728-pixel-x-90-2-learn
728-pixel-x-90
<< >>

പീഡനക്കേസില്‍ വ്യാജ പരാതി ഉന്നയിക്കുന്ന സ്ത്രീകളെ ശിക്ഷിക്കണമെന്ന് കോടതി

ന്യൂഡല്‍ഹി: യാതൊരു അടിസ്ഥാനവുമില്ലാതെ ലൈംഗീക പീഡനം നടത്തിയെന്ന് പരാതിപ്പെടുന്ന സ്ത്രീകളെ വിചാരണ ചെയ്ത് ശിക്ഷിക്കണമെന്ന് ഡല്‍ഹിയിലെ കോടതി.ഇത്തരം കേസുകളില്‍ ആരോപിക്കപ്പെടുന്നവര്‍ നിരപരാധികളെന്നു തെളിഞ്ഞു കഴിഞ്ഞാലും കടുത്ത മാനസിക വിഷമങ്ങളും മാനഹാനിയും അനുഭവിക്കേണ്ടിവരുന്നതായി കോടതി നിരീക്ഷിച്ചു.ഇല്ലാത്ത മാനഭംഗക്കേസില്‍ കുറ്റാരോപിതരായ രണ്ട് യുവാക്കളെ മോചിപ്പിച്ചുകൊണ്ട് ഡല്‍ഹിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുറപ്പെടുവിച്ച ഉത്തരവിലാണ് ഇത്തരം നിരീക്ഷണം ഉണ്ടായത്.

വ്യാജപരാതി ഉന്നയിച്ച സ്ത്രീക്കെതിരെ ചീഫ് മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ് മുമ്പാകെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു.ഇത്തരം കേസുകളില്‍ പ്രതികള്‍ നിരപരാധികളാണെന്ന് തെളിയും വരെ കുറ്റക്കാരെന്ന രീതിയിലാണ് അവരോട് പെരുമാറുന്നത്‌.കേസില്‍ നിന്നും മോചനം നേടിയാലും നഷ്ടമായ അഭിമാനം തിരിച്ചുപിടിക്കല്‍ ദുഷ്‌കരമാകുന്നു.വ്യക്തിവിരോധത്തിന്റെ പേരില്‍ ഇത്തരം വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രവണത അവസാനിപ്പിക്കുന്നതിന് വാദിഭാഗത്തെ നിയന്ത്രിക്കേണ്ട സമയമായെന്നും കോടതി അഭിപ്രായപ്പെട്ടു.

ശീതള പാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കിയ ശേഷം കൂട്ട മാനഭംഗം നടത്തിയെന്നാണ് യുവാക്കള്‍ക്കെതിരെ ഉന്നയിച്ച പരാതി.കേസ് കോടതിയിലെത്തി വിചാരണ തുടരുന്നതിനിടയില്‍ പലതവണ പരാതിക്കാരി തന്റെ ആരോപണങ്ങളില്‍ നിന്ന് പിന്‍വലിഞ്ഞതാണ്.പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയ അടുത്ത ദിവസം തന്നെ താന്‍ നല്‍കിയത് വ്യാജ പരാതിയായിരുന്നുവെന്ന് അറിയിച്ചുകൊണ്ട് യുവതി എസ് എച്ച് ഓയ്ക്ക് കത്തു നല്‍കിയിരുന്നു.ഇക്കാര്യങ്ങള്‍ കോടതിയെ ചൊടിപ്പിക്കുകയായിരുന്നു.

INDIANEWS24 NEWDELHI

Leave a Reply