728-pixel-x-90-2-learn
728-pixel-x-90
<< >>

പിഴുതെറിയേണ്ട പാഴ്മരങ്ങള്‍

ഭരണസ്തംഭനം കേരള രാഷ്ട്രീയത്തില്‍ ഒരു പുതിയ സംഭവമല്ല.കഴിഞ്ഞ കുറേ കാലമായി മാണി’സാറി’നെയും ഉമ്മന്‍ചാണ്ടിയെയും ചുറ്റിപ്പറ്റി തിരിയുന്ന ഭരണസ്തംഭനം ഉടനെയെങ്ങും അവസാനിക്കാനും ഇടയില്ല.

2011 ല്‍ ഇഞ്ചോടിഞ്ച് പൊരുതി അധികാരത്തിലേറിയ ഉമ്മന്‍ ചാണ്ടിയും കൂട്ടരും മധുവിധു കാലത്ത് സാമാന്യം ഭേദമായി തന്നെ കേരളത്തെ കൊണ്ടുപോയി.ഇതിന്റെ ഗുണം മന്ത്രി ടി എം ജേക്കബിന്റെ വിയോഗത്തെ തുടര്‍ന്ന് അനൂപ് ജേക്കബ് ജയിച്ചുകയറിയപ്പോള്‍ കാണുകയും ചെയ്തു.ഈ സമയം നില ഭദ്രമാക്കാന്‍ മുഖ്യന്‍ ചില കുത്സിത ശ്രമങ്ങള്‍ക്ക് തുടക്കമിട്ടു.സി പി എം വിരോധം ആവാഹിച്ചെടുത്ത അബ്ദുള്ളകുട്ടിയുടെ വഴിയെ മറ്റൊരാളെയും ചേര്‍ക്കാന്‍ കുഞ്ഞൂഞ്ഞ് സാക്ഷാല്‍ പി സി ജോര്‍ജിനെ നിയോഗിച്ചു.ആടിയുലഞ്ഞ ഭരണപക്ഷത്തേക്ക് ജോര്‍ജ് നടത്തിയ രാഷ്ട്രീയ കുതിരകച്ചവടത്തെ തുടര്‍ന്ന് ശെല്‍വരാജ് നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ് എം എല്‍ എയായി ജയിച്ചു കയറി.ടി പി വധവും മറ്റും യു ഡി എഫിന് ഒരു ബോണസായപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ സംഘപരിവാര ചേരിക്കു വേണ്ടി പോളിങ് ബൂത്തില്‍ വിരലമര്‍ത്തിയവരുടെ എണ്ണം കുറച്ച് കൂടി.ഏതായാലും മുഖ്യന്റെ കുതന്ത്രം വിജയിച്ചതോടെ ഭരണത്തില്‍ കാര്യമായ ശ്രദ്ധകൊടുക്കാതെയായി.യു ഡി എഫ് ഭരിക്കാന്‍ തുടങ്ങിയ കാലം മുതല്‍ അഞ്ചാം മന്ത്രിയെന്ന മാപ്പിള പാര്‍ട്ടിക്കാരുടെ നിര്‍ബന്ധത്തിന് വഴങ്ങി.ഇത് ബാലന്‍സ് ചെയ്യാന്‍ റെവന്യു ഭരിച്ച നായര്‍ മന്ത്രിക്ക് ആഭ്യന്തരം നല്‍കി.അങ്ങനെ നിശ്ചലമായ ഭരണം ചീഞ്ഞു നാറാന്‍ തുടങ്ങി.

പിന്നീടിങ്ങോട്ട് പി സി ജോര്‍ജ് തന്നെയായിരുന്നു അണിയറയിലെ താരം.മുഖ്യന്റെയും ധനകാര്യ മന്ത്രിയും സര്‍വോപരി സ്വന്തം പാര്‍ട്ടിയുടെ ചെയര്‍മാനുമായ മാണി’സാറി’ന്റെയും നില സംരക്ഷിക്കുന്ന ഉത്തമ രാഷ്ട്രീയ തന്ത്രജ്ഞനായി പി സി മാറി.ഒരു വര്‍ഷത്തെ ജയില്‍ വാസത്തിനായി പോയി കുറേ ആനൂകൂല്യങ്ങളില്‍ കടിച്ചുതൂങ്ങി മോചിതനായ കേരള കോണ്‍ഗ്രസിന്റെ മറ്റൊരു സിങ്കത്തെയും കൂട്ടരെയും ഒതുക്കി നിര്‍ത്തുന്നതായി പി സിയുടെ അടുത്ത ഉദ്യമം.ഇക്കാര്യത്തിലും മുഖ്യനും മാണി’സാറും’ ഇച്ഛിച്ച പോലെ കാര്യങ്ങള്‍ നീക്കാന്‍ അദ്ദേഹത്തിന് വലിയ പെടാപാടുണ്ടായില്ല.യാമിനി തങ്കച്ചി കേസുമായി ബന്ധപ്പെട്ട് ഗണേഷ് കുമാര്‍ രാജിവച്ചു.

