jio 800x100
jio 800x100
728-pixel-x-90
<< >>

പിഞ്ചു ബാലികയെ പീഡിപ്പിച്ച കേസില്‍ സ്കൂള്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍

നാദാപുരം: സ്‌കൂള്‍ ബസ്സിലെ ക്ലീനറാണ് പാറക്കടവിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍.കെ.ജി. വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു.പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. മിഠായി കൊടുത്ത് കുട്ടിയെ പാചകമുറിയില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്നാണ് പോലീസ് ഭാഷ്യം. സ്‌കൂളിലെ മുതിര്‍ന്ന കുട്ടികളാണ് പീഡിപ്പിച്ചതെന്നായിരുന്നു നേരത്തെ ആരോപണം ഉയര്‍ന്നത്. അതേ സമയം കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നതെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ പിതാവ് ഖത്തറില്‍ നിന്നും നാട്ടിലെത്തിയത്. പീഡനവിവരം അറിയിച്ചിട്ടും നടപടിയെടുക്കാത്ത സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

വനിതാ പോലീസിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം 18 പേരെ ഉള്‍പ്പെടുത്തി തിരിച്ചറിയല്‍ പരേഡ് പോലീസ് നടത്തിയിരുന്നു.പീഡിപ്പിച്ചവരെയും സമീപത്തിരുന്നവരെയും വിദ്യാര്‍ഥിനി വ്യക്തമായി തിരിച്ചറിഞ്ഞിട്ടുണ്ട് എന്നറിയുന്നു.അതില്‍ ഒരാളെ ഏറെ ഭയത്തോടെയാണ് കുട്ടി ചുണ്ടിക്കാട്ടിയത് എന്നും പറയപ്പെടുന്നു. ഇതിനിടെയാണ് ബസ്സിലെ ക്ലീനറാണ് പീഡിപ്പിച്ചതെന്ന് ഇന്ന് പോലീസ് അറിയിച്ചത്.

പരാതിയുമായി മുന്നോട്ട് പോയതിനെ തുടര്‍ന്ന് അതിഭയങ്കരമായ സമ്മര്‍ദ്ദം താനും കുടുംബവും നേരിടുന്നതായി വിദ്യാര്‍ഥിനിയുടെ പിതാവ് പോലീസില്‍ മൊഴി നല്‍കി. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് നാട്ടുകാരുടെ നേത്യത്വത്തില്‍ സര്‍വകക്ഷി കര്‍മ സമിതി രൂപവല്‍ക്കരിക്കാന്‍ തീരുമാനമായതായി അറിയുന്നു.

സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന ഇത്തരം സംഭവങ്ങളുടെ ആവര്‍ത്തനങ്ങള്‍ കര്‍ശന പരിശോധനകള്‍ക്കു വിധേയമാക്കി അവ തടയുന്നതിനുള്ള അടിയന്തിര ശ്രമങ്ങള്‍ സര്‍ക്കാരില്‍ നിന്നും ഉണ്ടാകേണ്ടതുണ്ട്.അല്ലാത്തപക്ഷം അത് ബഹുജനപ്രക്ഷോഭങ്ങള്‍ക്ക് വഴി വെയ്ക്കും.രതി വൈകൃതങ്ങള്‍ (perversions)ഒരു സമൂഹത്തെ ഒന്നാകെ കാര്‍ന്നു തിന്നുന്ന ക്യാന്‍സര്‍ ആണ് എന്ന തിരിച്ചറിവ് അധികാരികള്‍ക്ക് ഉണ്ടാകണം.കുട്ടികളില്‍ ഇത്തരം കൊടിയ പീഡനങ്ങള്‍ ഏല്‍പ്പിക്കുന്ന മാനസിക മുറിപ്പാടുകള്‍ അവരുടെ പില്‍ക്കാല ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വിചാരിക്കുന്നതിനും അപ്പുറത്താണ്.

ഇവ തടയാന്‍ സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകളും നവ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള മുന്‍കരുതലുകളും കടുത്ത ശിക്ഷാവിധികളും ഉണ്ടാകേണ്ടിയിരിക്കുന്നു.കൂടാതെ രാഷ്ട്രീയ-സാമൂഹ്യ സംഘടനകളും രക്ഷിതാക്കളും സ്കൂള്‍ അധികൃതരും അധ്യാപകരും അയല്‍വാസികളുമൊക്കെ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുമുണ്ട്.കൂട്ടായ പരിശ്രമങ്ങളിലൂടെ മാത്രമേ ഇത്തരം സാമൂഹ്യ വിപത്തുകളെ ഉത്തരവാദിത്തത്തോടെ നേരിടാനും ഇല്ലായ്മ ചെയ്യുവാനും സാധിക്കുകയുള്ളൂ.

INDIANEWS24 Special Correspondent

Leave a Reply