ടൊറന്റോ: കാനഡയിലേക്ക് കുടിയേറുന്നവരുടെ പ്രിയപ്പെട്ട പ്രൊവിന്‍സ് എന്ന പദവി ഒന്റാറിയോയ്ക്ക് നഷ്ടമാകുന്നു. പുതിയ കുടിയേറ്റക്കാരിലേറെയും ഇപ്പോള്‍ കാനഡയുടെ പടിഞ്ഞാറന്‍ മേഖലയിലെ പ്രൊവിന്സുകള്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് റിപ്പോര്‍ട്ട്. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.
ആല്‍ബെര്‍ട്ട,സസ്കാച്യൂന്‍, മാനിറ്റോബ എന്നീ പ്രോവിന്‍സുകളാണ് ഇപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കുടിയേറുന്നവരെ കൂടുതലായി ആകര്‍ഷിക്കുന്നത്. ജനസംഖ്യാനുപാതികമായി പരിശോധിച്ചാല്‍ ഒന്റാറിയോയെക്കാള് കൂടുതല്‍ പേര് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ പ്രോവിന്‍സുകളില്‍ എത്തി. നിലവില്‍ കാനഡയുടെ മറ്റ് ഭാഗങ്ങളില്‍ താമസിക്കുന്ന കുടിയേറ്റക്കാരും വന്‍തോതില്‍ പടിഞ്ഞാറന്‍ മേഖലയിലേക്ക് മാറിത്താമസിക്കുന്നുണ്ടെന്ന് സര്‍വേ പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷത്തെ കണക്കുകള്‍ പ്രദേശത്തെ ജനസംഖ്യയുമായി താരതമ്യം ചെയ്ത് പരിശോധിച്ചാല്‍ കാനഡയിലെ മറ്റ് പ്രോവിന്സുകളെക്കാള് നാലിരട്ടിയാണ് ആല്‍ബെര്‍ട്ടയിലേക്കുള്ള കുടിയേറ്റം. ഈ ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം 36000ലേറെ പേരാണ് ഇവിടെ കുടിയേറിയത്.
തൊഴിലവസരങ്ങള്‍ വര്‍ധിച്ചതും സാമ്പത്തികമായ പുരോഗതിയുമാണ് ആല്‍ബെര്‍ട്ട, സസ്കാച്യൂന്‍, മാനിറ്റോബ എന്നീ പ്രോവിന്സുകള് കുടിയേറ്റക്കാരുടെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാന്‍ കാരണം. ഖനന, പെട്രോളിയം മേഖലകളിലെ വ്യവസായങ്ങളാണ് ഈ പ്രൊവിന്‍സുകളുടെ നട്ടെല്ല്. ഈ മേഖലയില്‍ ഉണ്ടായ വളര്‍ച്ച ഭക്ഷ്യം, കെട്ടിടനിര്‍മാണം ഉള്‍പ്പെടെ മറ്റ് രംഗങ്ങളിലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ആല്‍ബെര്‍ട്ടയില്‍ മാത്രം 276000 ഫുള്‍ടൈം- പാര്‍ട്ട് ടൈം തൊഴിലവസരങ്ങള്‍ നികത്തപ്പെടാനുണ്ടെന്നാണ് Canadian Federation of Independent Business വ്യക്തമാക്കുന്നത്.
ആല്‍ബെര്‍ട്ട, സസ്കാച്യൂന്‍, മാനിറ്റോബ എന്നീ പ്രോവിന്‍സുകളുടെ കുടിയേറ്റ പദ്ധതിയും [ immigration program] ആളുകളെ ആകര്‍ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം [ Provincial Nominee Programs -PNPs] നടപ്പാക്കുന്നതില്‍ മികച്ച പ്രവര്‍ത്തനമാണ് ഇവര്‍ നടത്തിയത്.