ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യാ-പാക് സംഘര്‍ഷങ്ങള്‍ നയതന്ത്രബന്ധങ്ങളില്‍ കാര്യമായ വിള്ളല്‍ വീഴ്ത്തുന്നതിനിടെ പാക് ബാലന് ഇന്ത്യയില്‍ ചികിത്സയ്ക്ക് അവസരമൊരുക്കി വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്. ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായ രണ്ടരവയസ്സുകാരന്റെ അവസ്ഥ കണക്കിലെടുത്ത് പാക് യുവാവിന് കുടുംബസമേതം ഇന്ത്യയില്‍ നാല് മാസം തങ്ങാനുള്ള വിസയാണ് മന്ത്രാലയം അനുവദിച്ചിരിക്കുന്നത്.
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജീവന് പോലും അപകടത്തിലായ സാഹചര്യത്തില്‍ അവസാന പ്രതീക്ഷയെന്ന നിലയിലാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയെ കുഞ്ഞിന്റെ പിതാവായ കെന്‍ സയീദ് സമീപിച്ചത്. സുഷമ സൃഷ്ടിച്ച ട്വിറ്റര്‍ പ്ലാറ്റ്ഫോമിലൂടെ സയീദ് സഹായമഭ്യര്‍ത്ഥിച്ച് പോസ്റ്റിടുകയായിരുന്നു. ഇതിനെ അനുകൂലിച്ചും പ്രാര്‍ത്ഥിച്ചും നിരവധി അഭിപ്രായങ്ങള്‍ കൊണ്ട് കമന്റ് ബോക്സും നിറയുന്നതിനിടെ സുഷമ ഇതിനോട് പ്രതികരിച്ചു. പാക്കിസ്ഥാനിലുള്ള ഇന്ത്യന്‍ സ്ഥാനപതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ടു. മൂന്നു മാസത്തേക്കാണ് സയീദും കുടുംബവും വിസയ്ക്ക് അപേക്ഷിച്ചത്. എന്നാല്‍ നാല് മാസത്തെ വിസയാണ് ഇവര്‍ക്ക് വിദേശകാര്യമന്ത്രാലയം അനുവദിച്ചത്.
ഇതോടെ സുഷമയ്ക്ക് നന്ദിയറിയിച്ച് സയീദിന്റെ ട്വീറ്റും എത്തി.സംഭവം വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യയുടെ വിദേശ കാര്യമന്ത്രിക്ക് അഭിനന്ദന പ്രവാഹമാണ്.
INDIANEWS24.COM NEWDELHI