ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലും ഒഡീഷയിലും കനത്ത മഴ രേഖപ്പെടുത്തി.ഇപ്പോഴും മഴ തുടരുകയാണ്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ ഉം-പുന് ബുധനാഴ്ച ഉച്ചതിരിഞ്ഞ് പശ്ചിമബംഗാള്‍ തീരത്ത് എത്തിയേക്കും എന്നാണ് കാലാവസ്ഥ കേന്ദ്രം പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 155-165 കിലോമീറ്റര്‍ വേഗതയില്‍ എത്തുന്ന അതി തീവ്ര ചുഴലിക്കാറ്റിന് മുന്നോടിയായി ഒഡീഷയുടേയും പശ്ചിമബംഗാളിന്റേയും വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്യുന്നതെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ പ്രവചിക്കുന്നത്.
കാറ്റിന്റെ വേഗം ചിലപ്പോള്‍ 185 കിലോമീറ്റര്‍ വരെയാകാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കാറ്റിനൊപ്പം അതിശക്തമായ മഴയും കടലേറ്റവുമുണ്ടാകും.തിരമാല നാലഞ്ച് മീറ്റര്‍വരെയുയരാം.ദേശീയ ദുരന്തപ്രതികരണസേനയുടെ 40 സംഘങ്ങളെ രണ്ടുസംസ്ഥാനങ്ങളിലുമായി വിന്യസിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന് അറിയിച്ചു. കരസേന, നാവികസേന എന്നിവയുടെ രക്ഷാ, ദുരിതാശ്വാസ സംഘങ്ങള്‍ സജ്ജമായിട്ടുണ്ട്. നാവിക, വ്യോമസേനകളുടെയും തീരരക്ഷാസേനയുടെയും കപ്പലുകളും ഹെലിക്കോപ്റ്ററുകളും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട് എന്ന് അധികൃതര്‍ അറിയിച്ചു.
INDIANEWS24 CLIMATE DESK