കൊണ്ട് കേരള കോണ്ഗ്രസിന്റെ ഈറ്റില്ലമായ പാലായിൽ ജനങ്ങൾ പുതു ചരിത്രം രചിച്ചു.എല്ലാ എക്സിറ്റ് പോൾ പ്രവചനങ്ങളും നാമാവശേഷമായ പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ മാണി സി കാപ്പൻ യുഡിഎഫിന്റെ ടോം ജോസിനെ മലർതത്തിയടിച്ചു.
കൃത്യം അഞ്ചുമാസം മുമ്പ് നടന്ന വോട്ടെടുപ്പില്‍ ലോക്‌സഭയിലേക്ക് യുഡിഎഫിന് 33472 വോട്ട് കൂടുതല്‍ നല്‍കിയ മണ്ഡലമാണ് ഇക്കുറി മൂവായിരത്തോളം വോട്ടിന് എല്‍ഡിഎഫിനൊപ്പം നിന്നത്.ലോക്സഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയതിനേക്കാള്‍ 20638 വോട്ടാണ് ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു കിട്ടിയത്.

കഴിഞ്ഞ മൂന്ന്‌ തെരഞ്ഞെടുപ്പിലും സാക്ഷാൽ കെ എം മാണിയോട്‌ ഏറ്റുമുട്ടിയത്‌ കാപ്പൻ തന്നെയാണ്‌, പക്ഷെ മാണിയെ മുട്ടുകുത്തിച്ചില്ലെങ്കിലും ഓരോ തെരഞ്ഞെടുപ്പ്‌ കഴിയുന്തോറും അദ്ദേഹത്തിന്റെ ഭൂരിപക്ഷത്തിലെ തലയെടുപ്പ്‌ താഴ്‌ത്താൻ കാപ്പന്‌ കഴിഞ്ഞു. 2016ൽ തോൽവിയോട്‌ അടുത്ത ജയമാണ്‌ മാണിക്ക്‌ നേടാനായത്‌.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരിഗണിയ്ക്കുന്ന ഘടകങ്ങളല്ല നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാര്‍ കണക്കിലെടുക്കുന്നത് എന്ന എല്‍ഡി എഫ് വാദം ശരിവെക്കുക കൂടിയാണ് ഈ വിജയം. ഭരണത്തിന്റെ മൂന്നാം വര്‍ഷം പ്രതിപക്ഷത്തിന്റെ സിറ്റിംഗ് സീറ്റ് ഭരണകക്ഷി പിടിച്ചെടുക്കുന്ന അപൂര്‍വ്വതയ്ക്കും മണ്ഡലം സാക്ഷിയായി. ഇതോടെ സര്‍ക്കാര്‍ അധികാരമേറ്റശേഷം നടന്ന മൂന്നില്‍ രണ്ട് ഉപതെരെഞ്ഞെടുപ്പിലും എല്‍ഡിഎഫിനായി വിജയം. ചെങ്ങന്നൂരില്‍ മൂന്നിരട്ടിയോളം ഭൂരിപക്ഷം വര്‍ധിച്ചപ്പോള്‍ പാലയില്‍ യുഡിഎഫിന്റെ കോട്ട തന്നെ പൊളിച്ചടുക്കിയാണ് എല്‍ഡിഎഫ് കൊടിനാട്ടിയത്. വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടി എം പി ആയപ്പോള്‍ ഒഴിവുവന്ന നിയമസഭാ സീറ്റ് മാത്രമാണ് യുഡിഎഫിനു വിജയിക്കാനായത്.

സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും വികസനവും ജനങ്ങൾക്ക്‌ മുമ്പിൽ അവതരിപ്പിച്ച്‌ രാഷ്‌ട്രീയ പോരാട്ടത്തിലാണ് എൽഡിഎഫ്‌ ഏര്‍പ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ പ്രചാരണ പ്രസംഗങ്ങളില്‍ പോലും ഭരണ നേട്ടങ്ങള്‍ മാത്രമാണ് ഊന്നിയത്. ഒപ്പം ഭരണ താരതമ്യത്തിന് അവസരം നല്‍കിക്കൊണ്ട് പാലാരിവട്ടം പാലം അഴിമതിയും എല്‍ഡിഎഫ് നേതാക്കള്‍ പ്രചാരണ വേളയില്‍ ഉയര്‍ത്തിക്കാട്ടി.

വരുന്ന അഞ്ചു ഉപതെരഞ്ഞെടുപ്പുകളിലും എൽ ഡി എഫിന് മേൽക്കൈ നേടിക്കൊടുക്കുവാൻ പാലാ വിജയം സഹായിക്കും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

INDIANEWS24 Election Desk

Leave a Reply