728-pixel-x-90-2-learn
728-pixel-x-90
<< >>

പാക്കിസ്ഥാന്‍ പുറത്ത്: സെമിയില്‍ ഇന്ത്യയുടെ എതിരാളി ഓസ്‌ട്രേലിയ

അഡ്‌ലേയ്ഡ്:ഇന്ത്യയ്ക്ക് ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിലെത്താന്‍ സെമിയില്‍ തോല്‍പ്പിക്കേണ്ടത് ഓസ്‌ട്രേലിയയെ.വെള്ളിയാഴ്ച്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ പാക്കിസ്ഥാനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഓസീസ് സെമിയിലേക്ക് പ്രവേശിച്ചത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 49.5 ഓവറില്‍ 213 റണ്‍സ് നേടി. ഒരു ബാറ്റ്‌സ്മാന് പോലും ഇന്നിംങ്‌സിന് അടിത്തറ പാകാന്‍ കഴിയാതിരുന്ന പാക്കിസ്ഥാന്‍ ഓസീസിന്റെ ബൗളിങ്ങിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.ഹാരിസ് സൊഹെയില്‍(41), ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹഖ്(34),ഉമര്‍ അക്മല്‍,സൊഹെയ്ബ് മഖ്‌സൂദ് ഷാഹിദ് അഫ്രിദി എന്നിവര്‍ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും പാക് നിരയിലെ ഒരാള്‍ക്ക് പോലും അര്‍ദ്ധ ശതകം കുറിക്കാനായില്ല.

കുറഞ്ഞ സ്‌കോര്‍ പ്രതിരോധിക്കുകയെന്ന ബാലികേറാ മലയുമായാണ് പാക്കിസ്ഥാന്‍ ബൗളിങ്ങിനിറങ്ങിയത്.അഡ്‌ലെയ്ഡിലെ പിച്ചിന്റെ സ്വഭാവം അവര്‍ക്ക് മുതലാക്കാനായേക്കുമെന്ന സൂചന നല്‍കും വിധമായിരുന്നു ഓസീസിന്റെ തുടക്കം.2.3 ഓവറില്‍ സ്‌കോര്‍ ബോര്‍ഡില്‍ 15 റണ്‍സ് ആകുമ്പോഴേക്കും സൊഹെയ്ല്‍ ഖാന്റെ പന്തില്‍ ആരോണ്‍ ഫിഞ്ച് വിക്കറ്റിന് മുന്നില്‍ കുടുങ്ങി.തുടര്‍ന്നെത്തിയ സ്റ്റീവന്‍ സ്മിത്തുമായി ചേര്‍ന്ന് ഡേവിഡ് വാര്‍ണര്‍ സ്‌കോര്‍ ചലിപ്പിക്കുന്നതില്‍ വിജയിച്ചു.എങ്കിലും സ്‌കോര്‍ 49 എത്തുമ്പോള്‍ പാക്കിസ്ഥാന്‍ അടുത്ത പ്രഹരം ഏല്‍പ്പിക്കാനായി.വഹാബ് റിയാസിന്റെ പന്തില്‍ രഹത്ത് അലി പടികൂടി വാര്‍ണര്‍ പവിലിയനിലേക്ക്.അധികം വൈകാതെ ക്യാപ്റ്റന്‍ ക്ലാര്‍ക്കിന്റെ വിക്കറ്റ് കൂടി നഷ്ടപ്പെടുത്താനായതോടെ പാക്കിസ്ഥാന്‍ കളിയിലേക്ക് തിരിച്ചുവരുന്നതായി തോന്നി.നിര്‍ണായകമായ നാലാം വിക്കറ്റ് കാര്യങ്ങള്‍ മാറ്റിമറിച്ചു.സ്മിത്തും(65) വാട്‌സണും(64) ചേര്‍ന്ന കൂട്ടുകെട്ട് ഓസീസിന്റെ നില ഭദ്രമാക്കി.ഇതിനിടെ സ്മിത്തിന്റെ ക്യാച്ച് വിട്ടുകളഞ്ഞതും പാക്കിസ്ഥാന് വിനയായി.89 റണ്‍സ് കൂട്ടിചേര്‍ത്ത ഈ കൂട്ട് കെട്ട് പിരിയുമ്പോള്‍ ഓസ്‌ട്രേലിയക്ക് വലിയ ആശങ്കകളില്ലാത്ത നിലയിലേക്കെത്തിയിരുന്നു(26.4 ഓവറില്‍ 4ന് 148).പിന്നാലെയെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ വെടിക്കെട്ട് ബാറ്റിങ്ങ്(29 പന്തില്‍44) കൂടിയായതോടെ 16.1 ഓവര്‍ ബാക്കി നില്‍ക്കെ ഓസ്‌ട്രേലിയ ലക്ഷ്യം കണ്ടു.

ഓസീസിന് വേണ്ടി ജോഷ് ഹാസില്‍വുഡ് നാല് വിക്കറ്റ് വീഴ്ത്തി.മിച്ചല്‍ സ്റ്റാര്‍ക്കും ഗ്ലെന്‍ മാക്‌സ്‌വെല്ലും മൂന്നും മിച്ചല്‍ ജോണ്‍സണും ജെയിംസ് ഫോള്‍ക്‌നറും രണ്ടും വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ വാട്‌സണ്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.26ന് സിഡ്‌നിയിലാണ്‌ ഇന്ത്യ ഓസ്‌ട്രേലിയ സെമി.

INDIANEWS24.COM SPORTS DESK

Leave a Reply