728-pixel-x-90-2-learn
728-pixel-x-90
<< >>

പാചക പരീക്ഷണം വടകളിലും ആകാം………

തുവരപ്പരിപ്പ്‌ – പച്ചരിവട
ചേരുവകള്‍: പച്ചരി – ഒരു കപ്പ്‌. തുവരപ്പരിപ്പ്‌ – അരക്കപ്പ്‌. ചുരണ്ടിയ തേങ്ങ – ഒരുകപ്പ്‌. കപ്പലണ്ടി – കാല്‍കപ്പ്‌. ഉണക്കമുളക്‌ – 7-8 എണ്ണം. കായപ്പൊടി – കാല്‍ ടീസ്‌പൂണ്‍. ഉപ്പ്‌ – പാകത്തിന്‌. എണ്ണ – വറുക്കാന്‍.
തയ്യാറാക്കുന്നവിധം: അരിയും തുവരപ്പരിപ്പും നന്നായി കഴുകി രണ്ടു മണിക്കൂര്‍ കുതിര്‍ക്കുക. അരിച്ചുവാരി ഉണക്കമുളക്‌, ഉപ്പ്‌, തേങ്ങ, കായപ്പൊടി, കപ്പലണ്ടി എന്നിവ ചേര്‍ത്ത്‌ നന്നായരയ്‌ക്കുക. ഒരു പോളിത്തീന്‍ ഷീറ്റിലോ പ്ലാസ്റ്റിക്‌ കൂടിന്‌ മീതെയോ അല്‍പം നനവുണ്ടാക്കി, അല്ലെങ്കില്‍ അല്‍പം എണ്ണ തടവി മാവില്‍ കുറേശ്ശെ എടുത്ത്‌ അതില്‍ വച്ച്‌ ചെറു വൃത്തങ്ങള്‍ തയ്യാറാക്കി വടകള്‍ക്ക്‌ രൂപം നല്‍കുക. ഇവ ചൂടെണ്ണയിലിട്ട്‌ വറുത്ത്‌ കോരുക.

img_7186-1മിക്‌സഡ്‌ ദാള്‍ വട
ചേരുവകള്‍: പച്ചരി – ഒരുകപ്പ്‌. ഉഴുന്ന്‌, കടലപ്പരിപ്പ്‌, തുവരപ്പരിപ്പ്‌ – കാല്‍ കപ്പ്‌ വീതം. ചുരണ്ടിയ തേങ്ങ – അരകപ്പ്‌. ഉണക്കമുളക്‌ – മൂന്നെണ്ണം. പച്ചമുളക്‌ – നാലെണ്ണം. കറിവേപ്പില – ഒരു തണ്ട്‌. ഉപ്പ്‌, എണ്ണ – ആവശ്യത്തിന്‌. കായപ്പൊടി – കാല്‍ടീസ്‌പൂണ്‍.
തയ്യാറാക്കുന്നവിധം: മൂന്നുതരം പരിപ്പുകളും അരിയും കഴുകി അരിച്ച്‌ വാരുക. വെള്ളം ഒഴിച്ച്‌ 1-2 മണിക്കൂര്‍ കുതിര്‍ത്ത്‌ വെള്ളം പൂര്‍ണ്ണമായും കളഞ്ഞ്‌ ഒരു മസ്‌ലിന്‍ തുണിയില്‍ നിരത്തി ഈര്‍പ്പവിമുക്തമാക്കുക. ഇത്‌ റവയുടെ പരുവത്തിന്‌ പൊടിച്ച്‌ വയ്‌ക്കുക.
ഒരു ചീനച്ചട്ടി ചൂടാക്കി നാല്‌ ടീസ്‌പൂണ്‍ എണ്ണ ഒഴിച്ച്‌ കടുക്‌, ഉണക്കമുളക്‌ രണ്ടായി മുറിച്ചത്‌, പച്ചമുളക്‌ പൊടിയായരിഞ്ഞത്‌, ഉതിര്‍ത്ത കറിവേപ്പില, കായം എന്നിവയിട്ട്‌ വറുത്ത്‌ കടുക്‌ പൊട്ടുമ്പോള്‍ അഞ്ചു കപ്പ്‌ വെള്ളം ഒഴിക്കുക. ഉപ്പും ചുരണ്ടിയ തേങ്ങയും ഇടുക. വെള്ളം തിളയ്‌ക്കുമ്പോള്‍ പരിപ്പ്‌, അരിപ്പൊടി, ചേര്‍ക്കുക. വെള്ളം പൂര്‍ണ്ണമായും വറ്റി പൊടി നന്നായി വെന്തുകിട്ടുമ്പോള്‍ ഒരു ടീസ്‌പൂണ്‍ എണ്ണ ഒഴിച്ച്‌ ഇളക്കി വാങ്ങുക. ചെറുഉരുളകള്‍ തയ്യാറാക്കി എണ്ണ തടവിയ പ്ലാസ്റ്റിക്‌ ഷീറ്റില്‍ വച്ച്‌ ചെറുവടകള്‍ക്ക്‌ ആകൃതി നല്‍കി 4-5 വടകള്‍ വീതം എണ്ണ തടവിയ ഒരു തട്ടില്‍വച്ച്‌ ഒരു ഇഡ്ഡലി കുക്കറിലോ ഇഡ്ഡലിപ്പാത്രത്തിലോ സ്റ്റീമറിലോ വച്ച്‌ മീതെ ഓരോ ടീസ്‌പൂണ്‍ എണ്ണ ഒഴിച്ച്‌ അടച്ച്‌ ആവിയില്‍ വേവിച്ചെടുക്കുക. 4-5 മിനിറ്റിനുശേഷം തുറന്ന്‌ മറിച്ച്‌ വയ്‌ക്കുക. മറുവശത്തും ഓരോ ടീസ്‌പൂണ്‍ എണ്ണ ഒഴിച്ച്‌ അടച്ച്‌ ആവിയില്‍ വേവിച്ച്‌ വാങ്ങുക.

