728-pixel-x-90-2-learn
728-pixel-x-90
<< >>

പട്ടയ മേളയുടെ പേരില്‍ വ്യാപക പണപ്പിരിവ്

കോഴിക്കോട്: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടത്തുന്ന പട്ടയ വിതരണ മേളയുടെ പേരില്‍ വ്യാപക പിരിവെന്ന് ആക്ഷേപം.
ഘോഷയാത്രയോടെയാണ് പട്ടയ വിതരണ മേള ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. തെയ്യം, ശിങ്കാരി മേളം, കാവടിയാട്ടം, ചെണ്ടമേള എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഘോഷയാത്രയാണ് തീരുമാനിച്ചിട്ടുള്ളത്. 16 ന് രാവിലെ സിവില്‍ സ്റ്റേഷനില്‍ നിന്നും ആരംഭിച്ച് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്ന സ്വപ്ന നഗരിയില്‍ സമാപിക്കുന്ന രീതിയിലാണ് ഘോഷയാത്ര ആസൂത്രണം ചെയ്തിട്ടുള്ളത്. എന്നാല്‍ വര്‍ണാഭമായ ഘോഷയാത്ര നടത്താനുള്ള ഉത്തരവാദിത്വം ജില്ലയിലെ വില്ലേജ് ഓഫീസര്‍മാരെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ഫണ്ടൊന്നും ഘോഷയാത്രയ്ക്കില്ലെന്നും അതുകൊണ്ട് വില്ലേജ് ഓഫീസര്‍മാര്‍ ഇതിന് വേണ്ട ഫണ്ട് കണ്ടെത്തണമെന്നുമാണ് നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്ന ആളുകളില്‍ നിന്നുള്‍പ്പെടെ പണപ്പിരിവ് നടത്തേണ്ട ഗതികേടിലാണ് വില്ലേജ് ഓഫീസര്‍മാര്‍.
പരിപാടിയ്ക്ക് വേണ്ട കമാനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വേണ്ട ഫണ്ട് കണ്ടെത്താന്‍   തഹസില്‍ദാര്‍മാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. പ്രമുഖ ബില്‍ഡേഴ്‌സ്, ബാങ്കുകള്‍ എന്നിവടങ്ങളില്‍ നിന്നെല്ലാം ഇതിന് വേണ്ടി ഫണ്ട് സ്വീകരിക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇതേ സമയം പരിപാടിയ്ക്ക് വേണ്ടിയുള്ള ഫണ്ടുകള്‍ ഉണ്ടായിട്ടും പട്ടയ മേളയുടെ ചുമതലക്കാരായ ഉദ്യോഗസ്ഥര്‍ പണം തട്ടാനാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നും ആക്ഷേപമുണ്ട്.
ഏറെ പരസ്യ പ്രചാരണങ്ങള്‍ നടത്തിയാണ് പട്ടയ വിതരണ മേള സംഘടിപ്പിച്ചിട്ടുള്ളത്. സ്വപ്ന നഗരിയില്‍ നടക്കുന്ന പരിപാടി കേന്ദ്ര  സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ് ഉദ്ഘാടനം ചെയ്യുക. മന്ത്രി   എം കെ മുനീര്‍ അധ്യക്ഷത വഹിക്കും.  മന്ത്രി അടൂര്‍ പ്രകാശാണ് പട്ടയ വിതരണം നിര്‍വ്വഹിക്കുക.

Leave a Reply