728-pixel-x-90-2-learn
728-pixel-x-90
<< >>

പറവൂര്‍കാരി ന്യൂസീലാന്‍ഡില്‍ എം പി സ്ഥാനത്തേക്ക്‌

വെല്ലിംഗ്ടണ്‍: എറണാകുളം ജില്ലയിലെ പറവൂരില്‍ ജനിച്ച പ്രിയങ്ക രാധാകൃഷ്ണന്‍ ന്യൂസീലാന്‍ഡില്‍ പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍ രണ്ടാം വാരം നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങോടെ അവിടത്തെ പ്രധാന രാഷ്ട്രീയ കക്ഷികളില്‍ ഒന്നായ ലേബര്‍ പാര്‍ട്ടിയെ പ്രതിനിധാനം ചെയ്ത് ലിസ്റ്റ് എം പി ആകും. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി വനിത ന്യൂസീലാന്‍ഡില്‍ എം പി സ്ഥാനത്തെത്തുന്നത്.

2004ല്‍ സ്റ്റുഡന്റ്‌സ് വിസയിലെത്തിയ പ്രിയങ്ക 2006 ഓടെ ലേബര്‍ പാര്‍ട്ടിയുടെ ഭാഗമായി മാറി. ലേബര്‍ പാര്‍ട്ടിയെ പാര്‍ലമെന്റില്‍ പ്രതിനിധാനം ചെയ്യുന്ന കിവി-ഇന്ത്യന്‍ എം പി കൂടിയാണ് ഇവര്‍.

ഇക്കഴിഞ്ഞ 23ന് നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എതിരാളിയായ നാഷണല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ലീ ടെന്നിസിനോട് പരാജയപ്പെട്ടതാണ്. എന്നാല്‍ ന്യൂസീലാന്‍ഡിലെ തിരഞ്ഞെടുപ്പ് രീതിയനുസരിച്ച് വോട്ടിംഗ് ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ എം പിയാകാനാകും. മൊത്തം 120 സീറ്റുള്ള പാര്‍ലമെന്റില്‍ വോട്ടര്‍മാര്‍ക്ക് നേരിട്ട് തിരഞ്ഞെടുക്കാവുന്നത് 71 എം പിമാരെയാണ്. ബാക്കിയുള്ള 49 സീറ്റുകളില്‍ ഓരോ പാര്‍ട്ടികള്‍ക്കും ലഭിച്ച വോട്ടിംഗ് ശതമാനത്തിനനുസരിച്ച് എം പിമാരെ തിരഞ്ഞെടുക്കും. ഇതിനെ ഇവിടെ ലിസ്റ്റ് എം പി എന്നാണ് പറയുന്നത്. ഇങ്ങനെയാണ് പ്രിയങ്ക ഇലക്ഷനില്‍ പരാജയപ്പെട്ടിട്ടും ലിസ്റ്റ് എം പിയായത്. 36 സീറ്റുകളിലാണ് പ്രിയങ്കയുടെ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടി വിജയിച്ചത്. ഈ പാര്‍ട്ടിക്ക് മൊത്തം സീറ്റുകളില്‍ നിന്നായി ലഭിച്ചത് 36 ശതമാനം വോട്ടാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ബാക്കിയുള്ള 49 സീറ്റില്‍ 16 എണ്ണം ലേബര്‍ പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ടതാണ്. ഇതില്‍ ഒരു സീറ്റാണ് പ്രിയങ്കയ്ക്ക് ഇരിപുറപ്പിക്കാനാകുക.

ലേബര്‍ പാര്‍ട്ടിയുടെ മുഖ്യ എതിരാളിയായ നാഷണല്‍ പാര്‍ട്ടിയിലും ഇന്ത്യക്കാരായവര്‍ ലിസ്റ്റ് എം പിമാരായിട്ടുണ്ട്. നേരിട്ടുള്ള തിരഞ്ഞെടുപ്പില്‍ 41 സീറ്റ് ലഭിച്ച് ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ നാഷണല്‍ പാര്‍ട്ടിക്ക് വോട്ട് നേടിയ ശതമാനകണക്ക് പ്രകാരം 17 ലിസ്റ്റ് എം പിമാരെ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കാനാകും. കണ്‍വെല്‍ജിത് ബക്ഷിയും പരംജിത് പരാമാരും നാഷണല്‍ പാര്‍ട്ടിയുടെ ലിസ്റ്റ് എം പിമാരാകുക. തിരഞ്ഞെടുപ്പില്‍ ഇവര്‍ ദയനീപരാജയമേറ്റുവാങ്ങിയെങ്കിലും ഇന്ത്യന്‍ പ്രാതിനിധ്യം ഉള്‍ക്കൊള്ളിക്കാനുള്ള പാര്‍ട്ടി തീരുമാനത്തെ തുടര്‍ന്നാണ് ലിസ്റ്റ് എം പിമാരായത്.

സംഗപ്പൂരില്‍ നിന്നുമാണ് ഉപരിപഠനത്തിനായി പ്രിയങ്ക രാധാകൃഷ്ണന്‍ 2004ല്‍ ന്യൂസീലാന്‍ഡില്‍ എത്തുന്നത്. മാസി , വിക്ടോറിയ യൂണിവേഴ്‌സിറ്റികളില്‍ ആണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഡവലപ്‌മെന്റ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രിയങ്ക മീഡിയ സ്റ്റഡീസിലും സോഷ്യോളജിയിലും പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പോളിസി അനാലിസിസ്, സോഷ്യല്‍ വര്‍ക്ക് എന്നീ മേഖലകളില്‍ പ്രവര്‍ത്തി പരിചയവും ഉണ്ട്. ക്രൈസ്റ്റില്‍ ചര്‍ച്ചില്‍ നിന്നുള്ള സ്‌കോട്ട്‌ലണ്ട് വംശജനായ റിച്ചാര്‍ഡ്‌സണ്‍ ആണ് ഭര്‍ത്താവ്. മാതാപിതാക്കളായ രാധാകൃഷ്ണനും ഉഷയും ചെന്നൈയില്‍ വിശ്രമ ജീവിതം നയിക്കുന്നു.

2006 ല്‍ ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് പൊതുപ്രവര്‍ത്തനം ആരംഭിച്ച പ്രിയങ്ക പാര്‍ട്ടിക്കുവേണ്ടി കാഴ്ചവച്ച നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളാണ് എംപിസ്ഥാനത്തേക്ക് മത്സരിക്കാന്‍ അവസരം ഒരുക്കിയത്.

INDIANEWS24.COM Wellington

Leave a Reply