jio 800x100
jio 800x100
728-pixel-x-90
<< >>

പാലാരിവട്ടത്തെ “പഞ്ചവടിപ്പാലം പൊളിക്കൽ” ദ്രുതഗതിയിൽ പുരോഗമിക്കുന്നു

കൊച്ചി:അഴിമതിയുടെ പാപഭാരവുമായി കഴിഞ്ഞകുറേ മാസങ്ങളായി കേരള ജനതയെ കൊഞ്ഞനം കുത്തുന്ന പാലാരിവട്ടത്തെ പഞ്ചവടിപ്പാലം പൊളിക്കൽ കർമ്മം ഇ ശ്രീധരന്റെ മേൽനോട്ടത്തിൽ ദ്രുതഗതിയിൽ നടന്നു വരുന്നു.സുപ്രീം കോടതി അനുമതിയെത്തുടർന്നു സെപ്റ്റംബർ 28 നാണു പുനർനിർമാണത്തിന്റെ ഭാഗമായി പൊളിക്കൽ കർമ്മം ആരംഭിച്ചത്.അഴിമതിക്കറ പുരണ്ടു പൊളിഞ്ഞു വീണ പഞ്ചവടിപ്പാലത്തിന്റെ കഥ പറഞ്ഞ കെ ജി ജോർജ്ജിന്റെ പഞ്ചവടിപ്പാലം എന്ന സിനിമയും റിലീസായത് ഒരു സെപ്റ്റംബർ 28നാണു എന്നത് ചരിത്രം കാത്തു വച്ച ഒരു യാദൃശ്ചികതയാകാം.ടാർ കട്ടിങ് അടക്കമുള്ള പ്രാഥമിക ജോലികളാണ് ആരംഭിച്ചത്‌. ഡിഎംആർസി മുഖ്യ ഉപദേഷ്‌ടാവ് ഇ ശ്രീധരന്റെ മേൽനോട്ടത്തിലാണ് മേൽപ്പാലത്തിന്റെ പുനർനിർമാണം. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിക്കാണ് കരാർ.

പാലാരിവട്ടം പാലത്തിൽനിന്ന്‌ അടർത്തിമാറ്റുന്ന ടാറിങ് അവശിഷ്‌ടം ആവശ്യക്കാരുണ്ടെങ്കിൽ കൊടുക്കുമെന്ന്‌ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ സൊസൈറ്റി. പാലം പൊളിച്ചുനീക്കുന്നതിന്‌ മുന്നോടിയായാണ്‌ ഉപരിതലത്തിലെ ടാറിങ് പൊളിച്ചുനീക്കുന്ന ജോലി തിങ്കളാഴ്‌ച ആരംഭിച്ചത്‌. ടാറിങ് അവശിഷ്‌ടം യഥാസമയം സ്ഥലത്തുനിന്ന്‌ നീക്കിയില്ലെങ്കിൽ തുടർജോലികൾ തടസ്സപ്പെടും. അതിനാൽ ആദ്യമെത്തുന്ന ആവശ്യക്കാരന്‌ ഇത്‌ നൽകാനാണ്‌ സൊസൈറ്റിയുടെ തീരുമാനം.ടാറിങ് അവശിഷ്‌ടം എത്ര ലോഡ്‌ ഉണ്ടാകുമെന്ന്‌ തിട്ടപ്പെടുത്തിയിട്ടില്ല. രണ്ടുതവണ ടാറിങ് നടത്തിയിട്ടുണ്ട്‌.ഏകദേശം  20–-30 ലോഡ്‌ കാണുമെന്നാണ്‌ കണക്ക് കൂട്ടുന്നത്.പാലം തകരാറിലായപ്പോൾ ആദ്യം പൊട്ടിപ്പൊളിഞ്ഞത്‌ ടാറിങ്ങാണ്‌. എണ്ണിയാൽ തീരാത്തത്ര കുഴികൾ പാലത്തിൽ രൂപപ്പെട്ടതോടെ കാൽനടയ്‌ക്കുപോലും പറ്റാതായിരുന്നു. ടാറിങ്ങിന്റെ കുഴപ്പമാണെന്ന പേരിൽ ഈ സമയത്ത്‌ ആർബിഡിസികെ ഒരുവട്ടം റീ ടാറിങ്ങും നടത്തി. കുലുക്കം പാലത്തിനായതിനാൽ അതും പൊളിഞ്ഞു. രണ്ട്‌ എസ്‌കലേറ്റർ ഉപയോഗിച്ചാണ്‌ ഊരാളുങ്കൽ സൊസൈറ്റി ടാറിങ് നീക്കുന്നത്‌. എൺപതോളം തൊഴിലാളികൾ അനുബന്ധ ജോലിക്കുണ്ട്‌. പൊളിക്കുന്ന അവശിഷ്‌ടം പലയിടത്തായി കൂട്ടിയിരിക്കുകയാണ്‌.

