തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനെ താക്കീത് ചെയ്യാന്‍ നിയമസഭയുടെ പ്രിവിലേജ് ആന്‍ഡ് എത്തിക്സ് സമിതി ശുപാര്‍ശ ചെയ്തു. ജെഎസ്എസ് നേതാവ് ഗൗരിയമ്മയ്ക്കെതിരായ പരാമര്‍ശത്തിന്റെ പേരിലാണ് താക്കീത്.
കെ മുരളീധരന് അധ്യക്ഷനായ സമിതിയാണ് തീരുമാനമെടുത്തത്.എന്നാല്‍ സമിതിയിലെ പ്രതിപക്ഷ അംഗങ്ങളായ ജി സുധാകരന് , സാജു പോള്‍ , മാത്യു ടി തോമസ്, ഐഷാ പോറ്റി എന്നിവര്‍ താക്കീത് പോരെന്നും പിസി ജോര്‍ജിനെ സസ്പെന്‍ഡു ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇവരുടെ വിയോജന കുറിപ്പോടെയാണ് താക്കീതിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത്.
സ്വകാര്യ സംഭാഷണത്തില്‍ ഗൗരിയമ്മയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ഒരു മാധ്യമം സംപ്രേഷണം ചെയ്യുകയായിരുന്നുവെന്നായിരുന്നു പി സി ജോര്‍ജിന്റെ വിശദീകരണം. സമിതിയുടെ തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തത് വൃത്തികെട്ട നടപടിയാണെന്നും പിസി ജോര്‍ജ് പ്രതികരിച്ചു.