728-pixel-x-90-2-learn
728-pixel-x-90
<< >>

പിള്ളയ്ക്കും പി സി ജോര്‍ജിനും വി എസിന്റെ പിന്തുണ

കൊല്ലം:കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ളയ്ക്കും ചീഫ് വിപ്പ് പി സി ജോര്‍ജ്ജിനും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പിന്തുണ.അഴിമതിക്കെതിരായ പോരാട്ടത്തിനോട് യോജിക്കുന്നവരെ പിന്തുണയ്ക്കുന്നതായി അദ്ദേഹം കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു.അഴിമതിക്കെതിരെ പോരാടുക എന്നതാണ് ഇടതുമുന്നണിയുടെ നിലപാടെന്നും അതുമായി ചേര്‍ന്നു നില്‍ക്കുന്നവരെ പിന്തുണയ്ക്കുന്നതായും അദ്ദേഹം അറിയിച്ചു.

ബാലകൃഷ്ണ പിള്ളയായാലും ജോര്‍ജ്ജ് ആയാലും അഴിമതിയുമായി ബന്ധപ്പെട്ട് പുറത്ത് പറയുന്നത് ശരിയാണ് എന്ന് ബോധ്യപ്പെട്ടാല്‍ പിന്തുണയ്ക്കും.ഇക്കാര്യം എല്‍ ഡി എഫ് ആലോചിച്ച് തീരുമാനിക്കുകയും ചെയ്യുമെന്ന് വി എസ് പറഞ്ഞു.അതേസമയം ഇടമലയാര്‍ കേസില്‍ വി എസ് നടത്തിയ ശ്രമങ്ങളാണല്ലോ ബാലകൃഷ്ണ പിള്ളയ്ക്ക് ശിക്ഷ വാങ്ങിക്കൊടുത്തതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അഴിമതിക്കെതിരെ ഇപ്പോള്‍ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നാണ് നോക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ആര്‍ ബാലകൃഷ്ണ പിള്ളയെ ഇടതുമുന്നണിയില്‍ എടുക്കുന്ന കാര്യം സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തള്ളിയിരുന്നില്ല. പിള്ളയെ എല്‍ ഡി എഫില്‍ എടുക്കുന്ന കാര്യം അവര്‍ യു ഡി എഫുമായുള്ള ബന്ധം നിലനിര്‍ത്തുമോയെന്ന തീരുമാനത്തിനു ശേഷം ആലോചിക്കാമെന്നായിരുന്നു പിണറായിയുടെ പ്രതികരണം.പിള്ള അഴിമതി ആരോപണം ഉന്നയിച്ചാല്‍ അത് എങ്ങനെ തെറ്റാകുമെന്നും അദ്ദേഹം ചോദിച്ചു.

INDIANEWS24 KLM

Leave a Reply