728-pixel-x-90-2-learn
728-pixel-x-90
<< >>

പിണറായി വ്യാഴാഴ്ച്ച ബഹ്‌റൈനിലേക്ക്;വി എസ് വെള്ളിയാഴ്ച്ച അബുദാബിയില്‍

മനാമ/അബുദാബി:വരും ദിവസങ്ങളില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദനും ഗള്‍ഫ് നാടുകളില്‍.മുഖ്യമന്ത്രി മൂന്ന് ദിവസത്തെ ഔദ്യോഗിക പര്യടനത്തിന് ബഹ്‌റൈനിലാണ് എത്തുന്നതെങ്കില്‍ വി എസ് യു എ ഇയില്‍ എത്തുന്നത് വെള്ളിയാഴ്ച്ചയാണ്.ഇവരെ കൂടാതെ വെള്ളിയാഴ്ച്ച കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ദുബായിലുണ്ടാകും.

വ്യാഴാഴ്ച്ച രാവിലെ മുതല്‍ ശനിയാഴ്ച്ച ഉച്ചവരെ പിണറായി വിജയന്‍ ബഹ്‌റൈനില്‍ ഉണ്ടാകും.വ്യാഴാഴ്ച പുലര്‍ച്ചെ ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ എത്തുന്ന മുഖ്യമന്ത്രി രാവിലെ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ, കിരീടാവകാശി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.ബഹ്‌റൈന്‍ വിദേശമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ ഉച്ച വിരുന്നൊരുക്കുന്നുണ്ട്. വൈകിട്ട് കേരളീയസമാജത്തിന്റെ 70ാം വാര്‍ഷികാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാവിലെ ഒമ്പതരയ്ക്ക് മനാമയിലെ പ്രശസ്തമായ ബാബ് അല്‍ ബഹ്‌റൈന്‍ സൂഖ് മുഖ്യമന്ത്രി സന്ദര്‍ശിക്കും. തുടര്‍ന്ന് ബഹ്‌റൈനെ സൗദിയുമായി ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ് വേയും സന്ദര്‍ശിക്കും. വൈകിട്ട് അഞ്ചിനാണ് പൗരസ്വീകരണം.ശനിയാഴ്ച രാവിലെ പത്തിന് നടക്കുന്ന ബിസിനസ് സംഗമത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. കേരളത്തിലേക്ക് കൂടുതല്‍ പ്രവാസി നിക്ഷേപം എത്തിക്കുന്നതുസംബന്ധിച്ചുള്ള ചര്‍ച്ചയില്‍ വ്യവസായികളായ എം എ യൂസഫലി, രവിപിള്ള, വര്‍ഗീസ് കുര്യന്‍, സോമന്‍ ബേബി തുടങ്ങിയവര്‍ പങ്കെടുക്കും.

വെള്ളിയാഴ്ച വി എസ് അച്യുതാനന്ദന്‍ പ്രവാസി ഭാരതി റേഡിയോ നിലയത്തിന്റെ ഒന്നാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച വൈകീട്ട് അദ്ദേഹം മടങ്ങും. യു എ ഇയിലെ പ്രബലരായ നൂറ് ഇന്ത്യക്കാരെ കുറിച്ച് ഇന്നൊവേറ്റീവ് മീഡിയ തയ്യാറാക്കിയ പുസ്തകം പ്രകാശനം ചെയ്യുന്നതിനാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ദുബായിലെത്തുക.ഇവിടെ ദേരയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ വെള്ളിയാഴ്ച്ച വൈകീട്ടാണ് ചടങ്ങ്.

INDIANEWS24.COM Gulf Desk

Leave a Reply