728-pixel-x-90-2-learn
728-pixel-x-90
<< >>

പഴയ വാക്ക് ഹാര്‍പര്‍ പൊടിതട്ടിയെടുത്തു; മലാല ഇനി വിശിഷ്ട കാനഡക്കാരി

ഓട്ടവ: ലോകത്തിന്‍റെ മനംകവര്‍ന്ന മലാല യൂസഫ്സായ്‌ ഇനി വിശിഷ്ട കാനഡക്കാരി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവകാശത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായ ശേഷം ജീവിതത്തിലേക്ക് മടങ്ങിവരികയും പിന്നീട് നൊബേല്‍ അവാര്‍ഡിന് അര്‍ഹയാകുകയും ചെയ്ത മലാലയ്ക്ക് ഈ മാസം കാനഡ വിശിഷ്ട പൗരത്വം സമ്മാനിക്കും. പ്രധാനമന്ത്രി സ്റ്റീവന്‍ ഹാര്‍പര്‍ അറിയിച്ചതാണിത്. പൗരത്വം ഏറ്റുവാങ്ങാന്‍ മലാല ഈ മാസം 22ന് കാനഡയില്‍ എത്തുമെന്ന് ഹാര്‍പര്‍ പ്രസ്താവനയില്‍ പറഞ്ഞു.

പതിനേഴുകാരിയായ മലാല രണ്ടു വര്‍ഷം മുമ്പ് താലിബാന്‍ തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായിരുന്നു. മതമൗലിക ചിന്തകള്‍ക്ക് വേരോട്ടമുള്ള പാകിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവകാശത്തിന് വേണ്ടി സംസാരിച്ചതിന്റെ പേരിലാണ് മലാല ആക്രമിക്കപ്പെട്ടത്. തലയ്ക്ക് വെടിയേറ്റ ഈ പെണ്‍കുട്ടി ബ്രിട്ടനില്‍ ലഭിച്ച വിദഗ്ധചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. പാകിസ്ഥാനില്‍ ജീവന് ഭീഷണി ഉള്ളതിനാല്‍ ഇപ്പോഴും ബ്രിട്ടന്‍ കേന്ദ്രമാക്കി പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് മലാല.

മലാലയ്ക്ക് ബഹുമാനസൂചകമായി കാനഡ പൗരത്വം നല്‍കുമെന്ന് കഴിഞ്ഞ വര്‍ഷം സ്റ്റീവന്‍ ഹാര്‍പര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതുവരെ ഇതിനുള്ള നടപടികളൊന്നും പുരോഗമിച്ചിരുന്നില്ല. ഇതിനിടെ റൗള്‍ വാലെന്‍ബര്‍ഗ്, നെല്‍സന്‍ മണ്ടേല, ദലൈലാമ, ഓന്ഗ് സാന്‍ സൂചി, ആഗാ ഖാന്‍ എന്നിവര്‍ക്ക് കാനഡ വിശിഷ്ട പൗരത്വം അനുവദിക്കുകയും ചെയ്തു. മലാലയ്ക്ക് പ്രഖ്യാപിച്ച വിശിഷ്ട പൗരത്വത്തെക്കുറിച്ച് ഈ സമയത്തൊന്നും സര്‍ക്കാര്‍ മിണ്ടിയില്ല.

ഇന്ത്യക്കാരനായ കൈലാഷ് സത്യാര്‍ഥിക്കൊപ്പം മലാല നൊബേല്‍ സമ്മാനം പങ്കിട്ടതോടെയാണ് മലാലയുടെ കനേഡിയന്‍ പൗരത്വം വീണ്ടും ചര്‍ച്ചയായത്. നൊബേല്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍, ഹാര്‍പര്‍ കഴിഞ്ഞ വര്‍ഷം നടത്തിയ വാഗ്ദാനത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും കുടിയേറ്റകാര്യ മന്ത്രി ക്രിസ് അലക്സാണ്ടര്‍ കൃത്യമായി പ്രതികരിച്ചില്ല. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ മലാലയ്ക്ക് വിശിഷ്ട പൗരത്വം അനുവദിക്കുകയാണെന്ന ഹാര്‍പറുടെ പ്രസ്താവന വന്നു.

Leave a Reply