വുഹാൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും നടത്തിയ അനൗപചാരിക ഉച്ചകോടി സമാപിച്ചു.അതിർത്തിയിലെ സേനാവിഭാഗങ്ങൾ തമ്മിലുള്ള ആശയവിനിമയം വർധിപ്പിച്ച് സമാധാനം നിലനിർത്താനുള്ള സുപ്രധാന തീരുമാനത്തോടെ ഇന്ത്യ-ചൈന ഉച്ചകോടിയ്ക്ക് വിരമാമായത്.പുതിയ കരാറുകളും പ്രഖ്യാപനങ്ങളും ഇല്ല. മധ്യചൈനയിലെ ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനത്ത് രണ്ടുദിവസം നടന്ന ഉച്ചകോടിക്കു ശേഷം പ്രധാനമന്ത്രി ഇന്നലെ ഡൽഹിയിൽ തിരിച്ചെത്തി. അനൗപചാരിക ഉച്ചകോടി വീണ്ടും നടത്താൻ ധാരണയായിട്ടുണ്ട്.വുഹാനിലെ ശുദ്ധജല തടാകമായ ഈസ്റ്റ് ലേക്കിൽ ബോട്ടുസവാരിയും തടാകക്കരയിലൂടെ നടത്തവും ഉൾപ്പെടെ രണ്ടാം ദിവസവും നേതാക്കൾക്ക് തിരക്കുപിടിച്ച ദിനമായിരുന്നു ശനിയാഴ്ച. ഉച്ചയ്ക്ക് ഷി ഒരുക്കിയ ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് മോദി ഇന്ത്യയിലേക്കു മടങ്ങിയത്.
ഷിയുടെ ഇഷ്ട പരിപാടിയായ ബെൽറ്റ്-റോഡ് പദ്ധതിയിൽ ഇന്ത്യ ചേരണമെന്നു ചൈന നിർബന്ധിക്കില്ലെന്നു ചൈനീസ് ഉപവിദേശകാര്യമന്ത്രി കോംഗ് ഷുവാൻയു ഇന്നലെ പറഞ്ഞു. ഏഷ്യൻ രാജ്യങ്ങളെ ഒരൊറ്റ ചരക്കുഗതാഗത ശൃംഖലയിലാക്കുന്ന ഈ പദ്ധതിയോടു തുടക്കംമുതലേ ഇന്ത്യ എതിരായിരുന്നു.അഫ്ഗാനിസ്ഥാനിൽ ഒരു വികസനപദ്ധതി സംയുക്തമായി ഏറ്റെടുക്കാൻ ധാരണയായി. പദ്ധതി ഏതെന്നു നിശ്ചയിച്ചില്ല. പാക്കിസ്ഥാനെ മറികടന്ന് ഇന്ത്യയുമായി സഹകരിക്കും ചൈന എന്ന സന്ദേശമാണ് ഇതു നൽകുന്നത്.
ഇന്ത്യ അതിർത്തിയിലെ സമാധാനത്തിനു മുന്തിയ പരിഗണന നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു രാഷ്ട്രീയമായി അതേ സാധിക്കുമായിരുന്നുള്ളൂ എന്നതാണ് വസ്തുത. കഴിഞ്ഞവർഷത്തെ ഡോക ലാ സംഘർഷത്തെത്തുടർന്ന് ചൈനയുമായി നല്ലബന്ധം ഉണ്ടാക്കാൻ എളുപ്പമല്ലാതായി. 73 ദിവസം നീണ്ട സംഘർഷം വിസ്മരിച്ച് എല്ലാം പതിവുപോലെ എന്നു പറഞ്ഞ് സഹകരണവും ബന്ധവുംവർധിപ്പിക്കാനാകുമായിരുന്നില്ല.
2014-ൽ അധികാരമേറ്റ നരേന്ദ്രമോദിയെ കാണാൻ പ്രസിഡന്റ് ഷി ആദ്യം വന്ന അവസരത്തിലും അതിർത്തിയിൽ പ്രശ്നമുണ്ടായിരുന്നു. ലഡാഖിൽ ചൈനീസ് സേന അതിർത്തി ലംഘിച്ചു.അതിർത്തിയിലുള്ളവർ തമ്മിൽ ആശയവിനിമയം ശരിയായി നടന്നിരുന്നെങ്കിൽ ഡോക ലാ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല എന്ന നിലപാടാണ് ചൈനയ്ക്കുള്ളത്. അതിർത്തിയിലെ ഇരു സേനാവിഭാഗങ്ങളും തമ്മിൽ കൂടുതൽ ആശയവിനിമയവും സന്പർക്കവും പുലർത്താനുള്ള നിർദേശം മാത്രമായി ഉച്ചകോടിയുടെ ഫലം ചുരുങ്ങിയത് അങ്ങനെയാണ്.ഇതിനെ ഇന്ത്യ അംഗീകരിച്ചെന്നുവേണം കരുതാൻ. ചൈനീസ് നിലപാടിനൊരു മറുവശമുണ്ട്. അതായത് ഡോക ലാ ഒരു പ്രാദേശിക സൈനികനീക്കമായിരുന്നു, ചൈനീസ് ഭരണനേതൃത്വം അറിഞ്ഞതല്ലെന്ന്. അത് അംഗീകരിക്കുന്നതുപോലെയായി ഉച്ചകോടിയുടെ തീരുമാനം.ഡോക ലായിൽ ചൈന പിന്മാറാൻ തടസം നിന്നത് അന്നത്തെ ചൈനീസ് സേനാധിപൻ ജനറൽ ഫാംഗ് പെഗുയി ആണെന്നും അദ്ദേഹത്തെ മാറ്റിയ ശേഷമാണ് സംഘർഷം അവസാനിച്ചതെന്നും ചൈന ഇന്ത്യയെ ധരിപ്പിച്ചിട്ടുണ്ട്. ഫാംഗിനെ മാറ്റിയത് ഇതിന്റെ പേരിലാണെന്നതു വിശ്വാസ്യമല്ലെന്നു പലരും കരുതുന്നു. പക്ഷേ ഇന്ത്യ ഇപ്പോൾ ചൈനീസ് വാദം ശരിവച്ച മട്ടാണ്.ഏതായാലും അതിർത്തി ശാന്തമായി നിലനിന്നിട്ടേ മറ്റു കാര്യങ്ങൾ ഉള്ളൂ എന്ന ഇന്ത്യൻ നിലപാട് യുക്തിസഹമാണ്. സമാധാനം നിലനിന്നു കണ്ടിട്ടു മതി അതിർത്തി പ്രശ്നചർച്ച എന്നതാണ് രാഷ്ട്രീയമായി സ്വീകരിക്കാൻ പറ്റുന്ന നിലപാടും. തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്പോൾ നരേന്ദ്രമോദിക്കു മറ്റുവഴികൾ ഇല്ലതാനും. ഏതായാലും ഇരു രാജ്യങ്ങളും തമ്മില് മഞ്ഞുരുകിത്തുടങ്ങി എന്നത് ശുഭോദര്ക്കമാണ്.