jio 800x100
jio 800x100
728-pixel-x-90
<< >>

പരസ്യ പ്രചരണത്തിനു ഇനി ഏഴു ദിനങ്ങള്‍,കേരളം തെരഞ്ഞെടുപ്പ് തീച്ചൂളയില്‍

കൊച്ചി:പരസ്യ പ്രചരണത്തിനു ഇനി കേവലം ഒരാഴ്ച മാത്രം അവശേഷിക്കുമ്പോള്‍ കേരളം തെരഞ്ഞെടുപ്പ് ചൂളയില്‍ വെന്തുരുകുകയാണ്.മൂന്നു മുന്നണികളും ജീവന്‍മരണ പോരാട്ടത്തിലാണ്.എങ്കിലും ഒരു വള്ളപ്പാടു മുന്നില്‍ എല്‍ ഡി എഫ് എന്ന് എല്ലാ പ്രീ പോള്‍ സര്‍വേകളും ആണയിടുന്നു.അതെ സമയം വിജയവും തുടര്‍ ഭരണവും ഉറപ്പ് എന്ന ആലസ്യത്തിലാണ്ട് പോകാതെ സജീവമായി എല്‍ ഡി എഫ് പ്രചരണ രംഗത്തുണ്ട്.യു ഡി എഫിന് ഇത് നിലനില്‍പ്പിന്റെ തെരഞ്ഞെടുപ്പാണ്.ഇക്കുറി ഭരണം പിടിച്ചില്ലെങ്കില്‍ യു ഡി എഫ് എന്ന സംവിധാനം തന്നെ ശിഥിലമാകും എന്ന അവസ്ഥയില്‍ യു ഡി എഫ് വിശിഷ്യാ കോണ്‍ഗ്രസ് വന്‍ സമ്മര്‍ദ്ദത്തിലാണ്.സ്ഥാനാര്‍ഥി നിര്‍ണ്ണയ പിഴവുകളും ഗ്രൂപ്പ് വടം വലികളും എന്നും തലവേദന സൃഷ്ടിക്കുന്ന യു ഡി എഫിന് ഇക്കുറി ഈ അതിസമ്മര്‍ദ്ദം കൂടി താങ്ങാന്‍ കഴിയുമോ എന്നത് കണ്ടറിയേണ്ടതാണ്.

മൂന്നാം മുന്നണിയായി രംഗത്തുള്ള ബി ജെ പി നയിക്കുന്ന എന്‍ ഡി എ ഇക്കുറി വലിയ ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്.കഴിഞ്ഞ തവണ അക്കൌണ്ട് തുറന്ന നേമത്ത് ഇക്കുറി നില പരുങ്ങലിലാണെങ്കിലും ബി ജെ പി വന്‍ പ്രതീക്ഷ വച്ച് പുലര്‍ത്തുന്ന മണ്ഡലങ്ങള്‍ അര ഡസനിലെറെയാണ്.ബി ജെ പിയുടെ അവകാശ വാദങ്ങള്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും തകര്‍ന്നു പോകുന്ന ചരിത്രം ഇക്കുറി തിരുത്തപ്പെടുമോ എന്ന് കണ്ടറിയണം.ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്,എസ് ഡി പി ഐ,വെല്‍ഫെയര്‍ പാര്‍ട്ടി,കേരള കോണ്‍ഗ്രസ് മാണി വിഭാഗം.കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എന്നീ കക്ഷികളും നെഞ്ചിടിപ്പോടെയാണ് ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.കേരള കോണ്‍ഗ്രസ് ജേക്കബ്,പി സി ജോര്‍ജിന്റെ പാര്‍ട്ടി തുടങ്ങിയവ ഇക്കുറി നിഷ്കാസനം ചെയ്യപ്പെട്ടേക്കാം എന്ന അവസ്ഥയാണ്.തികച്ചും പ്രാദേശിക താല്‍പ്പര്യങ്ങളും സങ്കുചിത മനോഭാവങ്ങളും പുലര്‍ത്തുന്ന കക്ഷികള്‍ കേരള രാഷ്ട്രീയത്തിന് ഒരു ഗുണവും ചെയ്യില്ല എന്ന കാര്യം പലകുറി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.സങ്കുചിത താല്‍പ്പര്യക്കാരില്‍ നിന്നും ഗ്രൂപ്പ്-അധികാര മോഹികളില്‍ നിന്നും കേരളം നിര്‍മുക്തമാകുന്ന ഒരു തെരഞ്ഞെടുപ്പ് ഫലം ഉണ്ടാകേണ്ടതുണ്ട്.പ്രബുദ്ധ കേരളം എന്ന കേട്ട് പഴകിയ പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ അതിന്‍റെ ശക്തി തെളിയിക്കുന്ന ഒരു തെരഞ്ഞെടുപ്പിന് കേരളം പാകമാകട്ടെ എന്ന് ആശിക്കാം.

INDIANEWS24 EDITORIAL DESK

 

Leave a Reply