ടൊറന്റോ: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ടൊറന്റോയിലെ പാര്ക്കുകളിലെല്ലാംതന്നെ വാരാന്ത്യത്തില്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍. ഡൌണ്‍ടൌണിലെ ട്രിനിറ്റി ബെല്വുഡ്സ് പാര്‍ക്കില്‍ എത്തിയ ജനക്കൂട്ടം എല്ലാ സീമകളും ലംഘിച്ച് പാര്‍ക്കിലും സമീപത്തുള്ള വീടുകളുടെ ബാക്ക് യാര്‍ഡുകളിലും മലമൂത്രവിസര്‍ജ്ജനം നടത്തി. നിരവധി പേര്‍ക്ക് പോലീസ് പിഴ നല്കി. ഇവിടെ ആള്‍ക്കൂട്ടം നടത്തിയ കുഴപ്പങ്ങള്‍ക്ക് ടൊറന്റോ മേയര്‍ ജോണ്‍ ടോറി ക്ഷമാപണം നടത്തി.
38 ഏക്കര്‍ മാത്രം വിസ്തൃതിയുള്ള പാര്‍ക്കില്‍, സാമൂഹ്യ അകലംപാലിക്കല്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ലംഘിച്ച് ആയിരക്കണക്കിന് പേരാണ് ശനിയാഴ്ച വന്നുചേര്‍ന്നത്. ഇവരില്‍ ചിലര്‍ പാര്‍ക്കിലും തൊട്ടടുത്തുള്ള വീടുകളുടെ ബാക്ക് യാര്‍ഡുകളിലും മലമൂത്രവിസര്‍ജനം നടത്തുകയും ചെയ്തതോടെ സ്ഥിതി കൂടുതല്‍ കൈവിട്ടുപോയി.
ലോക്ക്ഡൌണില്‍ സര്‍ക്കാര്‍ ഇളവുകള്‍ വരുത്തിയതിനൊപ്പം നിബന്ധനകളോടെ പാര്‍ക്കുകളും തുറന്നിരുന്നു. ഒരേ വീട്ടില്‍ താമസിക്കുന്ന അഞ്ച് പേരില്‍ കൂടുതല്‍ ഒരുമിച്ച് ഇരിക്കരുത്, അല്ലാത്തവരുമായി രണ്ട് മീറ്റര്‍ അകലം പാലിക്കണം, പാര്‍ക്കുകളില്‍ സ്ഥാപിച്ചിട്ടുള്ള സ്ഥിരം ബാര്‍ബക്യൂ അടുപ്പുകള്‍ ഉള്‍പ്പെടെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കരുത് തുടങ്ങിയ നിബന്ധനകളോടെയാണ് പാര്‍ക്കുകള്‍ തുറന്നത്. എന്നാല്‍, ഒട്ടുമിക്ക പാര്‍ക്കുകളിലും ആള്‍ക്കൂട്ടം ഇത്തരം നിയന്ത്രണങ്ങളൊന്നും പാലിച്ചില്ല. ട്രിനിറ്റി പാര്‍ക്കില്‍ അത് എല്ലാ അതിരുകളും ലംഘിക്കുകയും ചെയ്തു.
നിയന്ത്രണവിധേയമായി എന്ന് തോന്നിപ്പിച്ച അവസ്ഥയില്‍നിന്ന് വീണ്ടും ഒണ്ടാരിയോയില് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉള്ളത്. എല്ലാ നിയന്ത്രണങ്ങളെയും തൃണവല്‍ഗണിച്ച് തന്നിഷ്ടംപോലെ പെരുമാറുന്ന ഒരുകൂട്ടം ആള്ക്കാര് കാനഡ ഇതുവരെ പുലര്‍ത്തിയ പ്രതിരോധംതകര്ത്തുകളയുമോ എന്ന ആശങ്കയിലാണ് അധികൃതര്‍.
(Courtesy for photo: Dr. Eileen de Villa @epdevilla)