കൊച്ചി:എല്‍ എല്‍ എം പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന്റെ പേരില്‍ ഐ ജി യെ പരീക്ഷ എഴുതിക്കില് നിര്‍ത്തി പുറത്താക്കി.തൃശൂര്‍ ഐ ജി. ടി ജെ ജോസിനെ അധികൃതര്‍ പിടികൂടി ഇറക്കിവിട്ടത്.
കഴിഞ്ഞ മൂന്ന് ദിവസമായി കോളേജില്‍, എം.ജി യൂണിവേഴ്സിറ്റി വിദൂരവിദ്യാഭ്യാസം വഴി നടത്തുന്ന എല്‍ എല്‍ എം കോഴ്സിന്റെ പരീക്ഷ നടന്നു വരികയാണ്. ഇന്റര്‍നാഷണല്‍ ട്രേഡ് ലാ, ലാ ഒഫ് ക്രൈം എന്ന വിഷയത്തിലാണ് ഇന്ന് പരീക്ഷ നടന്നത്.പരീക്ഷയ്ക്കിടെ സംശയകരമായ രീതിയില്‍ ജോസ് പെരുമാറിയതോടെ ഹാളിലുണ്ടായിരുന്ന അദ്ധ്യാപകന് പരിശോധന നടത്തി.ഇതേ തുടര്‍ന്ന് ജോസിന്റെ പക്കല്‍ നിന്ന് ഗൈഡില്‍ നിന്ന് കീറിയെടുത്ത പേജുകള്‍ കണ്ടെത്തി.ഉടന്‍ തന്നെ ഇന്‍വിജിലേറ്റര്‍ പരീക്ഷയുടെ ചുമതലയുണ്ടായിരുന്ന ജാക്സണിനെ വിവരം അറിയിച്ചു. പ്രിന്‍സിപ്പല്‍ അവധിയായിരുന്നതിനാല്‍ വൈസ് പ്രിന്‍സിപ്പല്‍ വി ജെ പീറ്ററിനേയും അറിയിച്ചു.തുടര്‍ന്ന് ഉത്തരക്കടലാസ് വാങ്ങിവച്ച ശേഷം ജോസിനെ പരീക്ഷാ ഹാളില്‍ നിന്നും പുറത്താക്കി.
ജോസ് ഐ ജി.യാണെന്ന് അറിയാതെയായിരുന്നു ഇന്‍വിജിലേറ്ററുടെ നടപടി. ഉത്തരക്കടലാസിലെ രജിസ്റ്റര്‍ നന്പര് പരിശോധിച്ചപ്പോഴാണ് തൃശൂര്‍ ഐ ജി.യാണെന്ന് മനസിലായത്. ജോസിനെ ഡീബാര്‍ ചെയ്യാന്‍ സര്‍വകലാശാലയോട് ശുപാര്‍ശ ചെയ്യുമെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു.
അതേസമയം, കോപ്പിയടിച്ചതിന് തന്നെ ആരും പിടിച്ചിട്ടില്ലെന്നും അത്തരമൊരു വാര്‍ത്ത തെറ്റാണെന്നും ഐ ജി ജോസ് പറഞ്ഞു.സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ഉത്തരമേഖലാ എ ഡി ജി പി. ശങ്കര്‍ റെഡ്ഡിയെ ആഭ്യന്തര മന്ത്രി ചുമതലപ്പെടുത്തി.
INDIANEWS24.COM KOCHI