ഇതിനിടെ മുഖ്യനെ ഒതുക്കാന്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയ്ക്ക് ചെന്നിത്തലക്കാരന്‍ കേരളമാകെ ഒരു യാത്ര നടത്തിനോക്കി.അടിതട പലതും കഴിഞ്ഞ എന്റെ മുന്നിലോയെന്നായി മുഖ്യന്‍.ഈ സമയം നിയമസഭയിലടക്കം മണ്ടത്തരങ്ങള്‍ വിളിച്ചു പറഞ്ഞ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ സഭാ സമ്മേളനത്തിലെ നല്ല കൊമേഡിയനായി.ഇത് സഭയ്ക്കകത്തെ ഭരണ പ്രതിസന്ധി. പുറത്ത് അപ്പോഴും ചെന്നിത്തലക്കാരന്റെ നിര്‍ബന്ധവും മുഖ്യന്റെ അടിതടയും നടന്നുകൊണ്ടേയിരുന്നു.

കാര്യങ്ങള്‍ ഈ നിലയ്ക്കായതോടെ കേരളത്തിന്റെ അവസ്ഥ മികച്ച അവതാളത്തില്‍ പോകുമ്പോഴാണ് സംഭവബഹുലമായ സരിതോര്‍ജം തിളച്ചു മറിഞ്ഞത്.അതിപ്പോഴും ആവിയടിച്ചു തിളച്ചുകൊണ്ടിരിക്കുന്നു.ഇടക്കാലം കൊണ്ടെപ്പഴോ ഒരു സിനിമാ സീരിയല്‍ നടിയുടെ പുരതാമസം കൂടാന്‍ കയറി കരിക്ക് കുടിച്ചതോടെ തിരുവഞ്ചൂരിന്റെ ക്ഷീണം മാറി.കുഞ്ഞൂഞ്ഞിന്റെ ഈ വിശ്വസ്തന്‍ ക്ഷീണം മാറ്റിയത് ചെന്നിത്തലക്കാരന് ഗുണം ചെയ്തു.കഠിനമായ ആഭ്യന്തരം വച്ചുമാറി.തല്‍സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ കയറിയിരുന്നു.ഇതോടെ സംസ്ഥാനത്ത് ഭരണം സ്തംഭിക്കുകയല്ല മറിച്ച് സമ്പൂര്‍ണമായി നിശ്ചലമാകുക തന്നെ ചെയ്തു.ഈ കാലഘട്ടത്തിലെല്ലാം രാജ്യമൊന്നാകെ ഭരിച്ചുകൊണ്ടിരുന്ന കോണ്‍ഗ്രസിന്റെ നില പാര്‍ലമെന്റില്‍ മെച്ചപ്പെടുത്താന്‍ പാര്‍ട്ടിയുടെ ഉപാധ്യക്ഷന്‍ ചില വ്യാമോഹത്തില്‍ നടത്തിയ കസര്‍ത്തുകള്‍ കേരളത്തിലും പയറ്റി.കെ പി സി സി അധ്യക്ഷനായി സുധീരനെ പിടിച്ചിരുത്തി.അങ്ങനെയിരിക്കെ മറ്റൊരു രാഷ്ട്രീയ കുതന്ത്രത്തിന് വഴിയൊരുക്കാന്‍ എക്‌സൈസ് മന്ത്രി ബാബു നിലവാരമില്ലെന്ന കാരണം പറഞ്ഞ് കുറേ ബാറുകള്‍ അടച്ചുപൂട്ടാന്‍ പറഞ്ഞു.ആദര്‍ശത്തിന്റെ വാളോങ്ങി സുധീരന്‍ ശക്തമായി ഇടപെട്ടു.പാവം കുഞ്ഞൂഞ്ഞിന് വീണ്ടും ഭരണത്തില്‍ ശ്രദ്ധിക്കാനാകാതായി.ചെന്നിത്തലക്കാരനെ ഒതുക്കിയമാതിരി നിസാരമല്ല കാര്യങ്ങളെന്നു പുള്ളിക്കാരന് വ്യക്തമായിരുന്നു.ഏത് കണ്ണുപൊട്ടന്‍ ജഡ്ജിയും പൊളിച്ചടുക്കാവുന്ന തരത്തില്‍ ഭയങ്കര വലിയ ആദര്‍ശം ചമഞ്ഞ് പുതിയൊരു മദ്യനയം പാസാക്കി സുധീരനെ മിണ്ടാട്ടംമുട്ടിച്ചു.

