കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ ജനവാസമില്ലാത്ത ഒരു പഴയ ഗ്രാമപ്രദേശം പാക്ക് സൈന്യം അധീനതയില്‍ ആക്കിയതായി റിപ്പോര്‍ട്ട്. പ്രദേശം മോചിപ്പിക്കാന്‍ ഇന്ത്യന്‍ സേന ആക്രമണം തുടങ്ങിയിട്ടുണ്ട്. ആളുകള്‍ ഉപേക്ഷിച്ചു പോയ ശാലാ ഭാട്ടയെന്ന ഗ്രാമമാണ് കഴിഞ്ഞ സെപ്റ്റംബര്‍ 23 ന് രാത്രി പാക്ക് സൈന്യം കൈവശപ്പെടുത്തിയത്. ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ ഏതാനും കെട്ടിടങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ഇന്ത്യന്‍ സേനയെ പാക്ക് സൈന്യം നേരിടുന്നത് ഈ കെട്ടിടത്തിന്റെ മറപിടിച്ചാണ്.
തന്ത്രപരമായി ഏറെ പ്രധാന്യമുളള സ്ഥലമാണ് ശാലാ ഭാട്ട. 2001- 2002 കാലഘട്ടത്തിനു ശേഷം ഇതാദ്യമായാണ് പാക്ക് സൈന്യം ഇന്ത്യന്‍ പ്രദേശങ്ങള്‍ പിടിചെ്ചടുക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്് പാക്ക് പ്രധാനമന്ത്രി നവാസ് ഷെറീഫുമായി കൂടിക്കാഴ്ച നടത്താന്‍ ഒരുങ്ങുന്നതിനിടെയായിരുന്നു പാക്ക് സൈന്യത്തിന്റെ അതിക്രമം.
അടുത്തിടെയായി ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക്ക് സൈന്യത്തിന്റെ ആക്രമണം ശക്തമായി വരികയാണ്. കഴിഞ്ഞ മാസം മുപ്പതിലധികം തവണയാണ് കരാര്‍ ലംഘിച്ച് പാക്ക് സേന ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്തിയത്. അതിര്‍ത്തിയിലെ സംഘര്‍ഷം കുറയ്ക്കാന്‍ പാക്ക് സൈന്യത്തിന് നിര്‍ദേശം നല്‍കണമെന്ന് ന്യുയോര്‍ക്കില്‍ വച്ചു നടന്ന കൂടിക്കാഴ്ചയ്ക്കിടെ മന്മോഹന് സിങ് പാക്ക് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.