വാഴക്കൂമ്പ്‌ വട
ചേരുവകള്‍: വാഴക്കൂമ്പ്‌ ചെറിതയരിഞ്ഞത്‌ – ഒരുകപ്പ്‌. കടലമാവ്‌ – അരക്കപ്പ്‌. പച്ചമുളക്‌ ചെറുതായരിഞ്ഞത്‌ – നാലെണ്ണം. ഇഞ്ചി – അരക്കഷ്‌ണം. ഉപ്പ്‌ – പാകത്തിന്‌. എണ്ണ – വറുക്കാന്‍.
തയ്യാറാക്കുന്നവിധം: വാഴക്കൂമ്പ്‌, പച്ചമുളക്‌, ഇഞ്ചി എന്നിവ തമ്മില്‍ യോജിപ്പിക്കുക. കടലമാവും ഉപ്പും കുറച്ചുവെള്ളവും തമ്മില്‍ യോജിപ്പിച്ച്‌ ഇതില്‍ ചേര്‍ത്തിളക്കി യോജിപ്പിക്കുക. കുറേശ്ശെയെടുത്ത്‌ ഉള്ളംകൈയ്യില്‍ വച്ച്‌ വടയുടെ ആകൃതി നല്‍കു ചൂടെണ്ണയിലിട്ട്‌ വറുത്ത്‌ മൊരിച്ചെടുക്കുക.

ചീര – ക്യാബേജ്‌ വട
ചേരുവകള്‍: ഉഴുന്ന്‌ – ഒരുകപ്പ്‌. ചീര – അരക്കപ്പ്‌; ചെറുതായരിഞ്ഞത്‌. ക്യാബേജ്‌ – അരക്കപ്പ്‌; ചെറുതായരിഞ്ഞത്‌. സവാള – അഞ്ചെണ്ണം; ചെറിതായരിഞ്ഞത്‌. പച്ചമുളക്‌ – ഒരെണ്ണം; ചെറുതായരിഞ്ഞത്‌. ഉപ്പ്‌ – പാകത്തിന്‌. എണ്ണ – വറുക്കാന്‍.
തയ്യാറാക്കുന്നവിധം: ഉഴുന്ന്‌ കഴുകി, കുതിര്‍ത്ത്‌ അരിച്ചുവാരി തരുതരുപ്പായരച്ചെടുക്കുക. ഇതില്‍ എണ്ണ ഒഴിച്ചുള്ള ചേരുവകള്‍ ചേര്‍ത്തിളക്കുക. ഇതില്‍നിന്നും ചെറുപങ്കുകള്‍ എടുത്ത്‌ വടയുടെ ആകൃതിയിലാക്കി ചൂടെണ്ണയിലിട്ട്‌ വറുത്ത്‌ കോരുക.

പൊട്ടുകടല വട
ചേരുവകള്‍: പൊട്ടുകല – രണ്ടു കപ്പ്‌. പച്ചരി – കാല്‍ കപ്പ്‌. ചുരണ്ടിയതേങ്ങ – ഒരു കപ്പ്‌. ഉണക്കമുളക്‌, പച്ചമുളക്‌ – നാലെണ്ണം വീതം. സവാള – രണ്ടെണ്ണം; പൊടിയായരിഞ്ഞത്‌. ജീരകം – രണ്ട്‌ ടീസ്‌പൂണ്‍. കറിവേപ്പില – രണ്ടുതണ്ട്‌; പൊടിയായരിഞ്ഞത്‌. എണ്ണ – വറുക്കാന്‍. ഉപ്പ്‌ – പാകത്തിന്‌.
തയ്യാറാക്കുന്നവിധം: പൊട്ടുകടല അഥവാ ചട്‌നീദാള്‍ നന്നായി കഴുകുക. അരി കഴുകി, അരിച്ചുവാരുക. ഇവ അരമണിക്കൂര്‍ കുതിര്‍ക്കുക. ഇതില്‍ പച്ചമുളക്‌, ഉണക്കമുളക്‌, ഉപ്പ്‌ എന്നിവ ചേര്‍ത്ത്‌ അല്‍പം വെള്ളം ചേര്‍ത്ത്‌ നല്ല കട്ടിയായി അരച്ചുവയ്‌ക്കുക. ഇതില്‍ സവാള അരിഞ്ഞത്‌, ജീരകം, തേങ്ങാ, കറിവേപ്പില എന്നിവ ചേര്‍ത്ത്‌ ഇളക്കുക. ചെറുഉരുളകളാക്കി പ്ലാസ്റ്റി കവറില്‍ വച്ച്‌ വടയുടെ ആകൃതിവരുത്തി ചൂടെണ്ണയിലേക്കിട്ട്‌ വറുത്ത്‌ കരുകരുപ്പാക്കി(ഇരുവശവും) കോരുക.

കടപ്പാട്:ഇന്ദു നാരായണന്‍

Leave a Reply