ടൊറന്റോ: കാനഡയില്‍ ഇത്തവണ മഞ്ഞുകാലം പ്രവചനാതീതം. വരുന്ന മൂന്ന് മാസം കാലാവസ്ഥ ദിനംപ്രതി എന്നോണം മാറിമറിയാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഈ മഞ്ഞുകാലത്ത് പുറത്തിറങ്ങുമ്പോള്‍ തണുപ്പിനെയും മഞ്ഞിനെയും ചെറുക്കാന്‍ ഏതു തരത്തിലുള്ള മുന്‍കരുതലുകള്‍ വേണമെന്ന് കാലാവസ്ഥാ വിദഗ്ധരോട് ചോദിച്ചാല്‍ അതതു ദിവസത്തെ സാഹചര്യംപോലെ എന്ന മറുപടിയാകും കിട്ടുക. ഒരു ദിവസം മഞ്ഞുവീഴ്ച ഉണ്ടായാല്‍ തൊട്ടടുത്ത ദിവസം ‘ഇത് മഞ്ഞുകാലമോ’ എന്ന് സംശയം തോന്നിപ്പിക്കുന്നതായിരിക്കും കാലാവസ്ഥ. ഓവര്കോട്ടിനും മഞ്ഞുബൂട്ടിനുമൊപ്പം സാധാരണ വസ്ത്രങ്ങള്‍ കൂടി കരുതിവെക്കണമെന്ന് ചുരുക്കം.
ഏതെങ്കിലും ഒരു സാഹചര്യത്തോട് ആള്ക്കാര് പൊരുത്തപ്പെട്ടു വരുമ്പോള്‍ ആ കാലാവസ്ഥ ആയിരിക്കില്ല തൊട്ടടുത്ത ദിനങ്ങളില്‍, മഞ്ഞായാലും വെയിലായാലും- ദി വെതര്‍ നെറ്റ് വര്‍ക്കിലെ ശാസ്ത്രജ്ഞയായ എലേന ലാപ്പോ പറയുന്നു. രാജ്യത്ത് എല്ലായിടത്തും ഇതുതന്നെ ആയിരിക്കും സ്ഥിതി.
വസന്തം വരെ ഒന്റാറിയോയിലെ താപനിലയും മഴയും സാധാരണ നിലയില്‍ ആയിരിക്കുമെന്ന് വെതര്‍ നെറ്റ് വര്‍ക്ക് പറയുന്നു. ശരാശരി ഉയര്‍ന്ന താപനില 0.90 ഡിഗ്രിയും താഴ്ന്ന താപനില ശരാശരി -6 ഡിഗ്രിയും ആയിരിക്കും വിന്‍ഡ്സറില്‍ അനുഭവപ്പെടുക. കാനഡയിലെ പ്രധാനപ്പെട്ട 21 നഗരങ്ങളില്‍ വാന്‍കൂവറിലും വിക്ടോറിയയിലും മാത്രമാണ് ഇതിനെക്കാള്‍ മെച്ചപ്പെട്ട മഞ്ഞുകാല താപനില പ്രവചിച്ചിട്ടുള്ളത്. പക്ഷേ, ശരാശരി താപനില എന്നാല്‍ സ്ഥിരതയുള്ള താപനില ആയിരിക്കണം എന്നില്ല. ഉയര്‍ന്ന താപനില ചില ദിവസങ്ങളില്‍ 0.90 നേക്കാള്‍ ഏറെ ഉയര്‍ന്നതും താഴ്ന്ന താപനില -6നേക്കാള്‍ ഏറെ താഴ്ന്നും ആയിരിക്കാമെന്ന് അര്‍ത്ഥം.