728-pixel-x-90-2-learn
728-pixel-x-90
<< >>

പാകിസ്ഥാന്‍ പള്ളിയിലെ സ്ഫോടനം:മരണം 81 ആയി

പെഷവാര്‍ :പാകിസ്ഥാനിലെ പെഷവാര്‍  ഓള്‍ സെയ്ന്‍റ്സ് പള്ളിയില്‍ ഞായറാഴ്ച രാവിലെ നടന്ന ചാവേര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 81 ആയി. 600 പേര്‍ വരുന്ന വിശ്വാസികള്‍ കുറുബാന കഴിഞ്ഞു പുറത്തേക്കു വരുന്ന സമയത്ത് നടന്ന ചാവേര്‍ സ്ഫോടനത്തില്‍ നിരവധി കുട്ടികളും മരിച്ചിട്ടുണ്ട് .പാകിസ്ഥാനിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിനു നേരെ നടന്ന ഏറ്റവും മാരകമായ ഈ ആക്രമണത്തില്‍ 145 പേര്‍ക്കു പരുക്കേറ്റിരുന്നു. താലിബാന്‍ നടത്തിയ ഈ ഹീനമായ ആക്രമണത്തില്‍ മരിച്ചവര്‍ക്കായി രാജ്യമെങ്ങും പ്രാര്‍ഥനായോഗങ്ങള്‍ സംഘടിപ്പിച്ചു.1883 ഡിസംബര്‍ 27ന് സെയിന്റ് ജോണ്‍സ് ദിനത്തില്‍ തുറന്ന ദേവാലയമാണ് ഓള്‍ സെയിന്റ്സ് പള്ളി.

ഇതേസമയം, തീവ്രവാദി ആക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ താലിബാനുമായി സര്‍ക്കാര്‍ നടത്താനിരുന്ന ചര്‍ച്ച വിഷമകരമാകുമെന്നു പ്രധാനമന്ത്രി നവാസ് ഷരീഫ് ഇസ്ലാമാബാദില്‍ പറഞ്ഞു. സദുദ്ദേശ്യത്തോടെ ചര്‍ച്ചയ്ക്കു തയാറായ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ നടപടിയാണു പെഷാവര്‍ പള്ളിയില്‍ നടന്നതെന്നും യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കുന്നതിനു ന്യൂയോര്‍ക്കിലേക്കു തിരിക്കുംമുന്‍പു ഷരീഫ് പറഞ്ഞു. പാക്കിസ്ഥാന്‍ മനുഷ്യാവകാശ കമ്മിഷനും താലിബാനുമായുള്ള ചര്‍ച്ചയെ ശക്തമായി എതിര്‍ത്തു. ഹീനമായ അക്രമങ്ങള്‍ തുടരുന്നവരുമായി ചര്‍ച്ച ഫലവത്താകില്ലെന്നും കമ്മിഷന്‍റെ പ്രസ്താവനയില്‍ പറയുന്നു.

ഇതേസമയം, ഭീകരാക്രമണക്കേസുകളില്‍ പ്രതികളായ അഞ്ചു യുഎസ് പൗരന്മാര്‍ ഉള്‍പ്പെടെ 49 തടവുകാരെ റാവല്‍പിണ്ടിയിലെ അദിയാല ജയിലില്‍ നിന്ന് അതീവ സുരക്ഷയുള്ള ഫൈസലാബാദ് സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. തീവ്രവാദി നേതാവ് ഡോ. ഉസ്മാനെയും ഫൈസലാബാദിലേക്കു മാറ്റിയിട്ടുണ്ട്. സര്‍ഗോധ വ്യോമതാവളം ആക്രമിച്ച കേസിലെ പ്രതികളാണ് യുഎസ് പൗരന്മാര്‍.

പെഷാവറിലുള്ള ഒാള്‍ സെയ്ന്‍റ്സ് പള്ളിയില്‍ നടന്ന ബോംബ് ആക്രമണത്തെ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഒാഫ് ഇന്ത്യ (സിബിസിഐ) അപലപിച്ചു. ന്യൂനപക്ഷ സമൂഹത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനു പാക്ക് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു സിബിസിഐ സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ് ആല്‍ബര്‍ട്ട് ഡിസൂസ ആവശ്യപ്പെട്ടു.

www.indianews24.com/uk

Leave a Reply