തിരുവനന്തപുരം:പാര്‍ട്ടി പ്ലീനം അനുസരിച്ച് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുടെ മകന്റെ വിവാഹം വളരെ ലളിതമായി നടത്തി.എ കെ ജി ഹാളില്‍ ഒരുക്കിയ വേദിയില്‍ വധുവരന്മാര് വരണമാല്യം ചാര്‍ത്തി.പങ്കെടുക്കാനെത്തയവര്ക്കായി കുടുംബശ്രീക്കാര് ഒരുക്കിയ നാടന്‍ വിഭവങ്ങളാലുള്ള ഭക്ഷണം.പരിപാടി ഫിനിഷ്.
എം എ ബേബിയുടെയും ബെറ്റി ബേബിയുടെയും മകന് അപ്പു എന്ന അശോക് നെല്‍സണ്‍ വാകത്താനം കൂലിപ്പുരയ്ക്കല്‍ ആന്റണി ജോസഫിന്റെയും അന്നമ്മയുടെയും മകള്‍ സനിധയെയാണ് വിവാഹം കഴിച്ചത്.രാവിലെ കോട്ടയ്ക്കകം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു.വൈകീട്ട് എ കെ ജി ഹാളില്‍ ലളിതമായി നടത്തിയ ചടങ്ങില്‍ തുളസിമാല കൊണ്ടാണ് വധൂവരന്മാര് വരണമാല്യം ചാര്‍ത്തിയത്.മതാചാര പ്രകാരമുള്ള എല്ലാ ചടങ്ങുകളും ഒഴിവാക്കിയ വൈകീട്ടത്തെ വിവാഹ കര്‍മ്മത്തിനായി രാഹുകാലം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.
തൈക്കുടം ബ്രിഡ്ജ് എന്ന സംഗീത ബാന്‍ഡ് ഗ്രൂപ്പിലെ ഗിറ്റാറിസ്റ്റാണ് അശോക് നെല്‍സണ്‍. അശോകിന്റെ സുഹൃത്തിന്റെ സുഹൃത്താണ് വധു സനിധ.ഗായകന് കെ ജെ യേശുദാസും മൃദംഗ വിദ്വാന് ഉമ്മയാള്പുരം ശിവരാമനുമാണ് വധൂവരന്മാര്ക്ക് വരണമാല്യം കൈമാറിയത്.ആര്‍ക്കിടെക് ജി ശങ്കറാണ് വിവാഹവേദി ഒരുക്കിയത്.ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്, സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയന്, എസ് രാമചന്ദ്രന്‍പിള്ള, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, കെപിസിസി പ്രസിഡന്റ് വി എം സുധീരന് തുടങ്ങിയവര്‍ വിവാഹത്തില്‍ സംബന്ധിച്ചു.
INDIANEWS24.COM T V P M