നവീകരണ ജോലികൾക്കിടെ അവശിഷ്‌ടങ്ങൾ തെറിച്ച് റോഡിലേയ്ക്ക് വീഴാതിരിക്കാൻ കമ്പിവല കെട്ടുന്ന പണിയും ആരംഭിച്ചു.ഗർഡറുകൾ പൊളിച്ച് തുടങ്ങിയിട്ടുണ്ട്. പാലത്തിന്റെ ഇരുവശത്തു കൂടിയുമുള്ള ഗതാഗതം നിയന്ത്രിക്കില്ല. എന്നാൽ  അണ്ടർ പാസ് വഴിയുള്ള ക്രോസിങ് അനുവദനീയമല്ല.ടാറിങ് പൂർണമായും നീക്കിയ ശേഷമായിരിക്കും 17 സ്പാനിൽ 15 സ്പാനും കഷ്‌ണങ്ങളായി മുറിക്കുന്നത്. ആറ് ഗർഡറുകൾ ചേർന്നതാണ് ഒരു സ്‌പാൻ. രണ്ട് തൂണുകൾക്കിടയിൽ ഒരു ചതുരപ്പെട്ടിയുടെ രൂപത്തിലാണ് സ്‌പാൻ. ഇത്തരം സ്പാനുകൾക്ക് മുകളിലാണ് ഡെക് സ്ലാബ് കോൺക്രീറ്റ് ചെയ്‌തിരിക്കുന്നത്.ഡയമണ്ട് കട്ടർ ഉപയോഗിച്ച് ഓരോ ഗർഡറും അതിനു മുകളിലെ ഡെക് സ്ലാബും മുറിക്കുകയാണ് ചെയ്യുന്നത്. ആദ്യം നീളത്തിൽ മുറിക്കുന്ന കോൺക്രീറ്റ് ചെറു കഷണങ്ങളാക്കിയ ശേഷം ഇവിടെവെച്ചു തന്നെ പൊടിയാക്കി മാറ്റും.palari bridge

എട്ടുമാസം കൊണ്ട് പാലാരിവട്ടം പാലം പൊളിച്ച് പുതിയത് നിർമിക്കും. ഒൻപതു മാസത്തെ സമയമാണ് ആകെ അനുവദിച്ചിരിക്കുന്നത്. ഒരുപക്ഷെ എട്ടുമാസം മുൻപേ ജോലികൾ പൂർത്തിയാക്കിയേക്കാം. പുനർനിർമാണത്തോടെ പാലത്തിന്റെ ആയുസ്സ് 100 വർഷമായി വർധിക്കുമെന്നാണ് ഉറപ്പ്.ഊരാളുങ്കൽ സൊസൈറ്റിയുടെ ചീഫ് എൻജിനിയർ എ പി പ്രമോദാണ് പൊളിക്കലിനും പുനർനിർമാണത്തിനും നേതൃത്വം നൽകുക. ഡിഎംആർസിയിലെ മുൻ ചീഫ് എൻജിനിയർ കേശവചന്ദ്രനും എത്തും. പാലത്തിൽ ആകെയുള്ള 102 ഗർഡറുകൾ പൊളിച്ചുനീക്കി പുതിയത് സ്ഥാപിക്കാനാണ് ഡിഎംആർസി നിർദേശിച്ചിട്ടുള്ളത്. 17 സ്പാനുകളും മാറ്റി പുതിയത് സ്ഥാപിക്കണം. തൂണുകളും തൂണുകളുടെ മുകൾഭാഗവും ബലപ്പെടുത്തണം. ലോഹ ബെയറിങ്ങുകളും മാറ്റേണ്ടതുണ്ട്‌.