ധനമന്ത്രിയുടെ നില പരുങ്ങലിലാക്കി ബാര്‍ കോഴ ഉയര്‍ന്നുവന്നു.ആരോപണങ്ങള്‍ പലതും ചുരുട്ടിക്കെട്ടി ശീലിച്ച മാണി’സാറി’ന് ബാര്‍ കോഴ മറികടക്കല്‍ അത്ര എളുപ്പമായില്ല.തുരങ്കം വച്ചത് സ്വന്തം വിശ്വസ്തന്‍ പി സി ജോര്‍ജ് തന്നെ.കോഴ ആരോപണമുന്നയിച്ച ബാറുടമയോട് ‘കാര്യങ്ങളെനിക്കറിയാം അതൊക്കെ സംഭവിച്ചുപൊകുന്നതല്ലെ’ എന്ന ഫോണ്‍ സംഭാഷണം പുറത്തായത് ചീഫ് വിപ്പ് വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്ന വിശ്വാസം പരത്തി.അതുകൊണ്ടാവണം ദിവസേന നാല് തവണയെങ്കിലും കുളിക്കുന്ന മാണി’സാര്‍’ സ്വന്തം പാര്‍ട്ടി എം എല്‍ എമാരുടെ യോഗം വീട്ടില്‍ വിളിച്ചുചേര്‍ത്തപ്പോള്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരെ അറിയിച്ചതുപോലുമില്ല.യോഗശേഷം സര്‍ക്കാര്‍ ചീഫ് വിപ്പിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു.മാണിക്കൊപ്പം ഇക്കാലമത്രയും സ്വന്തം നില ഭദ്രമാക്കാന്‍ പണി പലതും ചെയ്ത പി സിക്കെതിരെ മുഖ്യമന്ത്രി എന്ത് നിലപാടെടുക്കും, ഭരണത്തെ കുറിച്ചു ചിന്തിക്കുകപോലും ചെയ്യാതെ അതിന്റെ കസര്‍ത്തുകള്‍ വരും ദിവസങ്ങളില്‍ മുഖ്യന്‍ കൊണ്ടാടിയേക്കും. കൂടാതെ ഇനി ഒന്നേകാല്‍ കൊല്ലം കൂടി ഈ മുഖ്യമന്ത്രി പദം സംരക്ഷിക്കാന്‍ കുഞ്ഞൂഞ്ഞ് കാട്ടികൂട്ടുന്ന മറിമായങ്ങളുടെ പരമ്പര നീളുക തന്നെ ചെയ്യും.ഇതിനിടെ ദേശീയ ഗെയിംസ് നടത്തിയതിന്റെ പേരില്‍ ഉണ്ടായ നാറ്റങ്ങള്‍ നടന്‍ മോഹന്‍ലാലിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമം നടത്തി നോക്കിയിരുന്നു.താരരാജാവിന്റെ പക്വമായ ഇടപെടല്‍ കാര്യങ്ങള്‍ തകിടം മറിച്ചു.സംഭവ ബഹുലമായ ഗെയിംസിലെ കണക്കുകളും കണക്കിലെ പൊരുത്തക്കേടുകളും വരാനിരിക്കുന്നതേയുള്ളു.ഗെയിംസിനേക്കാല്‍ വലിയ ഗെയിംസും നടക്കാനിരിക്കുമ്പോള്‍
എവിടുന്നാണ് ഭരിക്കാന്‍ സമയം, നല്ല കാര്യമായിപ്പോയി.പാവം മുഖ്യനും കൂട്ടര്‍ക്കും ഭരിക്കാന്‍ സമയം കിട്ടാത്തത് വലിയ കഷ്ടം തന്നെ.ജനങ്ങള്‍ക്കു വേണ്ടി എന്തെല്ലാം ചെയ്യണമെന്നുണ്ട്‌ പക്ഷേ പറഞ്ഞിട്ടെന്താ കാര്യം സ്വന്തം നില നോക്കുന്ന ഭരണക്കാര്‍ക്കു വേണ്ടി ജനങ്ങള്‍ വേണ്ടേ ക്ഷമിക്കാനും സഹിക്കാനും.

ഭരണം മറന്ന് സ്വന്തം നില ഭദ്രമാക്കാന്‍ മാത്രം കെട്ടിയാടുന്ന സാഹസങ്ങള്‍ സഹിക്കുന്ന ജനങ്ങള്‍ക്ക് ഇതിന് വ്യക്തമായ മറുപടിയുണ്ട്.ഈ പാഴ്മരങ്ങളെ പിഴുതെറിയാന്‍ ഇനിയൊരു പൊളിങ് ബൂത്ത് ഒരുങ്ങും വരെ കാത്തിരിക്കണം എന്നതാണ് ഇവരുടെ നിരാശ.

INDIANEWS24.COM

Leave a Reply