ന്യൂഡല്‍ഹി:പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ ഇതേവരെയുള്ള കണക്കു പ്രകാരം ആറ് ഇന്ത്യന്‍ സൈനികരാണ് മരിച്ചതെന്ന് ഔദ്യോഗിക സ്ഥിരീകരണം.ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്നും കണ്ടെടുത്ത ആയുധങ്ങള്‍ക്ക് പാക്കിസ്ഥാന് ബന്ധം ഉറപ്പിക്കാന്‍ കഴിയുന്നതെന്നും വെളിപ്പെടുത്തല്‍.ഭീകരര്‍ എവിടെ നിന്നെത്തിയെന്ന കാര്യങ്ങള്‍ വ്യക്തമായിട്ടുണ്ടെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു.
മലയാളിയായ ലഫ്റ്റനന്റ് കേണല്‍ ഇ കെ നിരഞ്ജന് കുമാര്‍ ഉള്‍പ്പെടെ ആറ് ജവാന്മാരാണ് പത്താന്‍കോട്ട് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചതെന്ന് മന്ത്രി പരീക്കര്‍ ആണ് സ്ഥിരീകരിച്ചത്.എന്നാല്‍ സംഭവസ്ഥലത്ത് നിന്നും കത്തിക്കരിഞ്ഞ് തിരിച്ചറിയാനാവാത്ത നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും ഇവ ഡി എന്‍ എ പരിശോധനയക്ക് വിട്ടതായും അദ്ദേഹം അറിയിച്ചു.ഭീകരര്‍ കൊണ്ടുവന്ന 50 കിലോ ബുള്ളറ്റെങ്കിലും പിടിച്ചെടുത്തിട്ടുണ്ട്.അവയില്‍ ചിലതെല്ലാം പാക്കിസ്ഥാനിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.പാക് നിര്‍മ്മിത എപ്കോട്ട് ഷൂസുകളാണ് ഭീകരര്‍ അണിഞ്ഞിരുന്നത്.ബാറ്ററികളില്‍ മെയ്ഡ് ഇന്‍ പാക്കിസ്ഥാന് എന്ന് എഴുതിയിട്ടുണ്ട്.കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ്,വ്യോമസേനാ മേധാവി എയര്‍മാര്‍ഷല്‍ അരൂപ് സാഹ, എന്‍ എസ് ജി ഡയറക്ടര്‍ ജനറല്‍ ആര് സി തയാല് എന്നിവര്‍ക്കൊപ്പമാണ് പ്രതിരോധ മന്ത്രി പത്താന്‍കോട്ട് വ്യോമസേനാതാവളം സന്ദര്‍ശിച്ചത്.
പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പരീക്കര്‍ സമ്മതിച്ചു.ഭീകരര്‍ വ്യോമസേനാത്താവളത്തില്‍ എത്തിയതെവിടെ നിന്നാണെന്ന് വ്യക്തമാക്കുന്ന പ്രാഥമിക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ കാര്യങ്ങല്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.ആളപായം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നീങ്ങിയതുകൊണ്ടാണ് ഓപ്പറേഷന് ഇത്രയും താമസിച്ചതെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.സുരക്ഷാ സേനകളെ അനുമോദിക്കാനും അദ്ദേഹം മറന്നില്ല.
INDIANEWS24.COM NEWDELHI