പാലാരിവട്ടം പാലം പൊളിക്കൽ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചായിരിക്കുമെന്ന്‌ മന്ത്രി ജി സുധാകരൻ അറിയിച്ചു. പകലും രാത്രിയും ജോലി തുടരും. പൊളിക്കുന്ന കോൺക്രീറ്റ് അവശിഷ്ടങ്ങൾ റോഡിൽ ഇടില്ല. കോൺക്രീറ്റ് അവശിഷ്ടങ്ങൾ ചെല്ലാനത്തെ കടലാക്രമണം തടയാൻ പ്രയോജനപ്പെടുമെങ്കിൽ അതിനായി ഉപയോഗിക്കാൻ നിർദേശം നൽകി. കടലാക്രമണം തടയാനും അവിശിഷ്ടങ്ങൾ റോഡിൽ കിടക്കുന്നതിനെ തുടർന്നുള്ള പ്രശ്ന‌ങ്ങൾ ഒഴിവാക്കാനും ഇതുവഴി സാധിക്കും.

പാലാരിവട്ടം പാലത്തിന്റെ കോൺക്രീറ്റ്‌ ഭാഗങ്ങൾ പൊളിക്കൽ ഇന്നലെ വെള്ളിയാഴ്‌ച മുതൽ വേഗത്തിലായി. കൂടുതൽ വിദഗ്‌ധ തൊഴിലാളികളെയും യന്ത്രങ്ങളും സൈറ്റിൽ എത്തിച്ച്‌ പണി വേഗത്തിലാക്കാനാണ്‌ കരാറുകാരായ പള്ളാശേരി എർത്ത്‌ വർക്‌സ്‌ ഉദ്ദേശിക്കുന്നത്‌. പാലത്തിന്റെ മീഡിയനും വശങ്ങളിലെ മതിലും മുറിച്ചുമാറ്റുന്ന ജോലിയാണ്‌ രണ്ടുദിവസമായി നടക്കുന്നത്‌. ജർമൻ നിർമിത ഡയമണ്ട്‌ വയർ സോ ഉപയോഗിച്ചാണ്‌  മുറിക്കുന്നത്‌. നാല്‌ യന്ത്രങ്ങളാണ്‌ മുറിക്കാനായി ഉപയോഗിക്കുന്നത്‌. വ്യാഴാഴ്‌ച ബീമുകൾക്ക്‌ മുകളിലെ സ്ലാബുകളിലൊന്ന്‌ മുറിച്ചുമാറ്റി. കോൺക്രീറ്റ്‌ സ്ലാബിന്‌ 22–-24 സെന്റിമീറ്റർ കനമുണ്ട്‌. palari bridge concrete cutting

പാലത്തിലെ ടാറിങ് നീക്കുന്ന ജോലി അവസാനഘട്ടത്തിലാണ്‌. നീക്കിയ അവശിഷ്‌ടങ്ങൾ നീക്കുന്ന ജോലിയും പുരോഗമിക്കുന്നു. ആർബിഡിസികെയുടെ വിവിധ നിർമാണ സൈറ്റുകളിലേക്ക്‌ നികത്തലിനും മറ്റുമായി അവശിഷ്‌ടങ്ങൾ മാറ്റുന്നുണ്ട്‌‌.തൂണുകളൊഴികെ മുഴുവൻ ഭാഗങ്ങളും പൊളിച്ചുനീക്കും.

ഏതായാലും പാലാരിവട്ടത്തെ പാലവുമായി ബന്ധപ്പെട്ട അഴിമതിക്കറ പുരണ്ട എല്ലാ കരങ്ങൾക്കും  കൈയ്യാമം വീഴുമ്പോഴാണ് പുനർനിർമ്മാണം പൂര്ണമാകുക.അഴിമതിക്കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.താമസംവിനാ അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരെ ശിക്ഷിക്കുമെന്നു പ്രത്യാശിക്കാം.

INDIANEWS24 THIRD EYE 


Leave a Reply